

കേരളത്തില്‍ ഇന്ന് 1251 പേര്‍ക്ക് കൂടി കോവിഡ്. (ഇന്നലെ: 962) 11,437 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
രോഗികള്‍ :2,027,074(ഇന്നലെ വരെയുള്ള കണക്ക്: 1,964,536 )
മരണം : 41,585 (ഇന്നലെ വരെയുള്ള കണക്ക്: 40,699 )
രോഗികള്‍: 19,089,364 (ഇന്നലെ വരെയുള്ള കണക്ക്: 18,810,392 )
മരണം: 714,744 (ഇന്നലെ വരെയുള്ള കണക്ക്: 707,666 )
സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 5250 രൂപ (ഇന്നലെ 5190 രൂപ )
ഒരു ഡോളര്‍: 75.04രൂപ (ഇന്നലെ: 74.91 രൂപ )
| WTI Crude | 41.39 | -0.56 |
|---|---|---|
| Brent Crude | 44.51 | -0.58 |
| Natural Gas | 2.213 | +0.048 |
വ്യാപാര ആഴ്ചയുടെ അവസാനദിനത്തില്‍ ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. രാവിലത്തെ സെഷനില്‍ മുഴുവന്‍ നഷ്ടത്തിലായിരുന്ന വിപണി ക്ലോസിംഗിലേക്ക് എത്തിയപ്പോഴാണ് ചെറിയ നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 15.12 പോയ്ന്റ് ഉയര്‍ന്ന് 30,040.57 ലും നിഫ്റ്റി 13.80 പോയ്ന്റ് ഉയര്‍ന്ന് 11214 ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയ്ന്റ്സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്‍ഫോസിസ്, ടിസിഎസ്, ടൈറ്റാന്‍ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ഉയരുന്ന കോവിഡ് കേസുകളും ആഗോള തലത്തില്‍ നിന്നുള്ള നെഗറ്റീവ് വാര്‍ത്തകളുമാണ് വിപണിയെ ഇന്ന് ബാധിച്ചത്.
ഭൂരിഭാഗം കേരള കമ്പനികളും ഇന്ന് ഗ്രീന്‍ സോണിലായിരുന്നു. അപ്പോളോ ടയേഴസ്, എഫ്എസിടി, വിക്ടറി പേപ്പര്‍ തുടങ്ങിയ ഓഹരികള്‍ ഇന്ന് ആറ് ശതമാനത്തിനു മേല്‍ നേട്ടമുണ്ടാക്കി. കേരള ബാങ്കുകളില്‍ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ നാല് ശതമാനത്തിലധികവും ധനലക്ഷ്മി ബാങ്ക് ഒരു ശതമാനത്തിനു മുകളിലും നേട്ടമുണ്ടാക്കിയപ്പോള്‍ സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ ഇന്ന് നഷ്ടത്തിലായിരുന്നു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകളില്‍ രണ്ട് ദിവസം കൂടി അതിശക്തമായ മഴയുണ്ടാകും. ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് കൂടുതല്‍ പെയ്യാന്‍ സാദ്ധ്യതയുണ്ട്. നാളെ ഇടുക്കി, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.മിക്ക ജില്ലകളിലും കര്‍ശന ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റ് മരിച്ചു. കാപ്റ്റന്‍ ദീപക് വസന്ത് ആണ് മരിച്ചത്. യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സഹ പൈലറ്റ് അഖിലേഷിന് ഗുരുതരമായി പരിക്കുണ്ട്. 177 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇലക്ട്രിക് വാഹനങ്ങളിലെ (ഇവി) പ്രധാന ഘടകങ്ങളിലൊന്നായ ലിഥിയം അയോണ്‍ ബാറ്ററികളുടെ ഇറക്കുമതി കുറയ്‌ക്കേണ്ടതുണ്ടെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ ചുമതലയുളള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് ലിഥിയം അയോണ്‍ ഖനികള്‍ ലഭ്യമാക്കി.അസംസ്‌കൃത വസ്തുക്കള്‍ എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.സോഡിയം അയോണ്‍ സാങ്കേതികവിദ്യയെക്കുറിച്ചും ഗവേഷണം നടന്നുവരുകയാണ്,' ഇ-മൊബിലിറ്റി കോണ്‍ക്ലേവില്‍ ഗഡ്കരി പറഞ്ഞു.
ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് 2020 ജൂണ്‍ പാദത്തില്‍ 54.64 കോടി ഏകീകൃത ലാഭം നേടി.കൊവിഡ് -19 പകര്‍ച്ചവ്യാധി മൂലം 94 ശതമാനത്തിന്റെ വന്‍ ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 894.11 കോടി നികുതിക്കു ശേഷം കമ്പനി ലാഭം രേഖപ്പെടുത്തിയിരുന്നു. അവലോകന പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 16,321.34 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 26,041.02 കോടി ആയിരുന്നു. 37 ശതമാനം ഇടിവ്.
കാനറ ബാങ്ക് 2020-2021 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 23.5 ശതമാനം വളര്‍ച്ചയോടെ 406.24 കോടിയുടെ അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ലാഭം 329.07 കോടിയായിരുന്നു. പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31.82 ശതമാനം വര്‍ധിച്ച് 4,285 കോടി രൂപയായി.2020 മാര്‍ച്ചില്‍ 9.39 ശതമാനമായിരുന്ന ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 8.84 ശതമാനമായും 4.34 ശതമാനമായിരുന്ന അറ്റ നിഷ്‌ക്രിയ ആസ്തി 3.95 ശതമാനമായും കുറഞ്ഞ് ആസ്തി ഗുണമേന്മ മെച്ചപ്പെടുത്തി. മൂലധന പര്യാപ്തതാ അനുപാതവും മെച്ചപ്പെട്ട് 12.77 ശതമാനമെന്ന നിലയിലെത്തി.
രാജ്യം അടച്ചിടലില്‍നിന്ന് ഘട്ടംഘട്ടമായി വിമുക്തമായതോടെ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ വന്‍വര്‍ധന.വിദേശത്തുനിന്ന് ജൂലൈയില്‍ 25.5 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. കഴിഞ്ഞവര്‍ഷം ഇത് 20.4 ടണ്ണായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യംചെയ്യുമ്പഴുള്ള വര്‍ധന ഇരട്ടിയോളമാണ്. 2020ല്‍ ഇതാദ്യമായി കയറ്റുമതിയിലും വര്‍ധന രേഖപ്പെടുത്തി. എന്നിരുന്നാലും 2020ന്റെ ആദ്യപകുതിയിലെ കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 79ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള യത്നത്തില്‍ മുന്നേറുന്നുവെന്ന വാര്‍ത്തയുടെ ബലത്തില്‍ ചൈനീസ് ബയോ ടെക് കമ്പനിയുടെ ഓഹരി വില അതിവേഗം കുതിച്ചപ്പോള്‍ മുഖ്യ പ്രൊമോട്ടറുടെ സ്ഥാനം ലോകത്തിലെ 500 സമ്പന്നരുടെ പട്ടികയില്‍ ഏറെ മുന്നിലെത്തി.ഈ വര്‍ഷം 256 ശതമാനം ഉയര്‍ച്ചയാണ് ചോങ്കിംഗ് ഷിഫെ ബയോളജിക്കല്‍ പ്രൊഡക്ട്സ് കമ്പനി ഓഹരി വിലയ്ക്കുണ്ടായത്.
കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധി അംഗത്വ അപേക്ഷാ പ്രായപരിധി 60 വയസില്‍ നിന്ന് ഉയര്‍ത്തണമെന്ന ആവശ്യവുമായി ഹര്‍ജി.ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ ആണ് കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിലവില്‍ ഈ ക്ഷേമനിധിയില്‍ അംഗത്വമെടുക്കുവാനുള്ള പ്രായപരിധി 60 വയസാണ്. ഈ പ്രായം കഴിഞ്ഞ് വരുന്നവര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നല്‍കാതിരിക്കുന്നത് വിവേചനപരമാണെന്നും പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കെത്തുന്ന എല്ലാവര്‍ക്കും പ്രവാസ ക്ഷേമനിധിയില്‍ അംഗത്വം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
കൊറാണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജിവനക്കാര്‍ക്ക് അടുത്ത വര്‍ഷം ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി ഫെയ്‌സ്ബുക്ക്. വീട്ടില്‍ ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ 1000 ഡോളര്‍ അധികമായി നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെയും വിദഗ്ധരുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഫെയ്‌സ്ബുക്ക് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.അതേസമയം വൈറസ് വ്യാപനം കുറയുന്നതനുസരിച്ച് വളരെ കുറച്ച് ജീവനക്കാരെ ഉള്‍പ്പെടുത്തി ഓഫീസുകള്‍ തുറക്കുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine