മലബാര്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയായി റെയില്‍വേയുടെ സമയമാറ്റം; യാത്രദുരിതം രൂക്ഷം

ദേശീയ പാതയില്‍ നിര്‍മാണം നടക്കുന്നതിനാല്‍ ബസ് യാത്ര ഉപേക്ഷിച്ചാണ് പലരും തീവണ്ടിയെ ആശ്രയിച്ചിരുന്നത്
Indian Railway
Representational Image : Canva
Published on

കാലവര്‍ഷം കാരണം കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമം മാറിയതോടെ വടക്കന്‍ ജില്ലകളിലേക്കുള്ള യാത്ര അതികഠിനം. ദേശീയപാതയില്‍ പണി നടക്കുന്നതിനാല്‍ വടക്കന്‍ ജില്ലകളിലുള്ളവര്‍ കാര്‍, ബസ് യാത്ര ഉപേക്ഷിച്ച് റെയില്‍വേയെ ആയിരുന്നു ആശ്രയിച്ചിരുന്നത്.

നിലവില്‍ രാവിലെ 10.30നും വൈകുന്നേരം അഞ്ചിനും ഇടയില്‍ എറണാകുളം വഴി വടക്കന്‍ ജില്ലകളിലേക്ക് ഒരൊറ്റ പ്രതിദിന ട്രെയിന്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. മലബാര്‍ ഭാഗത്തുനിന്നുള്ള ആയിരക്കണക്കിനാളുകള്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ സംബന്ധിച്ച് നാട്ടിലേക്കുള്ള യാത്ര ദുരന്തമായി മാറിയിരിക്കുകയാണ്.

നേത്രാവതിയില്‍ ഒന്നര കംപാര്‍ട്ട്‌മെന്റ്

ജൂണ്‍ പത്തിന് ട്രെയിന്‍ സമയം മാറുന്നതിനു മുമ്പ് മലബാര്‍ ഭാഗത്തേക്ക് രാവിലെ 11ന് ശേഷം രണ്ട് പ്രതിദിന ട്രെയിനുകളുണ്ടായിരുന്നു. മംഗള എക്‌സ്പ്രസും നേത്രാവതി എക്‌സ്പ്രസും. ഇതില്‍ എറണാകുളം-നിസാമുദീന്‍ മംഗളാ എക്‌സ്പ്രസിന്റെ സമയമാണ് മാറ്റിയത്.

നേരത്തെ 1.25ന് പോയിരുന്ന ഈ ട്രെയിന്‍ കോഴിക്കോട് ഭാഗത്തേക്കുള്ളവര്‍ക്ക് സൗകര്യപ്രദമായിരുന്നു. എന്നാല്‍ പുതിയ ടൈംടേബിള്‍ പ്രകാരം രാവിലെ 10.30നാണ് മംഗള പുറപ്പെടുക. ഈ സമയക്രമം പലര്‍ക്കും വലിയ അസൗകര്യമാണ്. 1.15ന് എറണാകുളത്തെത്തുന്ന നേത്രാവതി എക്‌സ്പ്രസ് പഴയ സമയത്ത് തന്നെ ഓടുന്നുണ്ടെങ്കിലും ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍ വേണ്ടത്രയില്ലെന്നത് പ്രതിസന്ധിയാണ്.

രണ്ട് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ഒന്നിന്റെ പകുതി ഇന്ത്യ പോസ്റ്റിന്റെ പാര്‍സലുകള്‍ കൊണ്ടുപോകാനാണ് ഉപയോഗിക്കുന്നത്. ഫലത്തില്‍ ഒന്നര കംപാര്‍ട്ട്‌മെന്റാണ് ആയിരക്കണക്കിന് യാത്രക്കാര്‍ക്കായി ബാക്കിയുള്ളത്. ആഴ്ചയില്‍ രണ്ടുതവണയുള്ള എറണാകുളം-പൂന സൂപ്പര്‍ഫാസ്റ്റിന്റെ സമയം രാവിലെ 5.15ല്‍ നിന്ന് പുലര്‍ച്ചെ 2.15ലേക്ക് മാറ്റി. ഇതും യാത്രക്കാര്‍ക്ക് തിരിച്ചടിയായി.

ദേശീയ പാതയില്‍ നിര്‍മാണം നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള യാത്ര അതികഠിനമാണ്. മുമ്പ് എറണാകുളം-കോഴിക്കോട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി നാലു മണിക്കൂറിനുള്ളില്‍ ഓടിയെത്തിയിരുന്നു. ഇപ്പോള്‍ ആറുമണിക്കൂറില്‍ കൂടുതല്‍ സമയം വേണ്ടിവരും ഇത്രയും ദൂരം താണ്ടാന്‍. മഴ കൂടുതല്‍ കനക്കുന്നതോടെ യാത്രദുരിതം ഇനിയും വര്‍ധിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com