വറ്റ മീന്‍ കൃഷി ജനകീയമാക്കാം; വിത്തുല്‍പ്പാദനത്തില്‍ പുതിയ സാങ്കേതിക വിദ്യ; സിഎംഎഫ്ആര്‍ഐക്ക് ദേശീയ അംഗീകാരം

രാജ്യത്തെ മികച്ച അഞ്ച് ഫിഷറീസ് സാങ്കേതികവിദ്യകളിലാണ് സിഎംഎഫ്ആര്‍ഐയുടെ വറ്റ വിത്തുല്‍പാദനം ഇടം നേടിയിരിക്കുന്നത്
CMFRI
CMFRICanva
Published on

വിപണിയില്‍ ഡിമാന്റ് വര്‍ധിച്ചു വരുന്ന വറ്റ മല്‍സ്യത്തിന്റെ വിത്ത് ഉല്‍പ്പാദനത്തിന്റെ സാങ്കേതിക വിദ്യ കണ്ടെത്തിയ കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) ദേശീയ അംഗീകാരം. രാജ്യത്തെ മികച്ച അഞ്ച് ഫിഷറീസ് സാങ്കേതികവിദ്യകളിലാണ് സിഎംഎഫ്ആര്‍ഐ യുടെ ഗവേഷണവും ഇടം പിടിച്ചത്. ഉയര്‍ന്ന വിപണി മൂല്യമുള്ള സമുദ്രമത്സ്യമായ വറ്റയുടെ വിത്തുല്‍പാദന സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ഫിഷറീസ് സാങ്കേതികവിദ്യകളില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചത്. വറ്റയുടെ കൃഷി കൂടുതല്‍ ജനകീയമാക്കാമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ പ്രാധാന്യം. ഐസിഎആറിന്റെ 97-ാമത് സ്ഥാപക ദിനാഘോഷ വേളയില്‍ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഈ നൂതന സാങ്കേതികവിദ്യ ഔദ്യോഗികമായി പുറത്തിറക്കി.

സമുദ്രകൃഷിയില്‍ മുന്നേറ്റം

വറ്റയെ കൃത്രിമമായി പ്രജനനം നടത്തുന്നതിനുളള ഈ സാങ്കേതികവിദ്യ രാജ്യത്തിന്റെ സുസ്ഥിര സമുദ്രകൃഷിയില്‍ വലിയ മുന്നേറ്റത്തിന് വഴിതുറക്കുമെന്നതിനാലാണ് ഈ അംഗീകാരം. ആദ്യമായാണ് ഇവയുടെ വിത്തുല്‍പാദനം നടത്തുന്നത്.

മറ്റ് പല മീനിനേക്കാളും വേഗത്തില്‍ വളരാനും പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനും ശേഷിയുള്ള മീനാണ് വറ്റ. കൂടുകളില്‍ കടലിലും തീരദേശ ജലാശയങ്ങളിലും കൃഷി ചെയ്യാനാകും. കുറഞ്ഞ കാലയളവ് കൊണ്ട് മികച്ച വളര്‍ച്ചനേടുന്ന ആവശ്യക്കാരേറെയുള്ള മത്സ്യമാണിത്. മാരികള്‍ച്ചര്‍ (സമുദ്രജലകൃഷി) രംഗത്ത് നിര്‍ണായകമാകുന്ന ഗവേഷണ നേട്ടമാണ് വറ്റയുടെ വിത്തുല്‍പാദന സാങ്കേതികവിദ്യയെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.

700 രൂപ വരെ വില

ഇന്തോ-പസിഫിക് മേഖലയില്‍ ഏറെ ആവശ്യക്കാരുള്ളതും വാണിജ്യ സാധ്യതകള്‍ ഏറെയുള്ളതുമായ മീനാണ് വറ്റ. മികച്ച മാംസവും രുചിയുമാണ് ഇവയെ മത്സ്യപ്രേമികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. കിലോ ഗ്രാമിന് 400 മുതല്‍ 700 രൂപവരെ വിലയുണ്ട്. കുറഞ്ഞ കാലം കൊണ്ട് വലിയ വലിപ്പം കൈവരിക്കുന്ന മീനായതിനാല്‍ കൃഷിക്ക് ഏറെ അനുയോജ്യമാണ്. തീരദേശ റീഫുകളിലും ലഗൂണുകളിലും ഉള്‍ക്കടലിലും ഇവയെ കണ്ടുവരുന്നു.

സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു ഗവേഷണം. സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞരായ അംബരീഷ് പി ഗോപ്, ഡോ എം ശക്തിവേല്‍, ഡോ ബി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

സിഎംഎഫ്ആര്‍ഐയുടെ പരീക്ഷണത്തില്‍, ഈ മീന്‍ കൂടുകൃഷിയില്‍ അഞ്ച് മാസം കൊണ്ട് 500 ഗ്രാം വരെയും എട്ട് മാസം കൊണ്ട് ഒരു കിലോഗ്രാം വരെയും വളര്‍ച്ച നേടുന്നതായി കണ്ടെത്തിയിരുന്നു. പെല്ലെറ്റ് തീറ്റകള്‍ നല്‍കി പെട്ടെന്ന് കൃഷിചെയ്ത് വളര്‍ത്താവുന്ന മീനാണ് വറ്റ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com