rooftop solar plants
Image Courtesy: Canva

സോളാര്‍ സിസ്റ്റത്തിനായി പുരപ്പുറങ്ങള്‍ വാടകയ്ക്ക് നല്‍കി വരുമാനം നേടാം, 5 വര്‍ഷം കൊണ്ട് ഉടമസ്ഥാവകാശവും സ്വന്തമാക്കാം

സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനോ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ വീട്ടുടമസ്ഥർ പണം ചെലവഴിക്കേണ്ടതില്ല
Published on

വൈദ്യുതി പ്രതിസന്ധി കനത്ത രീതിയില്‍ നേരിടുന്ന സംസ്ഥാനമാണ് കേരളം. അടുത്തടുത്ത് വീടുകള്‍ ധാരാളമുളള പ്രദേശമായ കേരളത്തില്‍ ഏറ്റവും അനുയോജ്യമാണ് പുരപ്പുറ സോളാര്‍ സിസ്റ്റങ്ങള്‍. ഇതിനു സഹായകരമായ ഒരു പദ്ധതി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

വീടുകളുടെ ഒഴിഞ്ഞു കിടക്കുന്ന മുകള്‍ഭാഗം വാടകയ്ക്ക് നല്‍കി വരുമാനം നേടാവുന്ന പദ്ധതിയാണ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയ്ക്ക് കീഴിലാണ് പദ്ധതി അവതരിപ്പിക്കുന്നത്.

ഒഴിഞ്ഞു കിടക്കുന്ന പുരപ്പുറങ്ങള്‍ വിനിയോഗിക്കാം

മേൽക്കൂരകൾ ഉപയോഗിക്കുന്നതിന് പകരമായി വാടകയോ വൈദ്യുതിയോ സ്വീകരിക്കുന്നതിനുള്ള ഓപ്ഷനാണ് പദ്ധതിയുടെ കീഴില്‍ കൊണ്ടു വരിക.

റിന്യൂവബിൾ എനർജി സർവീസ് കമ്പനികൾക്കാണ് (RESCO) മേൽക്കൂരകൾ പാട്ടത്തിന് നൽകാന്‍ സാധിക്കുക. ഇതുസംബന്ധിച്ച കരട് മാർഗനിർദ്ദേശങ്ങൾ കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയം പുറപ്പെടുവിച്ചു.

പുരപ്പുറങ്ങളില്‍ സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനോ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ വേണ്ടി വീട്ടുടമസ്ഥർ പണം ചെലവഴിക്കേണ്ട ആവശ്യമില്ല.

എല്ലാ കാര്യങ്ങളും എനർജി സർവീസ് കമ്പനികൾ ഏറ്റെടുക്കുന്നതാണ്. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി അനുസരിച്ച് വീടുടമസ്ഥര്‍ക്ക് ഇതില്‍ നിന്ന് വാടക ഇനത്തില്‍ വരുമാനം ലഭിക്കുന്നതാണ്.

ഉടമസ്ഥാവകാശവും ലഭിക്കും

അഞ്ച് വർഷത്തിന് ശേഷം സോളാർ പ്ലാന്റിന്റെ ഉടമസ്ഥാവകാശം വീട്ടുടമസ്ഥന് ലഭിക്കുന്നതാണ്. സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾക്കും കെ.എസ്.ഇ.ബി പോലുള്ള ഏജന്‍സികള്‍ക്കും ഈ സോളാർ സിസ്റ്റങ്ങൾ സ്ഥാപിക്കാൻ കഴിയും. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടുടമസ്ഥര്‍ക്ക് ആവശ്യമില്ലെങ്കിൽ, അത് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് വിൽക്കാനുളള സൗകര്യങ്ങളും ഉണ്ടായിരിക്കും.

കെ.എസ്.ഇ.ബിയുടെ സൗര സംരംഭം പോലെയുള്ള മേൽക്കൂര സോളാർ പദ്ധതികൾ നടപ്പിലാക്കുന്നതിന് മുൻ കാലങ്ങളില്‍ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.

സൗരോർജ പദ്ധതികളിൽ പങ്കാളികളാകാൻ കൂടുതല്‍ വീട്ടുടമസ്ഥരെ പ്രോത്സാഹിപ്പിക്കാനും അവർക്ക് അധിക വരുമാനം നൽകാനും അവരുടെ വൈദ്യുതി ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com