ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 06, 2020

ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 06, 2020
Published on
ടാറ്റ ഗ്രൂപ്പ് ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്തേക്ക് 

ഓണ്‍ലൈന്‍ മരുന്നു വ്യവസായ രംഗത്തേക്ക് ടാറ്റ ഗ്രൂപ്പും കടക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. സെക്വോയ കാപിറ്റല്‍ പിന്തുണയ്ക്കുന്ന വണ്‍ എംജി എന്ന ബ്രാന്‍ഡുമായി 100 മില്യണ്‍ കരാറിലാണ് കമ്പനി ഏര്‍പ്പെടുന്നതത്രെ. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നിരവധി പേരാണ് ഓണ്‍ലൈന്‍ മരുന്നു വ്യവസായ രംഗത്തേക്ക് കാലുറപ്പിക്കുന്നത്. റീറ്റെയ്ല്‍ ഭീമന്മാരായ ആമസോണും റിലയന്‍സുമെല്ലാം ലോക്ഡൗണ്‍ കാലത്തേ മരുന്നു വ്യവസായത്തെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. നെറ്റ് മെഡ്‌സിന് കീഴിലുള്ള വൈറ്റാലിക് എന്ന കമ്പനിയുടെ 60 ശതമാനം ഓഹരികളും പിന്നീട് റിലയന്‍സ് റീറ്റെയ്ല്‍ ഏറ്റെടുക്കുകയും ചെയ്തു. ക്ലൗഡ് ടെയ്ല്‍ എന്ന കമ്പനിയുടെ 24 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയാണ് മരുന്നുവ്യവസായത്തില്‍ ആമസോണും കാലുറപ്പിച്ചത്. ഇപ്പോള്‍ കറിയുപ്പു മുതല്‍ സ്റ്റീല്‍ വരെ വിപണിയിലെത്തിക്കുന്ന ടാറ്റ മരുന്നു വ്യവസായത്തിലെ ഭീമനാകുന്നതാണ് വ്യവസായ രംഗത്തെ ചര്‍ച്ചാവിഷയം.

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 17 ശതമാനം വളര്‍ച്ച

കൊറോണ പ്രതിസന്ധിക്കിടയിലും ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വ്യവസായരംഗത്ത്  17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 54.3 ദശലക്ഷം യൂണിറ്റുകളുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നിട്ടുള്ളത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ അമേരിക്കയിലും ചൈനയിലും ഇടിവ് നേരിട്ടപ്പോഴാണ് ഇന്ത്യയ്ക്ക് ഈ നേട്ടം കൈവിരിക്കാനായത്. ഐഡിസി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഷവോമിയാണ് 25 ശതമാനം ഷിപ്‌മെന്റുമായി വില്‍പ്പനയിലെ ഒന്നാമന്‍. സാംസംഗ്, വിവോ,റിയല്‍മി, ഒപ്പോ എന്നിവരാണ് ഒന്നാം നിരയിലെ മറ്റു പ്രമുഖ ബ്രാന്‍ഡുകള്‍.

ജിയോജിത്തിന് രണ്ടാം പാദത്തില്‍ 32.27 കോടി രൂപ അറ്റാദായം, വളര്‍ച്ച 251 ശതമാനം

രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ അറ്റാദായത്തില്‍ 251 ശതമാനത്തിന്റെ വളര്‍ച്ച നേടി. 32.27 കോടി രൂപയാണ് കമ്പനി അറ്റാദായമായി നേടിയിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 9.18 കോടിയായിരുന്നു. മൊത്ത വരുമാനം 52 ശതമാനം വര്‍ധിച്ച് 108.59 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 71.34 കോടി രൂപയായിരുന്നു.

ഓഹരി ഒന്നിന് 1.50 രൂപ വീതം ഇടക്കാല ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പ്രോഡക്ടായ സ്മാര്‍ട്‌ഫോളിസും ആഗോള വിപണിയില്‍ നിക്ഷേപ സൗകര്യവും ജിയോജിത് ഏര്‍പ്പെടുത്തിയത് ഇടപാടുകാരുടെ താല്‍പ്പര്യം വര്‍ധിപ്പിച്ചതായി ജിയോജിത് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സതീഷ് മേനോന്‍ അഭിപ്രായപ്പെട്ടു. നിലവില്‍ കമ്പനിക്ക് 10,70,000 ഇടപാടുകാരുണ്ട്.

രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് ഇന്ന് സ്വര്‍ണം

കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. പവന് ഒറ്റയടിക്ക് 320 രൂപ വര്‍ധിച്ച് 38,400 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ഗ്രാമിന് 4800 രൂപയാണ് ഇന്നത്തെ വില. മാത്രമല്ല ഒറ്റയടിക്കുയരുന്ന വലിയ നിരക്കും കഴിഞ്ഞ മാസത്തേതിലെ അപേക്ഷിച്ച് ഇന്നത്തേതാണ്. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് സ്വര്‍ണവിലയെങ്കിലും ഇന്ന് കേരളത്തിലെ റീറ്റെയ്ല്‍ വിപണിയില്‍ നേരിയ ഉണര്‍വുണ്ടെന്നതാണ് സത്യം. കഴിഞ്ഞ മാസം പവന് 37,880 രൂപ വരെ ഉയര്‍ന്നിരുന്നു.

എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ സര്‍വകാല ഉയര്‍ച്ചയില്‍

വെള്ളിയാഴ്ച്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മൂന്ന് ശതമാനം നേട്ടം കൈവരിച്ചത് എച്ച്ഡിഎഫ്സി ബാങ്ക്. ഇതോടെ ബാങ്കിന്റെ ഓഹരി വില 1,308 രൂപ തൊട്ടു. നേരത്തെ, 2019 ഡിസംബറില്‍ കുറിച്ച 1,304.10 രൂപയായിരുന്നു എച്ച്ഡിഎഫ്സി ബാങ്കിന്റെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ്. കഴിഞ്ഞയാഴ്ച്ച മാത്രം ഓഹരി വിലയില്‍ 10 ശതമാനം കുതിപ്പ് കയ്യടക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്എഡിഎഫ്സി ബാങ്കിന് കഴിഞ്ഞു. ഒപ്പം, ബിഎസ്ഇ സെന്‍സെക്സ് സൂചികയില്‍ 5.6 ശതമാനം നേട്ടവും ബാങ്ക് സ്വന്തമാക്കി.

ഇന്ത്യയിലേക്ക് ഉല്‍പ്പാദനം മാറ്റാനൊരുങ്ങി ജപ്പാന്‍ കമ്പനികള്‍

ജപ്പാന്‍ കമ്പനികളായ ടൊയോട്ട സുഷോയും സുമിഡയും ഉത്പാദനം ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്റോ-പസഫിക് മേഖലയില്‍ ജപ്പാന്‍, ഒസ്ട്രേലിയ, ഇന്ത്യ എന്നീരാജ്യങ്ങള്‍ ചേര്‍ന്ന് അസംസ്‌കൃത വസ്തുകള്‍ നിര്‍മിക്കുന്നതിനായി സപ്ലൈ ചെയ്ന്‍ റീസീലൈന്‍സിന് തുടക്കമിടാന്‍ തീരുമാനിച്ച് രണ്ടുമാസം തിയകയും മുമ്പാണ് ഈ തീരുമാനം. ഭാവിയില്‍ കോവിഡ് പോലുള്ള അപ്രതീക്ഷിത പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് നിര്‍മാണ വിതരണ മേഖലയിലെ വൈവിധ്യ വത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജപ്പാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കമ്പനികള്‍ മറ്റു രാജ്യങ്ങളില്‍ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ആപ്പിള്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ കമ്പനികളും തങ്ങളുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ സജ്ജമാക്കി കഴിഞ്ഞു.

കൊറോണ കാലത്ത് കള്ളപ്പണ ഇടപാടുകളില്‍ കുറവ്

നോട്ട് നിരോധന സമയത്ത് സാധിക്കാത്ത കള്ളപ്പണമിടപാടുകള്‍ കൊറോണയോടെ കുറയ്ക്കാന്‍ സാധിച്ചതായി സര്‍വേ. ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് നീങ്ങുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കൊറോണ കാലത്ത് ഉണ്ടായിരിക്കുന്നത്. ഇതോടെ കള്ളപ്പണത്തിന്റെ ഉപയോഗം രാജ്യത്ത് ഗണ്യമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിളിന്റെ സര്‍വേ പ്രകാരം, 2019 മുതല്‍ 2020 വരെ നോട്ട് ഇടപാടുകള്‍ക്ക് മുന്‍ഗണന നല്‍കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞു. കാരണം കൊവിഡ് സമയത്ത് വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ ആളുകള്‍ കൂടുതലും ഓണ്‍ലൈന്‍ സ്റ്റോറുകളെ ആശ്രയിച്ചാണ് അവശ്യ സാധനങ്ങളും മറ്റും വാങ്ങിയിരുന്നത്. മാത്രമല്ല രോഗം പടര്‍ന്നു പിടിക്കുന്നതില്‍ വലിയ പങ്കാണ് കറന്‍സി നോട്ടുകള്‍ക്കുള്ളതെന്ന തിരിച്ചറിവും നോട്ടുപയോഗം ഗണ്യമായി കുറച്ചു.

ഈ ആഴ്ചയിലെ വ്യാപാരദിനങ്ങള്‍ക്ക് തിരശ്ശീല വീഴുന്ന ഇന്നും ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫിനാന്‍ഷ്യല്‍ ഓഹരികളുമാണ് ഇന്നത്തെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. ആഗോളതലത്തിലെ സംഭവവികാസങ്ങളും ഇന്ത്യന്‍ വിപണിക്ക് കരുത്തായി. സെന്‍സെക്‌സ് 553 പോയ്ന്റ്, 1.34 ശതമാനം ഉയര്‍ന്ന് 41,893ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി നിര്‍ണായകമായ 12,250 തലം കടന്നു. നിഫ്റ്റി 143 പോയ്ന്റ്, 1.18 ശതമാനം ഉയര്‍ന്ന് 12,264ല്‍ എത്തി. ഓഹരി സൂചികകളുടെ ഈയാഴ്ചയിലെ പ്രകടനമെടുത്താല്‍ സെന്‍സെക്‌സ് 5.75 ശതമാനവും നിഫ്റ്റി 5.33 ശതമാനവുമാണ് ഉയര്‍ച്ച രേഖപ്പെടുത്തിയത്.

കോവിഡ് അപ്ഡേറ്റ്സ് (06-11-2020)

കേരളത്തില്‍ ഇന്ന്

രോഗികള്‍: 7002 , ഇന്നലെ : 6820

മരണം : 27 , ഇന്നലെ : 26

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 8,411,724 , ഇന്നലെ വരെ : 8,364,086

മരണം :  124,985,  ഇന്നലെ വരെ : 124,315

ലോകത്ത് ഇതുവരെ:

രോഗികള്‍: 48,680,103 ,  ഇന്നലെ വരെ :47,405,395

മരണം : 1,233,313,   ഇന്നലെ വരെ :1,225,202

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com