ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 24, 2022

ഫിഫ ലോകകപ്പിന് 'ബൈജൂസ്' ഔദ്യോഗിക സ്‌പോണ്‍സര്‍

ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പില്‍ സ്‌പോണ്‍സര്‍ ആയിരിക്കുകയാണ് ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് തരംഗം സൃഷ്ടിച്ച ബൈജൂസ് ലേണിംഗ് ആപ്പ്. 2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്റെ സ്പോണ്‍സര്‍മാരില്‍ ഒരാളായി തങ്ങളെ തെരഞ്ഞെടുത്ത വിവരം വ്യാഴാഴ്ചയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബൈജൂസ് അറിയിച്ചത്. ഇത്രയും അഭിമാനകരമായ ഒരു ആഗോള വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു. അതേസമയം, സേപോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട തുകയോ മറ്റ് കാര്യങ്ങളോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

400 ബില്ല്യണ്‍ ഡോളറിന്റെ കയറ്റുമതി ലക്ഷ്യം കൈവരിച്ച് രാജ്യം

2021-22 സാമ്പത്തിക വര്‍ഷം രാജ്യം ലക്ഷ്യമിട്ട ചരക്കുകയറ്റുമതി ലക്ഷ്യം സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ ഒമ്പത് ദിവസം ബാക്കി നില്‍ക്കെ മാര്‍ച്ച് 23 ന് കൈവരിച്ചു. ഇന്ത്യ എക്കാലത്തെയും ഉയര്‍ന്ന ചരക്ക് കയറ്റുമതി ലക്ഷ്യമായ 400 ബില്യണ്‍ ഡോളര്‍ നേടിയെന്നാണ് കേന്ദ്ര സര്ക്കാര്‍ അറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു.

മദ്യനയം വൈകും, നിബന്ധനകളോടെ മദ്യവില്‍പ്പന ശാലകളുടെ ലൈസന്‍സ് പുതുക്കി നല്‍കും

സംസ്ഥാനത്തെ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മദ്യനയം വൈകും. പുതിയ മദ്യനയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് മദ്യ നയം വൈകുന്നത്. ഏപ്രില്‍ ഒന്നിന് പുതിയ മദ്യ നയം പ്രഖ്യാപിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിബന്ധനകളോടെ സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിറക്കി.

പുതിയ മദ്യം നയം നിലവില്‍ വരുമ്പോള്‍ ആ നിബന്ധകള്‍ പാലിക്കാമെന്ന് സത്യവാങ്ങ്മൂലം ബാറുമടമയില്‍ നിന്നും വാങ്ങി ലൈസന്‍സ് നീട്ടി നല്‍കാനാണ് നിര്‍ദ്ദേശം. കോവിഡ് കാലത്ത് 59 ദിവസം ബിയര്‍- വൈന്‍ പാര്‍ലറുകള്‍ അടഞ്ഞു കിടന്നിരുന്നു. ഈ കലയളവില്‍ ഉണ്ടായ നഷ്ടം ലൈസന്‍സ് ഫീസില്‍ കുറവ് ചെയ്യാനും നിര്‍ദ്ദേശമുണ്ട്.

വിക്രം സോളാര്‍ ഐപിഒയ്ക്ക്, സെബിക്ക് പേപ്പര്‍ സമര്‍പ്പിച്ചു

ഊര്‍ജ മേഖലയില്‍ നിന്നും മറ്റൊരു കമ്പനികൂടി ഓഹരി വിപണിയിലേക്ക്. രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ ഫോട്ടോ-വോള്‍ട്ടിക് മൊഡ്യൂള്‍ നിര്‍മാതാക്കളും സൗരോര്‍ജ മേഖലയിലെ മുന്‍നിര ഇപിസി (എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍) സേവന ദാതാക്കളുമായ വിക്രം സോളാര്‍ ലിമിറ്റഡ് ആണ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നത്.

ഐപിഒ അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 1500 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 5,000,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.

ഫെഡറല്‍ ബാങ്കും റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബും പങ്കാളിത്തത്തില്‍

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ് നടപ്പിലാക്കുന്ന സ്വനാരി ടെക്ക്സ്പ്രിന്റ് പരിപാടിയുടെ രണ്ടാ ഘട്ടത്തില്‍ ഫെഡറല്‍ ബാങ്ക് പങ്കാളിയാവുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ ഡിജിറ്റല്‍ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അതുവഴി അവരെ ശാക്തീകരിക്കുകയും സ്വയംപര്യാപ്തരാക്കുകയും ചെയ്യുന്നതു ലക്ഷ്യമിട്ടുള്ളതാണ് സ്വനാരി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്വനിര്‍ഭര്‍ നാരി പദ്ധതി.

500 രൂപ ഒറ്റയടിക്ക് കയറി സ്വര്‍ണം

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍വര്‍ധന. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് ഇന്നത്തെ വില 4795 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് വില 38,000 കടന്നു. ഇന്നത്തെ വില 38360 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം വിലയിലും വലിയ ഉയര്‍ച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇടിവോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരിവിപണി

ബെഞ്ച്മാര്‍ക്ക് സൂചിക ഏറ്റവും താഴ്ചയില്‍നിന്ന് 690 പോയ്ന്റ് വരെ ഉയര്‍ന്നെങ്കിലും 89 പോയ്ന്റ് ഇടിവോടെ 57,596 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50, 23 പോയിന്റ് അല്ലെങ്കില്‍ 0.13 ശതമാനം ഇടിഞ്ഞ് 17,223 ല്‍ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റി സൂചിക യഥാക്രമം 17,292, 17,091 എന്നിങ്ങനെ ഇന്‍ട്രാ-ഡേയിലെ ഉയര്‍ന്ന നിലവാരത്തിലും താഴ്ന്ന നിലയിലും എത്തി.

ഡോ.റെഡ്ഡീസ് ലാബ്‌സ് ഏകദേശം 5 ശതമാനം ഉയര്‍ന്ന് മികച്ച നേട്ടമുണ്ടാക്കി. കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, സിപ്ല, എന്‍ടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് എം, ആര്‍ഐഎല്‍ എന്നിവയാണ് വിപണിയില്‍ ഉയര്‍ന്ന മറ്റ് ഓഹരികള്‍. കോട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടൈറ്റന്‍, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി, ദിവിസ് ലാബ്‌സ്, ബിപിസിഎല്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ബിപിസിഎല്‍, എം ആന്‍ഡ് എം എന്നിവ 1-3 ശതമാനം ഇടിഞ്ഞു.

വിശാല വിപണികള്‍ തങ്ങളുടെ നില നിലനിര്‍ത്തുകയും പ്രധാന സൂചികകളെ മറികടക്കുകയും ചെയ്തു. സീ എന്റര്‍ടൈന്‍മെന്റ്, മൈന്‍ഡ്ട്രീ, ജിന്‍ഡാല്‍ സ്റ്റീല്‍, എംഫാസിസ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, സുവന്‍ ഫാര്‍മ, ഗണേഷ് ഹൗസിംഗ്, ഫ്യൂച്ചര്‍ റീട്ടെയില്‍, ഡിഷ് ടിവി എന്നിവയിലെ നേട്ടങ്ങള്‍ക്കിടയില്‍ ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ 0.3 ശതമാനം വരെ ഉയര്‍ന്നു.

Related Articles
Next Story
Videos
Share it