

ബ്രിട്ടീഷ് കമ്പനിയായ അസ്ട്രസെനക നിര്‍മ്മിച്ച കൊവിഡ് വാക്‌സിനായ കൊവീഷീല്‍ഡ് (Covishield) സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നത് പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന റിപ്പോര്‍ട്ടും അത് സൃഷ്ടിച്ച കോലാഹലങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. വാക്‌സിന്‍ സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങളുണ്ടായെന്ന റിപ്പോര്‍ട്ട് അസ്ട്രസെനക (AstraZeneca) അംഗീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ വിതരണം ചെയ്തത്.
ഇപ്പോഴിതാ, ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് (Bharat Biotech) നിര്‍മ്മിച്ച കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ (Covaxin) സ്വീകരിച്ചവരിലും പാര്‍ശ്വഫലങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. കൗമാരക്കാരികളിലും അലര്‍ജിയുടെ പ്രശ്‌നങ്ങളുള്ളവര്‍ക്കും കൊവാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയെന്നാണ് സ്പ്രിംഗര്‍ലിങ്കിലെ (Springerlink) കണ്ടെത്തലുകളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കണ്ടെത്തല്‍ ഇങ്ങനെ
1,024 വ്യക്തികളില്‍ ഒരുവര്‍ഷം നീണ്ട നിരീക്ഷണമാണ് ഗവേഷകര്‍ നടത്തിയത്. ഇതില്‍ 635 കൗമാരക്കാരും 291 പ്രായപൂര്‍ത്തിയായവരും ഉള്‍പ്പെടുന്നു. 304 കൗമാരക്കാരിലും പ്രായപൂര്‍ത്തിയായ 124 പേരിലും കൊവാക്‌സിന്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കിയെന്ന് ഗവേഷകര്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്വാസകോശ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, നാഡീസംബന്ധ അസുഖങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൗമാരക്കാരിലുണ്ടായത്. നാഡീസംബന്ധ രോഗങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയവ മുതിര്‍ന്നവരിലുമുണ്ടായി.
ചിലര്‍ക്ക് സ്‌ട്രോക്ക്, സ്ത്രീകളില്‍ ടൈഫോയിഡ് തുടങ്ങിയ അസുഖങ്ങളും പാര്‍ശ്വഫലമായി ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine