

നിലവിലുള്ള ആദായ നികുതി നിയമത്തിനു പകരമുള്ള ആദായനികുതി ബില്‍ -2025 പാര്‍ലമെന്റില്‍. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്‍ വിശദ പരിശോധനകള്‍ക്ക് സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള നിര്‍ദേശവും ധനമന്ത്രി സ്പീക്കറുടെ പരിഗണനക്ക് വെച്ചു. സ്പീക്കര്‍ അംഗീകരിക്കുന്ന മുറക്ക് സെലക്ട് കമ്മിറ്റി രൂപീകരിക്കും. ഈ സമിതിയുടെ ശിപാര്‍ശകള്‍ കൂടി മാനിച്ച് 2026 ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിയമ വ്യവസ്ഥകള്‍ക്ക് പ്രാബല്യം വരത്തക്ക വിധം തുടര്‍നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തെ നികുതി നിര്‍ണയം നിലവിലെ നിയമപ്രകാരമായിരിക്കും.
ആദായ നികുതി ബില്‍-2025 മുഴുവനായി വായിക്കാന്‍ ചുവടെയുള്ള പി.ഡി.എഫ് ഫയലില്‍ ക്ലിക് ചെയ്യുക
622 പേജുകളിലേക്ക് ചുരുക്കി ലളിതമായ ഭാഷയിലാണ് പുതിയ ബില്‍ തയാറാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി വിശദീകരിച്ചു. പഴയ നിയമ വ്യവസ്ഥകള്‍ മിക്കവാറും അതേപടി തുടരുകയായതിനാല്‍ പുതിയൊരു നിയമ നിര്‍മാണത്തിന്റെ ആവശ്യമില്ലെന്ന പ്രതിപക്ഷ വാദം ധനമന്ത്രി തള്ളിക്കളഞ്ഞു. മനസിലാക്കാന്‍ പ്രയാസമുള്ള ഭാഷാ പ്രയോഗങ്ങളെല്ലാം ഒഴിവാക്കി കഴിയുന്നത്ര സിംപിളായാണ് ബില്‍ തയാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
അസസ്‌മെന്റ് ഇയര്‍, പ്രീവിയസ് ഇയര്‍, ഫിനാന്‍ഷ്യല്‍ ഇയര്‍ തുടങ്ങിയ നിലവിലെ പ്രയോഗങ്ങള്‍ മാറ്റി, ടാക്‌സ് ഇയര്‍ എന്ന് ഏകീകരിക്കുന്നതാണ് പുതിയ ബില്ലിലെ മാറ്റങ്ങളിലൊന്ന്. ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ 12 മാസമാണ് ടാക്‌സ് ഇയര്‍.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡായ സി.ബി.ഡി.റ്റിക്ക് കൂടുതല്‍ അധികാരം ലഭിക്കും. നിലവിലെ നിയമ പ്രകാരം, ഏതു വ്യവസ്ഥാ മാറ്റത്തിനും പാര്‍ലമെന്റിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ഭരണപരമായ ഭേദഗതികള്‍ക്ക് ഇനി സി.ബി.ഡി.റ്റിക്ക് അധികാരം ലഭിക്കും.
നിലവിലെ നികുതി നിരക്കുകളിലോ സ്ലാബുകളിലോ ഒരു മാറ്റവുമില്ല.
Read DhanamOnline in English
Subscribe to Dhanam Magazine