ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഏപ്രില്‍ 05, 2022

പബ്ലിക് ഇഷ്യുവിനായുള്ള അപേക്ഷാ തുക ഇനി അഞ്ച് ലക്ഷം രൂപ യുപിഐ വഴി അയയ്ക്കാം

വ്യക്തിഗത നിക്ഷേപകര്‍ക്ക് പബ്ലിക് ഇഷ്യൂകളില്‍ അപേക്ഷിക്കാനുള്ള തുക 5 ലക്ഷം രൂപ വരെ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച് അയയ്ക്കാമെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി ചൊവ്വാഴ്ച അറിയിച്ചു. യുപിഐ ഐഡി ഇടപാടുകളില്‍ നല്‍കണം.

ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നു, വസ്ത്രവിലയില്‍ വര്‍ധനവുണ്ടായേക്കും

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതോടെ വസ്ത്രങ്ങളുടെ വില വര്‍ധിപ്പിച്ച് വ്യാപാരികള്‍. വസ്ത്രങ്ങള്‍ക്ക് 10 മുതല്‍ 25 ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തിലുണ്ടായ ചരക്ക് വില വര്‍ധനവാണ് ഇതിന് പ്രധാന കാരണം. നിലവില്‍ പരുത്തിയുടെ വില ഏറ്റവും ഉയര്‍ന്ന നിലയിലാണ് എത്തിനില്‍ക്കുന്നത്.

പരുത്തിയുടെ വില ഉയര്‍ന്നതോടെ തുണിയുടെ വിലയില്‍ 20-22 ശതമാനം വരെ വര്‍ധനവുണ്ടായതായി കോഴിക്കോട്ടെ മൊത്ത വസ്ത്ര വ്യാപാരിയായ സമീര്‍ പറയുന്നു. 'പ്രധാനമായും പരുത്തിയുടെ വില കുതിച്ചുയര്‍ന്നതാണ് വസ്ത്രങ്ങളുടെ വില ഉയരാന്‍ കാരണമായത്. കൂടാതെ, മെഷീനുകളില്‍ ഉപയോഗിക്കുന്ന ഓയ്ലുകളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്' സമീര്‍ ധനത്തോട് പറഞ്ഞു. പോളിസ്റ്റര്‍, റേയോണ്‍ തുടങ്ങിയ സിന്തറ്റിക് തുണിത്തരങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന എണ്ണയുടെ വില 50 ശതമാനത്തോളമാണ് വര്‍ധിച്ചത്.

എല്‍ഐസി ഐപിഒ, വില്‍പ്പനയ്ക്കെത്തുന്ന ഓഹരികളുടെ എണ്ണം ഉയര്‍ത്താന്‍ കേന്ദ്രം

നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക എല്‍ഐസി ഐപിഒ മറികടക്കും. എല്‍ഐസി ഐപിഒയിലൂടെ (പ്രാരംഭ ഓഹരി വില്‍പ്പന) വില്‍ക്കുന്ന ഓഹരികളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും. ഐപിഒയിലൂടെ എല്‍ഐസിയുടെ 5 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. ഇത് 5.5 മുതല്‍ 6 ശതമാനം ആയി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.


സെന്‍സെക്സ് 435 പോയ്ന്റ് താഴ്ന്നു, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വിലയിലും ഇടിവ്

ഇന്നലെ കുതിച്ചുയര്‍ന്ന ഓഹരി വിപണി ഇന്ന് ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കൊട്ടക് ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നിവയ്ക്കൊപ്പം എച്ച്ഡിഎഫ്സി ബാങ്കിലും എച്ച്ഡിഎഫ്സിയിലും നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെയാണ് വിപണി താഴ്ചയിലേക്ക് വീണത്. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 435 പോയിന്റ് അഥവാ 0.7 ശതമാനം ഇടിഞ്ഞ് 60,177 പോയ്ന്റിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. എച്ച്ഡിഎഫ്സി ബാങ്ക് 3 ശതമാനവും എച്ച്ഡിഎഫ്സി 2 ശതമാനവും ഇടിഞ്ഞു. എന്‍ടിപിസി, പവര്‍ഗ്രിഡ് എന്നിവ യഥാക്രമം 3 ശതമാനവും 2.4 ശതമാനവും മുന്നേറി. ഐടിസി, നെസ്ലെ ഇന്ത്യ, ടൈറ്റന്‍, ടിസിഎസ്, ഏഷ്യന്‍ പെയ്ന്റ്സ് എന്നിവയും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി50 96 പോയിന്റ് അഥവാ 0.5 ശതമാനം ഇടിഞ്ഞ് 17,957 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.3 ശതമാനവും 1.4 ശതമാനവും നേട്ടമുണ്ടാക്കിയതോടെ വിശാല വിപണികള്‍ ശക്തമായ പ്രകടനം കാഴ്ചവച്ചു. ബിഎസ്ഇയില്‍ മൊത്തത്തില്‍ 2,300-ലധികം ഓഹരികള്‍ പച്ചയില്‍ ക്ലോസ് ചെയ്തപ്പോള്‍ ഏകദേശം 1,000 ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.

മേഖലകളില്‍, നിഫ്റ്റി ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികകള്‍ മാത്രമാണ് നഷ്ടം നേരിട്ടത്. ഇവ ഏകദേശം 1.5 ശതമാനം വീതം ഇടിഞ്ഞു. അതേസമയം, നിഫ്റ്റി ഓട്ടോ, എഫ്എംസിജി സൂചികകള്‍ 1 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണി ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ കേരള കമ്പനികളില്‍ 17 ഓഹരികള്‍ നേട്ടമുണ്ടാക്കി. ഹാരിസണ്‍ മലയാളം (5 ശതമാനം), നിറ്റ ജലാറ്റിന്‍ (6.30 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (5 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല. ഫെഡറല്‍ ബാങ്ക്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, റബ്ഫില ഇന്റര്‍നാഷണല്‍, എവിറ്റി തുടങ്ങിയവയാണ് നഷ്ടം നേരിട്ട ഓഹരികള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it