Begin typing your search above and press return to search.
മലയാളിക്കു മുന്നില്‍ മാള്‍ട്ടയും വാതില്‍ അടക്കുന്നു? കുടിയേറ്റ നയം മാറ്റാന്‍ നീക്കം
യൂറോപ് സ്വപ്‌നം കാണുന്നവരില്‍ പലരും ആദ്യം മാള്‍ട്ടയിലെത്തി പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നതായിരുന്നു പതിവ്
യൂറോപ്യന്‍ കുടിയേറ്റം ലക്ഷ്യമിടുന്ന മലയാളികളുടെ വാതില്‍ എന്നറിയപ്പെടുന്ന മാള്‍ട്ടയിലേക്കുള്ള ഒഴുക്ക് സമീപഭാവിയില്‍ നിലച്ചേക്കും. ഇപ്പോള്‍ തന്നെ നിയന്ത്രണം ശക്തമാക്കിയ മാള്‍ട്ട സര്‍ക്കാര്‍ കൂടുതല്‍ കര്‍ശന ഉപാധികള്‍ മുന്നോട്ടു വയ്ക്കാന്‍ ഒരുങ്ങുകയാണ്. വിദേശ തൊഴിലാളികള്‍ക്കായി പുതിയ തൊഴില്‍ കുടിയേറ്റ നയം അടുത്തു തന്നെ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി റോബര്‍ട്ട് അബെല വ്യക്തമാക്കിയിട്ടുണ്ട്. മാള്‍ട്ട സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം.
കടുപ്പിക്കാന്‍ സര്‍ക്കാര്‍
സ്വദേശിവല്‍ക്കരണത്തിനാണ് തങ്ങള്‍ തയാറെടുക്കുന്നതെന്ന സൂചനയാണ് റോബര്‍ട്ട് അബെല പരോക്ഷമായി നല്‍കുന്നത്. തൊഴില്‍ മേഖലകളില്‍ വിദേശികളെ തടയില്ലെങ്കിലും സ്വദേശികള്‍ക്ക് പരമാവധി തൊഴില്‍ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തിലൂന്നി മുന്നോട്ടു പോകുമെന്ന സൂചനകളാണ് വരുന്നത്.
മാള്‍ട്ടയ്ക്ക് ആവശ്യമുള്ള വിദേശ തൊഴിലാളികളെ മാത്രമേ ഇനി സ്വീകരിക്കുകയുള്ളൂ. ഞങ്ങള്‍ക്ക് ആവശ്യമുള്ളവര്‍ക്ക് വരാം. പക്ഷേ ആവശ്യമില്ലാത്തവര്‍ പ്രവേശിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം തന്നെ പുതിയ തൊഴില്‍ കുടിയേറ്റ നയം രൂപീകരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം മന്ത്രിസഭ യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ പറുദീസ
യൂറോപ്പിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ ആദ്യം മാള്‍ട്ടയിലെത്തി പിന്നീട് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ മികച്ച അവസരങ്ങള്‍ സ്വന്തമാക്കുന്നതായിരുന്നു രീതി. ആയിരക്കണക്കിന് മലയാളികള്‍ മാള്‍ട്ടയില്‍ വിവിധ തൊഴില്‍ രംഗങ്ങളില്‍ പണിയെടുക്കുന്നുണ്ട്. നഴ്‌സിംഗ്, ഡ്രൈവിംഗ്, ടൂറിസം രംഗങ്ങളിലാണ് കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ വര്‍ക്ക് വീസ കടുപ്പിച്ചതോടെ അടുത്ത കാലത്തായി മാള്‍ട്ടയിലേക്കുള്ള ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. നികുതിയും ജീവിത ചെലവും വര്‍ധിച്ചതും മലയാളികള്‍ക്ക് തിരിച്ചടിയാണ്.
2023ല്‍ 28,000 വിദേശികള്‍ക്കാണ് മാള്‍ട്ട വര്‍ക്ക് പെര്‍മിറ്റ് നല്‍കിയത്. ഇത് റെക്കോഡാണ്. മാള്‍ട്ടയുടെ ജനസംഖ്യയില്‍ വിദേശീയരുടെ എണ്ണം വര്‍ധിച്ചത് 15.3 ശതമാനത്തിന് മുകളിലാണ്. സ്വദേശികളുടേത് വെറും 0.1 ശതമാനവും. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന് പുറത്തു നിന്ന് മാള്‍ട്ടയിലേക്ക് വര്‍ക്ക് വീസയിലെത്തിയവരില്‍ 11,000ത്തോളം പേര്‍ ഇന്ത്യക്കാരാണ്. ഈ വര്‍ഷം ജനുവരിയില്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷയ്ക്കുള്ള ഫീസ് മാള്‍ട്ട വര്‍ധിപ്പിച്ചിരുന്നു.
Next Story
Videos