ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 23, 2021

നേരിട്ടുള്ള വിദേശ നിക്ഷേപം കുത്തനെ ഉയര്‍ന്നു, നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയിലധികം വര്‍ധന

രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം കുത്തനെ ഉയരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍-ജുലൈ കാലയളവിലെ വിദേശ നിക്ഷേപത്തില്‍ ഇരട്ടിയിലധികം വര്‍ധനവാണുണ്ടായത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 27.37 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 16.92 ബില്യണ്‍ ഡോളറായിരുന്നു.

രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങള്‍ ഉയര്‍ന്നു

2020-21 കാലയളവില്‍ ബാങ്ക് നിക്ഷേപങ്ങള്‍ 11.9 ശതമാനം വര്‍ധിച്ചതായി ആര്‍ബിഐ ഡാറ്റ. 2019-20 ലെ 8.8 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് മികച്ച വളര്‍ച്ച കാണിക്കുന്നു. കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് (CASA) നിക്ഷേപങ്ങളിലെ ഉയര്‍ന്ന വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണിത്.

കോവിഡ് പിപിഇ കിറ്റുകളില്‍ നിന്ന് പുനരുപയോഗ പ്ലാസ്റ്റിക്; പുതിയ പദ്ധതിയുമായി റിലയന്‍സ്

ഉപയോഗിച്ച് കഴിഞ്ഞ കോവിഡ്- 19 പിപിഇ കിറ്റുകളില്‍ നിന്നും നിന്ന് പുനരുപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പുതിയ പദ്ധതി. സിഎസ്‌ഐആര്‍ - നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയും (CSIR- NCL) ആയി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. പൂനെയിലെ മറ്റു ചില കമ്പനികളും സംരംഭത്തില്‍ പങ്കാളികളായേക്കും. രാജ്യത്തുടനീളം പിപിഇ മാലിന്യങ്ങള്‍ ഉപയോഗപ്രദവും സുരക്ഷിതവുമായ ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് സാധിക്കുമെന്ന് പൈലറ്റ് പ്രൊജക്ടിലൂടെ വ്യക്തമായതായി കമ്പനികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഓയോ ഓഹരി വിപണിയിലേക്ക്, അടുത്ത ആഴ്ച ഫയല്‍ ചെയ്യും

ഓഹരി വിപണിയിലിത് ഐപിഒകളുടെ കാലമാണ്. നിരവധി കമ്പനികളാണ് അടുത്തിടെ പ്രാരംഭ ഓഹരി വില്‍പ്പന നടത്തിയത്. അതിലും കൂടുതല്‍ കമ്പനികള്‍ രേഖകള്‍ ഫയല്‍ ചെയ്ത് ഐപിഒയ്ക്കുള്ള ഒരുക്കത്തിലാണ്. എന്നാലിതാ ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ട്അപ്പായ ഓയോയും ഓഹരി വിപണിയിലേക്ക് കടന്നുവരാനുള്ള തയ്യാറെടുപ്പിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായി ഐപിഒയ്ക്കായുള്ള രേഖകള്‍ അടുത്ത ആഴ്ചയോടെ സെബിക്ക് മുമ്പാകെ ഫയല്‍ ചെയ്യും.

വീണ്ടും നോക്കുകൂലി പ്രശ്‌നം, നിര്‍മാണ തൊഴിലാളികള്‍ക്കു മര്‍ദനം

തിരുവനന്തപുരം പോത്തന്‍കോട് നോക്കുകൂലി ആവശ്യപ്പെട്ടു നിര്‍മാണ തൊഴിലാളികള്‍ക്കു മര്‍ദനം. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, ബിഎംഎസ് യൂണിയനുകളില്‍പ്പെട്ടവരാണ് കരാറുകാരനെയും നിര്‍മാണ തൊഴിലാളികളെയും മര്‍ദിച്ചത്. സംഭവത്തില്‍, പോത്തന്‍കോട് പൊലീസ് രണ്ടു പേര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തു. നോക്കുകൂലി വാങ്ങില്ലെന്നു പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയന്‍ കൈയ്യടി നേടി ഒരാഴ്ച തികയും മുന്‍പാണു നോക്കുകൂലി പ്രശ്‌നം ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്വര്‍ണം; പവന്‍ വീണ്ടും 35000 രൂപയില്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് . ഒരു പവന്‍ സ്വര്‍ണത്തിന് വീണ്ടും 35000 രൂപയില്‍ താഴെ. ഇന്ന് പവന് 200 രൂപ കുറഞ്ഞ് 34,880 ആണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4360 ആയി.

റിയല്‍റ്റി തിളങ്ങി; റെക്കോര്‍ഡ് ഉയരത്തില്‍ സൂചികകള്‍

ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും ആഭ്യന്തരമായ അനുകൂല സാഹചര്യങ്ങളും ഓഹരി വിപണിയെ പുതിയ ഉയരത്തിലെത്തിച്ചു. സെന്‍സെക്സ് 958.03 പോയ്ന്റ് ഉയര്‍ന്ന് 59885.36 പോയ്ന്റിലും നിഫ്റ്റി 276.30 പോയ്ന്റ് ഉയര്‍ന്ന് 17823 പോയ്ന്റിലും ക്ലോസ് ചെയ്തു. മികച്ച മണ്‍സൂണ്‍ ലഭ്യമായതും വാക്സിനേഷന്‍ വേഗതയുമെല്ലാം വിപണിക്ക് അനുകൂല സ്ഥിതിയൊരുക്കി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 17 എണ്ണത്തിനും ഇന്ന് നേട്ടമുണ്ടാക്കാനായി. രണ്ടു ശതമാനം നേട്ടവുമായി റബ്ഫില ഇന്റര്‍നാഷണല്‍ കേരള കമ്പനികളില്‍ നേട്ടത്തില്‍ മുന്നില്‍ നില്‍്ക്കുന്നു. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (1.86 ശതമാനം), അപ്പോളോ ടയേഴ്സ് (1.81 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.61 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.33 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.23 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ പെടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it