ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 26, 2021
ഡിജിറ്റല്‍ ഗോള്‍ഡ് വില്‍പ്പന നിര്‍ത്താന്‍ ബ്രോക്കര്‍മാരോട് ആവശ്യപ്പെട്ട് എന്‍എസ്ഇ
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഡിജിറ്റല്‍ ഗോള്‍ഡ് വില്‍പ്പന നിര്‍ത്താന്‍ ഓഹരി ബ്രോക്കര്‍മാരോട് ആവശ്യപ്പെട്ടു. സെബി നിര്‍ദേശത്തെതുടര്‍ന്നാണ് അംഗങ്ങളോടും ഓഹരി ബ്രോക്കര്‍മാരോടും സെപ്റ്റംബര്‍ 10 നകം ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാട് നിര്‍ത്തണമെന്ന് എന്‍എസ്ഇ നിര്‍ദേശിച്ചിരിക്കുന്നത്. 1957ലെ സെക്യൂരിറ്റീസ് കോണ്‍ട്രാക്ട് റെഗുലേഷന്‍ ആക്ട് പ്രകാരമാണ് സെബിയുടെ നടപടി.
റവന്യൂ മാര്‍ക്കറ്റ് ഷെയര്‍ നേടുന്ന ഏക ടെലികോം ആയി റിലയന്‍സ് ജിയോ
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ റവന്യൂ മാര്‍ക്കറ്റ് ഷെയര്‍ (ആര്‍എംഎസ്) നേടുന്ന ഏക ടെലികോം ആയി റിലയന്‍സ് ജിയോ. പുതുതായി പ്രഖ്യാപിച്ച വിലകുറഞ്ഞ ജിയോഫോണ്‍ ഓഫറുകളുടെ ശക്തമായ ഉപഭോക്തൃ സ്വീകരണവും ദേശീയ ദീര്‍ഘദൂര (എന്‍എല്‍ഡി) സേവനങ്ങളും വരുമാനത്തില്‍ ശക്തമായ വളര്‍ച്ചയ്ക്ക് സഹായിച്ചതായി CLSA ബ്രോക്കറേജ് പങ്കുവച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എയര്‍ ടാക്സി സാധ്യമാക്കുമെന്ന സൂചനകള്‍ നല്‍കി കേന്ദ്ര വ്യോമയാന മന്ത്രി
രാജ്യത്ത് എയര്‍ ടാക്സി സാധ്യമാക്കുമെന്ന സൂചനകള്‍ നല്‍കി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ ഡ്രോണ്‍ നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'എയര്‍ ടാക്സികള്‍ ആഗോളതലത്തില്‍ ഗവേഷണം നടത്തുകയും കണ്ടുപിടിക്കുകയും ചെയ്യുന്നു, നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ വരുന്നുണ്ട്' - വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. റോഡുകളില്‍ കാണുന്ന യൂബര്‍ പോലുള്ള ടാക്സികള്‍, ആകാശത്ത് കാണുന്ന കാലം വിദൂരമല്ല. പുതിയ ഡ്രോണ്‍ നയത്തിന്റെ പശ്ചാത്തലത്തില്‍ ഇത് സാധ്യമാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഭാവിയുണ്ടെന്ന് രഘുറാം രാജന്‍
ക്രിപ്റ്റോകറന്‍സികള്‍ക്ക് ഭാവിയുണ്ടെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. അവയ്ക്ക് ഏറ്റക്കുറച്ചിലുകളുണ്ടായേക്കാമെങ്കിലും ഈ ഡിജിറ്റല്‍ ആസ്തികള്‍ ഫലപ്രദമായ പേയ്മെന്റ് മാര്‍ഗമായി മാറിയേക്കാമെന്ന് അദ്ദേഹം റോയിട്ടേഴ്‌സ് ഗ്ലോബല്‍ മാര്‍ക്കറ്റ് ഫോറത്തോട് പറഞ്ഞു.
ഇന്‍ഡിഗോ ആഭ്യന്തര സര്‍വീസ് വിപുലമാക്കുന്നു
സെപ്റ്റംബര്‍ 1 മുതല്‍ ഡല്‍ഹി-ലക്‌നൗ, ലക്‌നൗ-ജയ്പൂര്‍, ഇന്‍ഡോര്‍-ലക്‌നൗ എന്നീ റൂട്ടില്‍ ഇന്‍ഡിഗോ പുതിയ വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഡല്‍ഹി-ഡെറാഡൂണിനെ ബന്ധിപ്പിക്കുന്ന വിമാനങ്ങള്‍ സെപ്റ്റംബര്‍ 5 മുതല്‍ ആരംഭിക്കും. ആഭ്യന്തര യാത്രക്കാരുടെ സൗകര്യപ്രകാരമാണ് നിയന്ത്രണങ്ങളോടെ പുതിയ തീരുമാനം.
സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് എല്ലാ അധ്യാപകര്‍ക്കും വാക്‌സിന്‍
അധ്യാപക ദിനത്തിന് മുമ്പ് എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കണമെന്ന് കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശിച്ചു. ''ഓഗസ്റ്റില്‍ പദ്ധതിയിട്ടിരുന്ന വാക്‌സിന്‍ ഡോസുകളുടെ എണ്ണത്തേക്കാള്‍ രണ്ട് കോടിയിലധികം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനത്തിന് മുന്‍പ് തന്നെ എല്ലാ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കുവാനായി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു,'' അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ.
പുതിയ വെയര്‍ഹൗസുകള്‍ തുടങ്ങാനൊരുങ്ങി ഫ്‌ളിപ്കാര്‍ട്ട്
ഫ്‌ളിപ്കാര്‍ട്ട് കര്‍ണാടകയില്‍ പുതിയ വെയര്‍ഹൗസുകള്‍ ആരംഭിക്കുന്നു. 14,000 ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്. ചെറുകിടക്കാരെ സഹായിക്കുന്നതിന് വെയര്‍ഹൗസില്‍ കൂടുതല്‍ സൗകര്യമൊരുക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
കോവിഷീല്‍ഡിന്റെ ഇടവേള കുറച്ചേക്കും
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞതിനു പിന്നാലെ കോവിഷീല്‍ഡ് വാക്‌സീന് രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള സമയം 12 ആഴ്ചയെന്നതു കുറച്ചേക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ആരോഗ്യ മന്ത്രാലയം പരിഗണിച്ചു വരികയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
എട്ട് ക്രിപ്റ്റോ സര്‍വീസ് ആപ്പുകള്‍ക്ക് നിരോധനവുമായി ഗൂഗ്ള്‍
ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന എട്ട് ആപ്പുകള്‍ക്ക് നിരോധനവുമായി ഗൂഗ്ള്‍. ആപ്പുകള്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗൂഗ്ളിന്റെ നടപടി. ആപ്ലിക്കേഷനുകള്‍ വ്യാജ വിവരങ്ങള്‍ നല്‍കി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഗൂഗ്ള്‍ അഭിപ്രായപ്പെട്ടു. ബിറ്റ്ഫണ്ട്, ബിറ്റ്കോയ്ന്‍ മൈനര്‍, ബിറ്റ്കോയ്ന്‍ (ബിടിസി), ക്രിപ്റ്റോ ഹോളിക്, ഡയ്ലി ബിറ്റ്കോയ്ന്‍ റിവാര്‍ഡ്, ബിറ്റ്കോയ്ന്‍ 2021, മൈന്‍ബിറ്റ് പ്രൊ, എഥേറിയം എന്നീ ആപ്പുകളാണ് ഗൂഗ്ള്‍ നിരോധിച്ചത്.
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേരിയ നേട്ടത്തോടെ സൂചികകള്‍
തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയ ശേഷം, ആഗോള വിപണിയുടെ ചുവടുപിടിച്ച് പിന്നോക്കം പോയ ഓഹരി വിപണി നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 4.89 പോയ്ന്റ് ഉയര്‍ന്ന് 55949.10 പോയ്ന്റിലും നിഫ്റ്റി 2.20 പോയ്ന്റ് ഉയര്‍ന്ന് 16636.90 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1578 ഓഹരികള്‍ നേട്ടമുണ്ടാക്കി. 1372 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായപ്പോള്‍ 105 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, ബിപിസിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഭാരതി എയര്‍ടെല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മാരുതി സുസുകി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 13 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. 13.35 ശതമാനം നേട്ടമുണ്ടാക്കി കേരള ആയുര്‍വേദ കുതിപ്പ് തുടരുകയാണ്. ഹാരിസണ്‍സ് മലയാളം (5.59 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.76 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.76 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (2.73 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (1.56 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine