ഭാരത് പെട്രോളിയം സ്വകാര്യവല്‍കരണം ഇപ്പോള്‍ പരിഗണനയിലില്ല: പെട്രോളിയം മന്ത്രി

പൊതുമേഖല എണ്ണവിതരണ കമ്പനികളിലെ വമ്പന്മാരായ ഭാരത് പെട്രോളിയം കോര്‍പറേഷനെ (ബി.പി.സി.എല്‍) സ്വകാര്യവല്‍ക്കരിക്കുന്ന കാര്യം പരിഗണനയിലേ ഇല്ലെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പുരി നിലപാട് വ്യക്തമാക്കിയത്.

വലിയ ലാഭത്തില്‍ പോകുന്ന ബി.പി.സി.എല്‍ പോലുള്ള പൊതുമേഖല സ്ഥാപനങ്ങളെ എന്തിനാണ് സ്വകാര്യവല്‍ക്കരിക്കുന്നത്? നിലവില്‍ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് യാതൊരു പദ്ധതികളുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബി.പി.സി.എല്ലില്‍ കേന്ദ്രത്തിന് 52.98 ശതമാനം ഓഹരികളാണുള്ളത്. ഇത് പൂര്‍ണമായും വിറ്റൊഴിവാക്കാന്‍ കേന്ദ്രം മുമ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഓഹരി വാങ്ങാന്‍ വേണ്ടത്ര അന്വേഷണം വരാത്തതിനാല്‍ സ്വകാര്യവല്‍ക്കരണം പാളുകയായിരുന്നു.

കൃഷ്ണ ഗോദാവരി ബ്ലോക്കില്‍ ഓയില്‍ ഖനനം വര്‍ധിപ്പിക്കുമെന്നും മന്ത്രി പുരി വ്യക്തമാക്കി. പ്രതിദിനം 45,000 ബാരലിലേക്ക് ഉയര്‍ത്താനാണ് പദ്ധതി. ചെന്നൈ നാഗപ്പട്ടണത്തെ റിഫൈനറിയില്‍ 33,023 കോടി രൂപയുടെ വികസനപ്രവര്‍ത്തനത്തിനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഗ്രീന്‍ഫീല്‍ഡ് റിഫൈനറികള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ബി.പി.സി.എല്ലെന്നു വ്യക്തമാക്കിയ പുരി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.

ഇന്ധനവില കുറയ്ക്കുമോ?

ആഗോള വിപണിയില്‍ എണ്ണവില വലിയതോതില്‍ കുറയാത്തതിനാല്‍ ഇന്ധന വില കുറയ്ക്കാന്‍ പദ്ധതിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. ക്രൂഡ് ഓയില്‍ വില 80 ഡോളറില്‍ താഴേക്ക് തുടര്‍ച്ചയായി വരികയാണെങ്കില്‍ മാത്രമേ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവു വരുത്താന്‍ സാധിക്കുകയുള്ളൂ. ഗതാഗത ചെലവ്, ഇന്‍ഷുറന്‍സ് ചെലവ് എന്നിവ ക്രൂഡ് ഓയില്‍ വിലയെ സ്വാധീനിക്കുന്നുണ്ട്. പെട്രോള്‍, ഡീസല്‍, പ്രകൃതിവാതകം എന്നിവയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും പൂരി വ്യക്തമാക്കി. സുരേഷ് ഗോപിയാണ് പെട്രോളിയം വകുപ്പിന്റെ സഹമന്ത്രി.

എളുപ്പമാകില്ല ഇനി കാര്യങ്ങള്‍

പുതിയ എന്‍.ഡി.എ സര്‍ക്കാരില്‍ സഖ്യകക്ഷികള്‍ക്ക് വലിയ സ്വാധീനമുള്ളതിനാല്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്പന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഴയതുപോലെ എളുപ്പമാകില്ല. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും സ്വകാര്യവല്‍ക്കരണത്തിനോട് പൂര്‍ണമായി അനുകൂലിക്കുന്ന നേതാക്കളുമല്ല. ഇക്കാര്യങ്ങളാല്‍ ഓഹരിവില്പന അടക്കമുള്ള കാര്യങ്ങള്‍ മോദിക്ക് പ്രയാസമാകും.
Related Articles
Next Story
Videos
Share it