

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള കാസര്‍കോട്-വയനാട് പവര്‍ഹൈവേ വടക്കന്‍ കേരളത്തിന് പ്രതീക്ഷയാകും. കെ.എസ്.ഇ.ബിയുടെ കീഴില്‍ നടപ്പാക്കുന്ന 360 കോടി രൂപയുടെ പദ്ധതി അടുത്തവര്‍ഷം കമ്മീഷന്‍ ചെയ്യും. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിനും വയനാട്ടിലെ മാനന്തവാടിക്കടുത്ത് പയ്യംപള്ളിക്കും ഇടയില്‍ സ്ഥാപിക്കുന്ന 400 കെ.വി വൈദ്യുതി ലൈനിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. പയ്യംപള്ളിയില്‍ സബ്‌സ്റ്റേഷന്റെ നിര്‍മാണവും നടന്നു വരുന്നു. ദേശീയ വൈദ്യുതി വിതരണ പദ്ധതിയായ ഉഡുപ്പി-കാസര്‍കോട് ലൈനുമായി ബന്ധിപ്പിച്ചാണ് കാസര്‍കോട്-വയനാട് പവര്‍ ഹൈവേ വരുന്നത്. 2022 ലാണ് നിര്‍മാണ ജോലികള്‍ ആരംഭിച്ചത്.
125 കിലോ മീ്റ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പവര്‍ ഹൈവേ കാസര്‍കോട് മുതല്‍ കോഴിക്കോട് വരെയുള്ള നാലു ജില്ലകള്‍ക്ക് ഗുണകരമാകും. പൊതുവില്‍ കടുത്ത വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന വടക്കന്‍ ജില്ലകളില്‍ പദ്ധതി ആരംഭിക്കുന്നതോടെ ഗുണനിലവാരമുള്ള വൈദ്യുതി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവര്‍ ഹൈവേക്ക് അനുബന്ധമായി മഞ്ചേരിയില്‍ നിര്‍മിച്ച 220 കെ.വി സബ്‌സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. വൈദ്യുതി പ്രസരണ നഷ്ടം കുറക്കുകയെന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്. പ്രതിദിനം 192 മെഗാവാട്ടിന്റെ പ്രസരണ നഷ്ടമാണ് വൈദ്യുതി മേഖല നേരിടുന്നത്.
ട്രാന്‍സ്ഗ്രിഡ് 2.0 അന്തിമഘട്ടത്തില്‍
സംസ്ഥാനത്തെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ കൂടി സഹായത്തോടെ നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി അന്തിമഘട്ടത്തിലാണ്. 2,718 കോടി രൂപയുടെ പദ്ധതികളാണ് ഇതിനകം പൂര്‍ത്തിയായത്. സംസ്ഥാനത്തെ ആദ്യത്തെ ഗ്യാസ് ഇന്‍സുലേറ്റഡ് 400 കെ.വി സബ്‌സ്റ്റേഷന്‍ കോട്ടയത്ത് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടാതെ വിഴിഞ്ഞം, ഏറ്റുമാനൂര്‍, കോതമംഗലം, ആലുവ, കലൂര്‍, ചാലക്കുടി, കുന്നംകുളം, ചിത്തിരപുരം, എറ്റുമാനൂര്‍, തലശേരി എന്നിവിടങ്ങളിലും പുതിയ സബ്‌സ്റ്റേഷനുകള്‍ നിലവില്‍ വന്നു. അട്ടപ്പാടി, നെടുങ്കണ്ടം മേഖലകളെ രാമക്കല്‍മേടുമായി ബന്ധിപ്പിക്കുന്ന പവര്‍ ലൈനുകളും ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഇവ കമ്മീഷന്‍ ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine