ഫാസ്ടാഗ് ചട്ടങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം! ശ്രദ്ധിച്ചില്ലെങ്കില്‍ ഇരട്ടിത്തുക, അധിക ബാധ്യത എങ്ങനെ ഒഴിവാക്കാം

യാത്രക്കിറങ്ങുമ്പോള്‍ ഫാസ്ടാഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്
fastag, nhai toll plaza
canva
Published on

രാജ്യത്തെ ഫാസ്ടാഗ് ചട്ടങ്ങളില്‍ ഫെബ്രുവരി 17 മുതല്‍ മാറ്റം വരുത്താന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ). തട്ടിപ്പുകള്‍ തടയാനും ടോള്‍ പിരിവ് കാര്യക്ഷമം ആക്കാനുമാണ് മാറ്റമെന്നാണ് വിശദീകരണം. നിയമലംഘനം നടത്തുന്നവരില്‍ നിന്നും ഇരട്ടി ടോള്‍ തുക ഈടാക്കാന്‍ വരെ സാധിക്കുന്ന തരത്തിലാണ് പുതിയ ചട്ടങ്ങള്‍. ഈ സാഹചര്യത്തില്‍ ടോള്‍പ്ലാസകളിലെ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

പ്രധാന മാറ്റങ്ങള്‍

ഇക്കൊല്ലം ജനുവരി 28ന് എന്‍.പി.സി.ഐ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരമുള്ള മാറ്റങ്ങള്‍ ഇവയൊക്കെയാണ്.

- ബ്ലാക്ക് ലിസ്റ്റഡ് ഫാസ്ടാഗ് - ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട ഫാസ് ടാഗുമായി ടോള്‍ പ്ലാസയിലെത്തിയിട്ടും കാര്യമില്ല. ഇടപാട് നടത്താനാകില്ല. ടോള്‍ പ്ലാസയിലെത്തുന്നതിന് 10 മിനിറ്റ് മുമ്പ് ബ്ലാക്ക് ലിസ്റ്റിലായ ഫാസ്ടാഗുകള്‍ വഴിയുള്ള ഇടപാടുകളും നിരസിക്കപ്പെടും. ബാലന്‍സ് ഇല്ലാതിരിക്കുക, കെ.വൈ.സി പൂര്‍ത്തിയാകാതിരിക്കുക, വ്യത്യസ്ത ചേസിസ് നമ്പരും വാഹന രജിസ്‌ട്രേഷനും, നിയമനടപടി നേരിടുന്ന വാഹനങ്ങള്‍ എന്നീ സാഹചര്യങ്ങളിലാണ് സാധാരണ ഫാസ്ടാഗുകള്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുന്നത്.

- വാഹനം ടോള്‍ പ്ലാസയിലെത്തുമ്പോള്‍ ഫാസ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇരട്ടി ടോള്‍ നല്‍കേണ്ടി വരും. എന്നാല്‍ പ്രസ്തുത വാഹനം ടോള്‍ പ്ലാസ കടന്ന് 10 മിനിറ്റിനുള്ളില്‍ ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ പിഴത്തുക തിരികെ ലഭിക്കാനുള്ള ഓപ്ഷനുണ്ട്.

- ടോള്‍ പ്ലാസയിലെത്തുന്നതിന് 60 മിനിറ്റ് മുമ്പ് ഫാസ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാന നിമിഷം റീച്ചാര്‍ജ് ചെയ്യാന്‍ കഴിയില്ല.

- ഇടപാടുകള്‍ വൈകിയാലും കുടുങ്ങും - ടോള്‍ പ്ലാസയില്‍ കൂടി വാഹനം കടന്നുപോയതിന് ശേഷം 15 മിനിറ്റിനുള്ളില്‍ പേയെമെന്റ് പ്രോസസ് ആയില്ലെങ്കിലും അധിക ചാര്‍ജ് നല്‍കേണ്ടി വരും.

എങ്ങനെ തടയാം

  • ഫാസ്ടാഗ് അക്കൗണ്ടില്‍ എപ്പോഴും ആവശ്യത്തിന് ബാലന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തുക

  • ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ എപ്പോഴും ഫാസ്ടാഗ് സ്റ്റാറ്റസ് പരിശോധിക്കുക

  • ഇടപാട് നടക്കുന്ന സമയത്ത് പേയ്‌മെന്റ് വൈകുന്നുണ്ടോ എന്ന് പരിശോധിക്കുക

  • ടോള്‍ പ്ലാസകളിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഫാസ്ടാഗ് എപ്പോഴും ആക്ടീവ് ആയി നിലനിര്‍ത്തുക. എന്‍.പി.സി.ഐയുടെ വെബ്‌സൈറ്റിലെത്തിയാല്‍ ( https://www.npci.org.in/what-we-do/netc-fastag/check-your-netc-fastag-status ) ഫാസ്ടാഗ് ആക്ടീവ് ആണോ ഇല്ലയോ എന്നറിയാന്‍ പറ്റും. ഫാസ്ടാഗ് കസ്റ്റമര്‍ പോര്‍ട്ടല്‍ വഴിയും എസ്.എം.എസ് അലര്‍ട്ടുകളിലൂടെയും ഫാസ്ടാഗ് കൃത്യമായി ട്രാക്ക് ചെയ്യാന്‍ പറ്റും.

നിങ്ങളുടെ ഫാസ്ടാഗ് ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ ഇത് മാറ്റുന്നതിനുള്ള മാര്‍ഗങ്ങളും സാധ്യമാണ്. ഫാസ്ടാഗ് അക്കൗണ്ട് മിനിമം തുകക്കെങ്കിലും റീച്ചാര്‍ജ് ചെയ്യുകയാണ് ആദ്യ കടമ്പ. ഇടപാട് കൃത്യമായി നടന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ സിസ്റ്റത്തില്‍ ഇക്കാര്യം അപ്‌ഡേറ്റാകും. ടോള്‍ പ്ലാസകളില്‍ അനാവശ്യമായി സമയം കളയുന്നതിന് പകരം യാത്രക്കിറങ്ങുമ്പോള്‍ ഫാസ്ടാഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com