

കേരളത്തിന്റെ അയല്‍ നഗരങ്ങളില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദാബിയിലേക്ക് പുതിയ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. കോയമ്പത്തൂര്‍,മംഗലാപുരം,തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് ഒമ്പത് മുതലാണ് ആരംഭിക്കുന്നത്. എല്ലാ ദിവസവും സര്‍വ്വീസ് ഉണ്ടാകും. കോയമ്പത്തൂരില്‍ നിന്ന് ഓഗസ്റ്റ് പത്തിന് തുടങ്ങുന്ന സര്‍വ്വീസ് ആഴ്ചയില്‍ മൂന്നു ദിവസമാണ് ഉണ്ടാകുക. തിരുച്ചിറപ്പള്ളിയില്‍ നിന്ന് ആഴ്ചയില്‍ നാലു ദിവസം സര്‍വ്വീസ് ഉണ്ടാകും. ഓഗസ്റ്റ് 11 നാണ് കന്നിയാത്ര.
പ്രവാസി മലയാളികള്‍ക്കും ഗുണകരം
ഇന്‍ഡിഗോയുടെ പുതിയ അബുദാബി സര്‍വ്വീസുകള്‍ കേരളത്തില്‍ നിന്ന് അല്ലെങ്കിലും ഈ വിമാനങ്ങള്‍ മലയാളികള്‍ക്കും ഗുണകരമാകും. കോയമ്പത്തൂരില്‍ നിന്നുള്ള സര്‍വ്വീസ് പാലക്കാട്,തൃശൂര്‍,മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പ്രയോജനകരമാണ്. മംഗലാപുരത്തു നിന്നുള്ള സര്‍വ്വീസുകള്‍ കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ഗുണകരമാകും. കോയമ്പത്തൂരിലേക്കും മംഗലാപുരത്തേക്കും ഒട്ടേറെ ട്രെയിന്‍ സര്‍വ്വീസകള്‍ ഉണ്ടെന്നത് യു.എ.ഇ യാത്രക്കാരെ ഈ നഗരങ്ങളില്‍ നിന്ന് വിമാനയാത്രക്ക് പ്രേരിപ്പിക്കും.
ബംഗളുരുവില്‍ നിന്ന് ഓഗസ്റ്റ് ഒന്ന് മുതല്‍
ബംഗളൂരുവില്‍ നിന്ന് അബുദാബിയിലേക്ക് പുതിയ സര്‍വ്വീസ് ഇന്‍ഡിഗോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് ഒന്ന് മുതലാണ് ഇത് തുടങ്ങുന്നത്. ആഴ്ചയില്‍ ആറു സര്‍വ്വീസുകളാണ് ഉള്ളത്. യു.എ.ഇയെ ദക്ഷിണേന്ത്യയുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിനുള്ള ഇന്‍ഡിഗോയുടെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങള്‍. രാജ്യത്തെ 13 നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് ആഴ്ചയില്‍ 89 നോണ്‍ സ്‌റ്റോപ്പ് സര്‍വ്വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നതെന്ന് ഗ്ലോബല്‍ സെയ്ല്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine