ദുബൈയില്‍ ജോലി സമയത്തില്‍ മാറ്റം; ഒമാനില്‍ പണമിടപാടിന് പുതിയ നിയമം; ഗള്‍ഫിലെ മാറ്റങ്ങള്‍ അറിയാം

ചൂട് വര്‍ധിച്ചതോടെ ദുബൈയില്‍ ജോലിക്കാരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സമയമാറ്റം, അജ്മാനില്‍ വര്‍ക്ക് ഫ്രം ഹോം
canva
Dubai
Published on

തൊഴില്‍ മേഖലയിലും ബാങ്കിംഗിലും പുതിയ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന നിയമം ഇന്ന് മുതല്‍ വിവിധ ഗള്‍ഫ് നാടുകളില്‍ നിലവില്‍ വന്നു. ദുബൈയില്‍ ജോലി സമയത്തിലാണ് മാറ്റം. ഒമാനില്‍ പണിടപാടുകള്‍ക്ക് പുതിയ കോഡ് നമ്പറും നിലവില്‍ വരികയാണ്. യു.എ.ഇയിലെ സ്വദേശിവല്‍ക്കരണ നിയമവുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഇന്ന് മുതല്‍ തുടങ്ങി.

ജോലി സമയത്തില്‍ മാറ്റം

യു.എ.ഇ യിലെ വിവിധ എമിറേറ്റുകളില്‍ പുതിയ വേനല്‍ക്കാല ജോലി സമയക്രമം ഇന്ന് മുതല്‍ നിലവില്‍ വന്നു. ചൂട് വര്‍ധിക്കുന്നത് മൂലം ജോലിക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് പുതിയ മാറ്റം. കമ്പനികളിലെ ജീവനക്കാരെ രണ്ട് ഗ്രൂപ്പുകളായി പുന:ക്രമീകരിച്ചാണ് സമയമാറ്റം നടപ്പാക്കുന്നത്. ഒരു ഗ്രൂപ്പിന് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ എട്ടുമണിക്കൂറാണ് ജോലി. വെള്ളിയാഴ്ച അവധിയാണ്. രണ്ടാമത്തെ ഗ്രൂപ്പിന് തിങ്കള്‍ മുതല്‍ വ്യാഴം വരെ പകല്‍ ഏഴ് മണിക്കൂറും വെള്ളിയാഴ്ച നാല് മണിക്കൂറും ജോലി ചെയ്യണം. പൊതുമേഖലയിലാണ് നിയമം നടപ്പാക്കുന്നതെങ്കിലും സ്വകാര്യമേഖലയിലും ഇതിനസുരിച്ചുള്ള ക്രമീകരണം വരും. അജ്മാനില്‍ വെള്ളിയാഴ്ചകളില്‍ പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്വദേശിവല്‍ക്കരണം ഇന്ന് മുതല്‍

യുഎഇയിലെ സ്വകാര്യമേഖലയില്‍ സ്വദേശിവല്‍ക്കരണം കര്‍ശനമാക്കുന്ന പരിശോധനകള്‍ക്ക് ഇന്ന് തുടക്കമായി. ആറ് മാസം കൂടുമ്പോള്‍ കമ്പനികളില്‍ സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഘട്ടം ഘട്ടമായുള്ള പരിശോധനയാണ് നടപ്പാക്കുന്നത്. 20 ജീവനക്കാരില്‍ കൂടുതലുള്ള കമ്പനികളിലാണ് ആദ്യഘട്ടത്തില്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുന്നത്. മലയാളികള്‍ അടക്കമുള്ള വിദേശികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ പുതിയ നിയമം കാരണമാകുമെന്ന് ആശങ്കകളുണ്ട്.


പുതിയ ആരോഗ്യ നിയമം

പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിന് ദുബൈ സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ ആരോഗ്യ നിയമം ഇന്ന് നിലവില്‍ വന്നു. പകരാന്‍ സാധ്യതയുള്ള അസുഖങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ എത്തുന്നത് കര്‍ശനമായി തടയുന്നതാണ് പുതിയ നിയമം. വിമാനത്താവളങ്ങള്‍ ഉള്‍പ്പടെയുള്ള പൊതു ഇടങ്ങളില്‍ മാസ്‌കിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും നിയമത്തില്‍ നിര്‍ദേശമുണ്ട്.

ഒമാനില്‍ ഐബാന്‍ നിര്‍ബന്ധം

ബാങ്ക് വഴിയുള്ള പണമിടപാടുകള്‍ക്ക് നിര്‍ബന്ധമായ ഐബാന്‍ (International Bank Account Number -IBAN) ഒമാനില്‍ നടപ്പാക്കി തുടങ്ങി. അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് ഇത് നേരത്തെ ബാധകമായിരുന്നു. ആഭ്യന്തര ഇടപാടുകള്‍ക്കും ഇന്ന് മുതല്‍ കര്‍ശനമാക്കി. ഐബാന്‍ ഇല്ലാതെ ഇനി മുതല്‍ വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകളും ബാങ്കുകള്‍ നടത്തില്ല. ബാങ്കിംഗ് മേഖലയിലെ സുരക്ഷ, കാര്യക്ഷമത എന്നിവ വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com