Begin typing your search above and press return to search.
മൈലേജില്‍ ഞെട്ടിക്കും, ഒപ്പം അടിമുടി മാറ്റങ്ങള്‍; വരവിന് മുമ്പേ തരംഗമായി പുതിയ മാരുതി സ്വിഫ്റ്റ്
ലുക്കിലും പെര്‍ഫോമന്‍സിലും അടിമുടി മാറ്റങ്ങളുമായി എത്തുന്ന പുതിയ മാരുതി സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപയ്ക്ക് ഉപയോക്താക്കള്‍ക്ക് മുന്‍കുട്ടി ബുക്ക് ചെയ്യാം. നാലാം തലമുറയില്‍പ്പെട്ട പുതിയ മോഡല്‍ ഈ മാസം ഒന്‍പതിന് അവതരിപ്പിക്കും. അതിനു മുമ്പേ പക്ഷേ പുതിയ മോഡലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചോര്‍ന്നിട്ടുണ്ട്. 6.5 ലക്ഷം രൂപ മുതലാകും എക്‌സ്‌ഷോറും വില ആരംഭിക്കുന്നതെന്നാണ് സൂചന.
മുന്‍ മോഡലുകളെ അപേക്ഷിച്ച് നാലാംതലമുറ സ്വിഫ്റ്റിന് വില അല്പം കൂടുതലായിരിക്കും. 25.72 കിലോമീറ്ററാകും മൈലേജ് എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നിലവിലുള്ള മോഡലുകള്‍ക്ക് 22.38 കിലോമീറ്ററായിരുന്നു മൈലേജ്. പുതിയ മോഡലിന്റെ ഉയര്‍ന്ന ഇന്ധനക്ഷമത വാഹനപ്രേമികളെ സന്തോഷിപ്പിക്കും.
ഇന്ത്യയില്‍ സവിശേഷതകള്‍ കുറഞ്ഞേക്കും
ജപ്പാന്‍, യു.കെ തുടങ്ങിയ ആഗോള വിപണികളില്‍ അവതരിപ്പിച്ച ശേഷമാണ് മാരുതി നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യയിലെത്തിക്കുന്നത്. എന്നാല്‍ ജപ്പാനില്‍ ഇറക്കിയ മോഡലുകളിലെ ചില ഫീച്ചറുകള്‍ ഇന്ത്യയില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷയില്‍ വിട്ടുവീഴ്ചകളില്ലാതെയാകും സ്വിഫ്റ്റിന്റെ വരവ്. ആദ്യമായി ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അടുത്തിടെ ജപ്പാനിലെ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ ഈ മോഡലിന് 99 ശതമാനം സ്‌കോറോടെ ഫോര്‍ സ്റ്റാര്‍ സുരക്ഷാ റേറ്റിംഗാണ് ലഭിച്ചത്. ഹാച്ച്ബാക്ക് കൂട്ടിയിടി സുരക്ഷാ പ്രകടനത്തില്‍ 81 ശതമാനം സ്‌കോര്‍ ചെയ്തു. ഇന്ത്യയിലെത്തുമ്പോള്‍ ഇത്രയും റേറ്റിംഗ് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നിലവിലെ സ്വിഫ്റ്റിലുള്ള 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിന് പകരമായി ഇസഡ് സീരീസ് 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ സ്വിഫ്റ്റില്‍ നല്‍കുക. കെ-സീരീസ് എന്‍ജിന്‍ ഉത്പാദിപ്പിച്ചിരുന്ന 90 എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കും പുതിയ എന്‍ജിനും ലഭിക്കും.
ഉയര്‍ന്ന ഇന്ധനക്ഷമത, കുറഞ്ഞ എമിഷന്‍ എന്നിവയാണ് എന്‍ജിന്റെ ഹൈലൈറ്റ്. ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ്, ടാറ്റ ടിയാഗോ, സിട്രോണ്‍ സി3 എന്നിവയാണ് മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പ്രധാന എതിരാളികള്‍.
Next Story
Videos