പാലക്കാട് മള്‍ട്ടി സ്‌പോര്‍ട്‌സ് ഹബ്ബ് വരുന്നു; 30 കോടിയുടെ പദ്ധതി; ദേവസ്വം ബോര്‍ഡിനും വരുമാനം
പാലക്കാടിന്റെ സ്‌പോര്‍ട്‌സ് സാധ്യതകള്‍ക്ക് വളരാന്‍ 30 കോടി ചിലവില്‍ മള്‍ട്ടി സ്‌പോര്‍ട്‌സ് ഹബ് വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും മലബാര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്നാണ് 21 ഏക്കര്‍ സ്ഥലത്ത് 30 കോടി രൂപ ചിലവില്‍ സ്‌പോര്‍ട്‌സ് ഹബ്ബ് നിര്‍മ്മിക്കുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പാലക്കാട് അകത്തേത്തറ ചാത്തന്‍കുളങ്ങര ദേവീ ക്ഷേത്രത്തിന്റേതാണ് സ്ഥലം. ക്ഷേത്രം ട്രസ്റ്റിന്റെ അധീനതയിലുള്ള സ്ഥലത്ത് സ്റ്റേഡിയം നിര്‍മിക്കുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷനുമായി ധാരണാ പത്രം ഒപ്പു വെച്ചു. ഭൂമി 33 വര്‍ഷത്തേക്ക് ക്രിക്കറ്റ് അസോസിയേഷന് പാട്ടത്തിന് നല്‍കും. ക്ഷേത്രത്തിന്റെയും ക്രിക്കറ്റ് അസോസിയേഷന്റെയും പേരിലാണ് പദ്ധതി നടപ്പാക്കുക. ജനുവരിയില്‍ നിര്‍മാണം തുടങ്ങും. രണ്ടു ഘട്ടങ്ങളിലായി 2027 ഏപ്രിലില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നതെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
പ്രദേശവാസികള്‍ക്ക് തൊഴിലവസരം
വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്കുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുക. രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍, ഫ്ലഡ് ലൈറ്റ് ഫുട്ബാള്‍ സ്റ്റേഡിയം, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, നീന്തല്‍കുളം, ക്ലബ്ബ് ഹൗസ് എന്നിവയാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. പദ്ധതിയിലൂടെ വിവിധ തൊഴിലവസരങ്ങളാണ് വരുന്നത്. പ്രദേശവാസികള്‍ക്ക് തൊഴിലില്‍ മുന്‍ഗണന നല്‍കുമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടം 2026 ല്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങും. 2027 ല്‍ എല്ലാ സംവിധാനങ്ങളും സജ്ജമാക്കും.
ദേവസ്വത്തിനും വരുമാനം
സ്ഥലം വിട്ടു നല്‍കുന്നത് വഴി ദേവസ്വത്തിന് വരുമാനമുണ്ടാകുന്ന രീതിയിലാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപോസിറ്റായി നല്‍കാന്‍ ധാരണയായിട്ടുണ്ട്. പ്രതിവര്‍ഷം 21,35,000 രൂപ സ്ഥല വാടക ഇനത്തിലും ലഭിക്കും. ഈ തുക ക്ഷേത്രം ട്രസ്റ്റിന് നല്‍കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്.കുമാറും ക്ഷേത്രം ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.മണികണ്ഠനുമാണ് ധാരണാ പത്രത്തില്‍ ഒപ്പിട്ടത്. ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍, പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹികളും പങ്കെടുത്തു.