

റോഡപകടങ്ങളിൽ ഇരയായവർക്ക് പണം കൂടാതെ ചികിത്സ നൽകുന്ന പദ്ധതിയുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. അപകടം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസിനെ വിവരം അറിയിച്ചാൽ ഇരയുടെ 7 ദിവസത്തെ ചികിത്സാ ചെലവ് അല്ലെങ്കിൽ പരമാവധി 1.5 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുക.
വാഹനമിടിച്ചു മരിച്ചാല്‍ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കും. 2024 ൽ 1.8 ലക്ഷം പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. ഇവരിൽ 30,000 പേരുടെ മരണം ഹെൽമറ്റ് ധരിക്കാത്തതു മൂലമാണ് സംഭവിച്ചത്. മാരകമായ അപകടങ്ങൾക്ക് ഇരയായവരിൽ 66 ശതമാനം പേരും 18 നും 34 നും ഇടയില്‍ പ്രായമുള്ളവരാണ് എന്നത് ഗുരുതരമായ കാര്യമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത ആളുകൾ ഉണ്ടാക്കുന്ന അപകടങ്ങളിൽ ഏകദേശം 3,000 മരണങ്ങൾ സംഭവിച്ചു. ഇന്ത്യയില്‍ 22 ലക്ഷം ഡ്രൈവർമാരുടെ കുറവുണ്ട്. ഇതിന് പരിഹാരം കണ്ടെത്തുന്നതിനായി പുതിയ നയം മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്.
പഴയ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്ത് ഒഴിവാക്കുന്നത് മൂലം ഓട്ടോമൊബൈൽ മേഖല വലിയ വളര്‍ച്ച കൈവരിക്കും. അലുമിനിയം, ചെമ്പ്, സ്റ്റീൽ, പ്ലാസ്റ്റിക് എന്നിവ റീസൈക്കിൾ ചെയ്യുന്നത് ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമാകും.
സ്‌ക്രാപ്പിംഗ് നയം രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 18,000 കോടി രൂപയുടെ അധിക ജിഎസ്ടിയാണ് ഇതിലൂടെ ലഭിക്കുക. ഇന്ത്യയിലെ ഓട്ടോമൊബൈൽ വ്യവസായം 22 ലക്ഷം കോടി വളര്‍ച്ച കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine