പുതിയ ലേബര്‍ കോഡിലെ 'അടിസ്ഥാന ശമ്പള' മാറ്റം ജീവനക്കാര്‍ക്ക് ഗുണമോ ദോഷമോ?

പുതിയ ലേബര്‍ കോഡില്‍ അടിസ്ഥാന ശമ്പളത്തില്‍ കൊണ്ടുവരുന്ന മാറ്റം ജീവനക്കാരുടെ ശമ്പളത്തിലടക്കം പ്രതിഫലിക്കും.
പുതിയ ലേബര്‍ കോഡിലെ 'അടിസ്ഥാന ശമ്പള' മാറ്റം ജീവനക്കാര്‍ക്ക് ഗുണമോ ദോഷമോ?
Published on

കഴിഞ്ഞ ദിവസമാണ് പുതിയ ലേബര്‍ കോഡ് പ്രാബല്യത്തില്‍ വന്നത്. തൊഴില്‍ മേഖലയില്‍ സമഗ്ര മാറ്റം ലക്ഷ്യമിട്ടാണ് പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് കേന്ദ്രം ഈ മാറ്റങ്ങള്‍ കൊണ്ടുവന്നത്. രാജ്യത്തിന്റെ പുരോഗതിയുടെ വേഗത വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരംക്ഷിക്കാനുമാണ് പുതിയ ലേബര്‍ കോഡെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വേതനം പരിഷ്‌കരിക്കും. വേതന നിരക്കിന് സ്ത്രീ-പുരുഷ വ്യത്യാസമില്ല. മിനിമം വേതനം കൊടുത്തില്ലെങ്കില്‍ പിഴയും ആവര്‍ത്തിച്ചാല്‍ ശിക്ഷയും തുടങ്ങി നിരവധി വ്യവസ്ഥകള്‍ പുതിയ ലേബര്‍ കോഡിലുണ്ട്.

പിഎഫ് വിഹിതം ഉയരും

പുതിയ ലേബര്‍ കോഡില്‍ അടിസ്ഥാന ശമ്പളത്തില്‍ കൊണ്ടുവരുന്ന മാറ്റം ജീവനക്കാരുടെ ശമ്പളത്തിലടക്കം പ്രതിഫലിക്കും. ഇനി മുതല്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തില്‍ താഴാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ഇത് ജീവനക്കാര്‍ക്ക് ദീര്‍ഘകാലടിസ്ഥാനത്തില്‍ ഗുണവും തൊഴിലുടമകള്‍ക്ക് ദോഷകരവുമാണ്.

പിഎഫ് വിഹിതം കുറയ്ക്കുന്നതിനായി പല കമ്പനികളും അടിസ്ഥാന ശമ്പളം കുറച്ചാണ് കാണിക്കുന്നത്. പകരം മറ്റ് തരത്തിലുള്ള അലവന്‍സുകള്‍ കൂട്ടി കാണിക്കുന്നു. അടിസ്ഥാന ശമ്പളത്തിന്റെ വിഹിതമാണ് പിഎഫും ഗ്രാറ്റുവിറ്റിയും. ഈ ബാധ്യതയില്‍ കുറവു വരുത്തുന്നതിനാണ് കമ്പനികള്‍ അടിസ്ഥാന ശമ്പളം കുറച്ചു കാണിക്കുന്നത്. ഇനി മുതല്‍ ഇത് പറ്റില്ല.

അടിസ്ഥാന ശമ്പളം 50 ശതമാനത്തില്‍ താഴാതിരിക്കുന്നത് വിരമിക്കുന്ന സമയത്ത് നല്ലൊരു തുക കൈയിലെത്താന്‍ ജീവനക്കാര്‍ക്ക് വഴിയൊരുക്കും. അതേസമയം, ജീവനക്കാരുടെ വിഹിതമായി കൂടുതല്‍ തുക പിഎഫിലേക്ക് പിടിക്കുന്ന അവസ്ഥയുണ്ടാക്കും. ഇത് ശമ്പളത്തില്‍ കുറവിന് കാരണമാകും.

നിലവില്‍ പിഎഫ് വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ്. പുതിയ ലേബര്‍ കോഡ് പ്രകാരം അടിസ്ഥാന ശമ്പളം 50 ശതമാനത്തില്‍ കുറവ് കാണിച്ചിരിക്കുന്ന കമ്പനികള്‍ ഇത് കൂട്ടേണ്ടി വരും. അങ്ങനെ സംഭവിക്കുമ്പോള്‍ പിഎഫ് വിഹിതവും വര്‍ധിക്കും. അടിസ്ഥാന ശമ്പളത്തില്‍ വലിയ മാറ്റം വരുമ്പോള്‍ ജീവനക്കാരുടെ പിഎഫ് വിഹിതവും ഉയരും. പിഎഫിലേക്കുള്ള വിഹിതം കൂടുമെന്നത് നേട്ടമാകുമ്പോള്‍ തന്നെ പ്രതിമാസ ശമ്പളം കുറയാനും പുതിയ മാറ്റം വഴിയൊരുക്കും.

വിരമിക്കുന്ന സമയത്ത് കൂടുതല്‍ തുക പിഎഫില്‍ നിന്ന് ലഭിക്കാന്‍ പുതിയ ലേബര്‍ കോഡിലെ വ്യവസ്ഥകള്‍ ഗുണംചെയ്യും. അതേസമയം, ശമ്പളത്തില്‍ കുറവ് വരുന്നത് ബജറ്റ് താളംതെറ്റുന്നതിന് ഇടയാക്കിയേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com