ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 09, 2022

ഇന്ത്യന്‍ രൂപ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക്

ഇന്ത്യന്‍ രൂപ-യു എസ് ഡോളര്‍ വിനിമയ നിരക്ക് റെക്കോര്‍ഡ് ഇടിവിലേക്ക് പ്രവേശിച്ചിരിക്കുന്നു -77.36 രൂപ. ക്രൂഡ് ഓയില്‍ വില വര്‍ധനവ്, പണപ്പെരുപ്പം, പലിശ നിരക്ക് വര്‍ധനവ്., ഓഹരി വിപണിയിലെ ഇടിവ് എന്നിവ കാരണമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇതിന് മുന്‍പ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് 2022 മാര്‍ച്ചിലായിരുന്നു -77.98 രൂപ. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ കൂടുതലായി ഓഹരികള്‍ വിറ്റ്ത് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണമായി. മെയ് ആദ്യ വരം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ 6400 കോടി രൂപയ്ക്കാണ് ഓഹരികള്‍ വിറ്റഴിച്ചത്. റഷ്യ-യു ക്രയ്ന്‍ യുദ്ധം തുടരുന്നത് ക്രൂഡ് ഓയില്‍ വില വര്‍ധിക്കാന്‍ കാരണമായി. റിസേര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ 29 ന് അവസാനിക്കുന്ന ആഴ്ചയില്‍ രാജ്യത്തെ വിദേശ കറന്‍സി ശേഖരം 600 ശതകോടി ഡോളറില്‍ താഴേക്ക് പോയി.

വിമാനക്കമ്പനികള്‍ രക്ഷപ്പെടുന്നു,ആഭ്യന്തര യാത്രക്കാരുടെ എണ്ണം 83 ശതമാനം ഉയര്‍ന്നു

കോവിഡ് കേസുകള്‍ കുറയുന്നതോടൊപ്പം രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 83 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏപ്രിലില്‍ യാത്രക്കാരുടെ എണ്ണം 10.5 ദശലക്ഷമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെറും 5 ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉള്ളത് എന്ന് ICRA വിലയിരുത്തുന്നു. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് 2019 ഏപ്രിലില്‍ ഏകദേശം 11 ദശലക്ഷം ആഭ്യന്തര യാത്രക്കാരെയാണ് ലഭിച്ചിരുന്നത്.

സ്റ്റേബിള്‍ ക്രിപ്റ്റോകളെ അംഗീകരിച്ച് അമേരിക്ക

ഡോളറുമായി പെഗ് ചെയ്ത സ്റ്റേബിള്‍ ക്രിപ്റ്റോ കോയിനുകളെ അംഗീകരിച്ച് അമേരിക്ക. ഇതു സംബന്ധിച്ച പ്രത്യക നിയമങ്ങള്‍ സംബന്ധിച്ച കരട് യുഎസ് സെനറ്റര്‍ പാട്രിക് ടൂമി അവതരിപ്പിച്ചു. ട്രസ്റ്റ് ആക്ട് അഥവാ സ്റ്റേബിള്‍കോയിന്‍ ട്രാന്‍സ്പെരന്‍സി ഓഫ് റിസര്‍വ്സ് ആന്‍ഡ് യൂണിഫോം സെയില്‍ ട്രാന്‍സാക്ഷന്‍സ് ആക്ട്-2022 എന്നാണ് പുതിയ നിയമം അറിയപ്പെടുക. ദൈനംദിന ഇടപാടുകള്‍ക്ക് സ്റ്റേബിള്‍ കോയിനുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, നിയന്ത്രണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് ട്രസ്റ്റ് ആക്ട് എത്തുന്നത്.

സെന്‍സെക്സ് 364 പോയ്ന്റ് താഴ്ന്നു, റിലയന്‍സിന് തിരിച്ചടി

ഓഹരി വിപണിയില്‍ ഇന്നും ഇടിവ്. തുടക്കത്തില്‍ ചുവപ്പില്‍ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് ഉച്ചയോടെ ആഘാതം കുറച്ചെങ്കിലും 364 പോയ്ന്റ് നഷ്ടത്തില്‍ 54,471 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 109 പോയ്ന്റ് താഴ്ന്ന് 16,302 ല്‍ എത്തി. സെന്‍സെക്‌സ് ഓഹരികളില്‍, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് നാല് ശതമാനത്തോളം ഇടിഞ്ഞു. പ്രതീക്ഷിച്ച അറ്റാദായം കമ്പനിക്ക് നേടാനാകാത്തതാണ് റിലയന്‍സിന്റെ ഓഹരി ഇടിയാന്‍ കാരണം. കമ്പനി 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 16,203 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് റിപ്പോര്‍ട്ട് ചെയ്തത്.

നെസ്ലെ ഇന്ത്യയും ഇന്‍ഡസ്ഇന്‍ഡ് ബാങ്കും മൂന്ന് ശതമാനം വീതം ഇടിഞ്ഞു. ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, എച്ച്സിഎല്‍ ടെക്നോളജീസ് എന്നിവ മൂന്ന് ശതമാനം വീതം ഇടിഞ്ഞു. ഇന്‍ഫോസിസ് ഏകദേശം 2 ശതമാനം ഉയര്‍ന്നു. മാരുതി, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികള്‍. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1.5 ശതമാനം വീതം ഇടിഞ്ഞു.

എല്‍ & ടിയുടെ ലയന പ്രഖ്യാപനം; എല്‍ടിഐ ഇന്‍ഫോടെക്കിന്റെയും മൈന്‍ഡ്ട്രീയുടെയും ഓഹരികള്‍ ഇടിഞ്ഞു

ലയന കരാര്‍ പ്രകാരം, മൈന്‍ഡ്ട്രീയുടെ ഓഹരി ഉടമകള്‍ക്ക് 100 ഓഹരികള്‍ക്ക് പകരമായി എല്‍ടിഐയുടെ 73 ഓഹരികള്‍ ലഭിക്കും. എല്‍ടിഐ 3.4 ശതമാനം താഴ്ന്നപ്പോള്‍ മൈന്‍ഡ്ട്രീ 5.3 ശതമാനം ഇടിഞ്ഞു. മേഖലാതലത്തില്‍ ബിഎസ്ഇ എനര്‍ജി, പവര്‍ സൂചികകള്‍ 2 ശതമാനം വീതം ഇടിഞ്ഞു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി, മെറ്റല്‍ സൂചികകളാണ് നഷ്ടം നേരിട്ട മറ്റ് സൂചികകള്‍. ഐടി, ടെലികോം സൂചികകള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണി ചുവപ്പില്‍ മാത്രം നീങ്ങിയപ്പോള്‍ ആറ് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. നിറ്റ ജെലാറ്റിന്റെ ഓഹരി വില 18 ശതമാനം ഉയര്‍ന്നു. റബ്ഫില ഇന്റര്‍നാഷണല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം, സിഎസ്ബി ബാങ്കിന്റെ ഓഹരി വില എട്ട് ശതമാനം ഇടിഞ്ഞു. ഈസ്റ്റേണ്‍ ട്രെഡ്‌സ്, എഫ്എസിടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹാരിസണ്‍സ് മലയാളം, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട കേരള കമ്പനികള്‍.

ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ച ഇന്‍ഡിഗോയ്ക്ക് രൂക്ഷ വിമര്‍ശനം

ഭിന്നശേഷിയുള്ള കുട്ടിയെ വിലക്കിയ ഇന്‍ഡിഗോ വിമാനത്തിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനം. തുടര്‍ന്ന് വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് സിഇഒ റോണോജോയ് ദത്തയുടെ കുറിപ്പും. കുട്ടിക്കായി ഇലക്ട്രിക് വീല്‍ചെയര്‍ വാങ്ങിനല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. റാഞ്ചി വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്‍ഡിഗോ വിമാനത്തിന്റെ പ്രതിനിധിയാണ് കുട്ടിയെ കയറ്റില്ലെന്ന് മാതാപിതാക്കളെ അറിയിച്ചത്. കുടുംബവും മറ്റു യാത്രക്കാരും എതിര്‍ത്തപ്പോള്‍ കമ്പനിയുടെ പ്രതിനിധി ഇവരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. യാത്രക്കാരുടെ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഭിന്നശേഷിയുള്ള കുട്ടിയുടെ യാത്ര തടഞ്ഞതെന്നാണ് പ്രതിനിധി അറിയിച്ചത്. സംഭവത്തില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ ട്വിറ്ററിലും മറ്റും വിമര്‍ശന പോസ്റ്റുകളുടെ പ്രവാഹമാണ്.


ലങ്ക വിയര്‍ക്കുന്നു, പ്രധാനമന്ത്രി രാജിവച്ചു; എം പി മരിച്ച നിലയില്‍

ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ രാജിക്കു പിന്നാലെ രാജ്യത്ത് ആഭ്യന്തര കലാപം അതിരൂക്ഷം. പ്രതിഷേധക്കാരുടെ എതിര്‍പ്പിനിടെ രക്ഷ തേടി ഒരു കെട്ടിടത്തില്‍ അഭയം തേടിയ ഭരണകക്ഷി എംപിയെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തി. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന(എസ്എല്‍പിപി) എംപി അമരകീര്‍ത്തി അത്തുകൊറോളയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എംപിയുടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനെയും മരിച്ചനിലയില്‍ കണ്ടെത്തി.

വിപിഎന്‍ ഒളിച്ചുകളി ഇനി നടക്കില്ല, പിടി മുറുക്കി സർക്കാർ


രാജ്യത്തെ വിപിഎന്‍ (virtual private network) സേവന ദാതാക്കളോട് ഉപഭോക്താളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന CERT-in (Indian Computer Emergency Response Team) ആണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. കുറഞ്ഞത് 5 വര്‍ഷത്തേക്കാണ് സേവന ദാതാക്കള്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കേണ്ടത്.

Dhanam News Desk
Dhanam News Desk  
Next Story
Share it