ആശ്വാസം! 15 വര്‍ഷം കഴിഞ്ഞാലും വാഹനങ്ങള്‍ പൊളിക്കേണ്ട; അടിമുടി പരിഷ്‌കാരത്തിന് കേന്ദ്രം

കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാനുള്ള നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കുന്ന സ്‌ക്രാപ്പേജ് നയത്തില്‍ വര്‍ഷക്കണക്ക് ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കാലപ്പഴക്കം നിര്‍ണയിക്കാന്‍ വര്‍ഷത്തിന് പകരം മലിനീകരണ തോത് നിശ്ചയിക്കും.
നിശ്ചിത പരിധിക്ക് മുകളില്‍ മലിനീകരണ തോത് ഉയര്‍ന്ന വാഹനങ്ങള്‍ പൊളിക്കേണ്ടി വരും. ഇതിനായി നിയമഭേദഗതി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. പുതിയ കേന്ദ്രീകൃത സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് ഗതാഗത മന്ത്രാലയ സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു.
15 വര്‍ഷത്തിലധികം പഴക്കമുള്ള 35 ലക്ഷം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. ഇത്തരം വാഹനങ്ങള്‍ പൊളിക്കുന്നതില്‍ നിന്ന് ഉടമകള്‍ക്ക് രക്ഷനേടാന്‍ പുതിയ നയംമൂലം സാധിക്കും. 2021ല്‍ പുതിയ പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വന്നശേഷം ഒരു ലക്ഷത്തിലധികം വാഹനങ്ങളാണ് രാജ്യത്ത് പൊളിച്ചത്. കേരളത്തിലാകട്ടെ 2,253 വാഹനങ്ങളും.

കേരളത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍

വാഹനങ്ങള്‍ പൊളിക്കുന്നതിന് കേരളത്തില്‍ മൂന്ന് കേന്ദ്രങ്ങളാണ് തുടങ്ങുന്നത്. തെക്കന്‍ മേഖലയിലേത് തിരുവനന്തപുരത്ത് വരും. മധ്യ, വടക്കന്‍ മേഖലകളില്‍ പൊളിക്കല്‍ കേന്ദ്രം തുടങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടി ഉടനുണ്ടാകും. വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള ബ്രെത്ത്വെയിറ്റ് ആന്‍ഡ് കോ ലിമിറ്റഡുമായി ചേര്‍ന്നാണ് തിരുവനന്തപുരത്ത് പൊളിക്കല്‍ കേന്ദ്രം തുടങ്ങുന്നത്.

വാഹനം പൊളിക്കല്‍ നയം എന്താണ്?

2021 ഓഗസ്റ്റിലാണ് പഴയ വാഹനങ്ങള്‍ പൊളിക്കാനായി കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസിക്ക് രൂപം നല്‍കിയത്. രാജ്യത്ത് കാലാവധി കഴിഞ്ഞതും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായി നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോളിസി പ്രഖ്യാപിച്ചത്. ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ തന്നെ സ്‌ക്രാപ്പേജ് പോളിസി പ്രാബല്യത്തില്‍ വരും. ഇതോടെ നിര്‍ബന്ധിത ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാകേണ്ടിവരും.
വാഹന ഉടമകള്‍ക്ക് അവരുടെ പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന രീതിയിലാണ് വാഹനം പൊളിക്കല്‍ നയം ക്രമീകരിച്ചിരിക്കുന്നത്. പഴയ വാഹനങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നത് സ്റ്റീല്‍, പ്ലാസ്റ്റിക്, ചെമ്പ് തുടങ്ങിയ പ്രധാന വസ്തുക്കള്‍ വീണ്ടും ഉപയോഗിക്കാന്‍ സഹായിക്കും. ഇത് നിര്‍മാണച്ചെലവ് കുറയ്ക്കുന്നതിന് ഇടയാക്കും. രാജ്യത്തെ വാഹന വില്പനയ്ക്ക് ഉത്തേജനം നല്‍കാനും ഈ നയം ലക്ഷ്യമിടുന്നു.

പഴയ വാഹനങ്ങള്‍ പൊളിച്ച് പുതിയവ വാങ്ങുമ്പോള്‍ സംസ്ഥാനങ്ങള്‍ റോഡ് ടാക്സ് ഇനത്തില്‍ 25 ശതമാനം ഇളവ് അനുവദിക്കണമെന്നാണ് ചട്ടം. വാഹനം പൊളിക്കല്‍ നയമനുസരിച്ച് യാത്രാവാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് കാലാവധി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം ശ്രമിച്ചിട്ടും സ്വമേധയാ വാഹനം പൊളിക്കാനെത്തുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. ഇതോടെയാണ് പുതിയ നയം കേന്ദ്രം പ്രഖ്യാപിച്ചത്.

Related Articles
Next Story
Videos
Share it