ഇന്ന് നിങ്ങള്‍ അറിയേണ്ട ബിസിനസ് വാര്‍ത്തകള്‍


1. പ്രതിമാസം 10 കോടി കോവിഡ് വാക്‌സിന്‍ നിര്‍മിക്കാനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റിയൂട്ട്

അടുത്ത വര്‍ഷം മുതല്‍ പ്രതിമാസം 10 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍മിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അഡാര്‍ പൂനവാല. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് രാജ്യാന്തര ഫാര്‍മ കമ്പനിയായ ആസ്ട്രസെനക വികസിപ്പിച്ചെടുത്തിരിക്കുന്ന വാക്‌സിനാണ് സിറം നിര്‍മിക്കുക. കോവിഷീല്‍ഡ് എന്ന് നാമകരണം ചെയ്തിരിക്കുന്ന വാക്‌സിന്‍ ഇപ്പോള്‍ ഇന്ത്യയില്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലിന് വിധേയമാകുകയാണ്. കൊറോണ വൈറസിനെതിരായ ഏറ്റവും ഫലപ്രദമായ വാക്‌സിനാണ് കോവിഷീല്‍ഡ് എന്ന് നേരത്തെ അഡാര്‍ പൂനവാല അഭിപ്രായപ്പെട്ടിരുന്നു. നിര്‍മിക്കുന്ന വാക്‌സിന്‍ ആദ്യഘട്ടത്തില്‍ ഇന്ത്യയിലാകും വിതരണം ചെയ്യുക.

2. പിരമള്‍ ഗ്ലാസിനെ 7,500 കോടി രൂപയ്ക്ക് ബ്ലാക്ക് സ്റ്റോണ്‍ വാങ്ങി

അജയ് പിരമല്‍ സാരഥ്യം നല്‍കുന്ന പിരമള്‍ ഗ്രൂപ്പിന്റെ ഗ്ലാസ് പാക്കേജിംഗ് ബിസിനസിനെ അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണ്‍ വാങ്ങി. ഏകദേശം 7,500 കോടി രൂപയുടെ ഇടപാടാണ് നടന്നതെന്ന് ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോസ്‌മെറ്റിക്‌സ്, പെര്‍ഫ്യൂമറി, സ്‌പെഷാലിറ്റി ഫുഡ്, ബിവ്‌റേജസ്, ഫാര്‍മ കമ്പനികള്‍ക്കുവേണ്ട ഗ്ലാസ് പാക്കേജിംഗ് സൊലൂഷനാണ് പിരമള്‍ ഗ്ലാസ് നല്‍കുന്നത്. കമ്പനിക്ക് 65 രാജ്യങ്ങളില്‍ ബിസിനസുണ്ട്.

3. 'ബിയര്‍ കമ്പനികളും ഒത്തുകളിച്ചു'

ബിയര്‍ വില നിര്‍ണയത്തിന്റെ കാര്യത്തില്‍ കാള്‍സ്ബര്‍ഗ്, SABMiller, യുബി ഗ്രൂപ്പ് എന്നിവര്‍ കഴിഞ്ഞ 11 വര്‍ഷമായി ഒത്തുകളിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത്തരം വിവരത്തെ തുടര്‍ന്ന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ 2018ല്‍ ഈ കമ്പനികളുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇത്തരം അന്വേഷണങ്ങളുടെ അന്തിമ ഫലം വെളിവായിട്ടില്ലെങ്കിലും രാജ്യത്തെ പ്രമുഖ ബിയര്‍ ബ്രാന്‍ഡുകള്‍ക്കുമേല്‍ കളങ്കത്തിന്റെ നിഴല്‍ പതിയാന്‍ ഇത് ഇടയായിട്ടുണ്ട്. റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച് ആന്റിട്രസ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. വിപണിയില്‍ മത്സരിക്കുന്ന കമ്പനികളാണെങ്കില്‍ പോലും നിര്‍ണായകമായ വിവരങ്ങള്‍ കൈമാറി വില നിര്‍ണയക്കാര്യത്തില്‍ ഒത്തുക്കളിച്ചതായാണ് റിപ്പോര്‍ട്ട് പറയുന്നത്.

4. കര്‍ഷക പ്രക്ഷോഭം: സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഭാരതീയ കിസാന്‍ യൂണിയന്‍

കാര്‍ഷിക ബില്ലുകള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം പതിനാറ് ദിവസം പിന്നിടുമ്പോള്‍ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഭാരതീയ കിസാന്‍ യൂണിയന്‍. നിയമം പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷക സംഘടനകള്‍. അതിനിടെ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റെയ്ല്‍വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്നും ഭീഷണിയുണ്ട്.


5. ഐപിഎല്‍ വന്നു, ഡിസ്‌നി + ഹോട്ട് സ്റ്റാര്‍ വരിക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നു

അമേരിക്കന്‍ സ്ട്രീമിംഗ് സര്‍വീസ് വമ്പനായ ഡിസ്‌നി+ ന്റെ ഇന്ത്യന്‍ വിഭാഗം ഡിസ്‌നി+ഹോട്ട് സ്റ്റാറിന്റെ വരിക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ തുടര്‍ന്നാണിത്. നിലവില്‍ ഇന്ത്യയില്‍ ഡിസ്‌നി+ ഹോട്ട് സ്റ്റാറിന് 2.60 കോടി വരിക്കാരാണുള്ളത്. കമ്പനിയുടെ മൊത്തം വരിക്കാരുടെ എണ്ണത്തിന്റെ 30 ശതമാനം വരുമിത്. ഇതോടെ ഡിസ്‌നി+ പ്രധാന വിപണിയായി ഇന്ത്യ മാറി. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിന് ഇന്ത്യയില്‍ 1.85 കോടി വരിക്കാരാണ് ഉണ്ടായിരുന്നത്.

6. കോവിഡ് വാക്‌സിന്‍ നീക്കത്തിനൊരുങ്ങി എയര്‍ലൈന്‍ കമ്പനികള്‍

കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ പ്രമുഖ കമ്പനികളുടെ വാക്‌സിനുകള്‍ ലോകമെമ്പാടും എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തി എയര്‍ലൈന്‍ കമ്പനികള്‍. കോവിഡിനെ തുടര്‍ന്ന് തകര്‍ന്നു താറുമാറായ ട്രാവല്‍ ഇന്‍ഡസ്ട്രിക്ക് കോവിഡ് വാക്‌സിന്‍ നീക്കം പുതിയൊരു ഉണര്‍വേകിയേക്കും. എന്നാല്‍ പ്രമുഖ വാക്‌സിനുകളെല്ലാം വളരെ താഴ്ന്ന ഊഷ്മാവില്‍ സൂക്ഷിക്കേണ്ടി വരുന്നത് എയര്‍ലൈന്‍ കമ്പനികള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.


7. ആപ്പിള്‍ ഡേയ്‌സ് സെയ്‌ലുമായി ആമസോണ്‍

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി ആമസോണിന്റെ ആപ്പിള്‍ ഡേയ്‌സ് ഡിസംബര്‍ 16 മുതല്‍. ഐഫോണ്‍ 11, ഐഫോണ്‍ 7 എന്നിവയ്‌ക്കെല്ലാം വന്‍ കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐപാഡ് മിനിയ്ക്കും ഇളവുകളുണ്ട്.

8. ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കി ഓഹരി വിപണി

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്ത് ഓഹരി വിപണി. ആഗോള വിപണി ദുര്‍ബലമായ പ്രകടനമാണ് നടത്തിയതെങ്കിലും ഊര്‍ജ, എഫ്എംസിജി, മെറ്റല്‍സ് ഓഹരികളുടെ ബലത്തില്‍ ദേശീയ വിപണി നേട്ടമുണ്ടാക്കി.
സെന്‍സെക്‌സ് 139.13 പോയ്ന്റ് ഉയര്‍ന്ന് 46099.01 പോയ്ന്റിലും നിഫ്റ്റി 35.60 പോയ്ന്റ് ഉയര്‍ന്ന് 13513.90 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 15 എണ്ണമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 12 ഓഹരികള്‍ക്ക് വിപണിയില്‍ കാലിടറി. 6.28 ശതമാനം ഉയര്‍ച്ചയോടെ (11.40 രൂപ) അപ്പോളോ ടയേഴ്‌സാണ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. കിറ്റെക്‌സിന്റെ ഓഹരി വില 4.30 രൂപ (3.85 ശതമാനം) വര്‍ധിച്ച് 115.95 രൂപയിലും കൊച്ചിന്‍ മിനറല്‍സിന്റേത് 4.30 രൂപ വര്‍ധിച്ച് (3.46 ശതമാനം) 128.70 രൂപയിലുമെത്തി.
പാറ്റ്‌സ്പിന്‍ ഇന്ത്യ (2.76 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (1.79 ശതമാനം)നിറ്റ ജലാറ്റിന്‍ (1.54 ശതമാനം), കെഎസ്ഇ (1.49 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.24 ശതമാനം), കേരള ആയുര്‍വേദ (1.23 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.18 ശതമാനം), ഫെഡറല്‍ ബാങ്ക് (1.15 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.47 ശതമാനം), ആസ്റ്റര്‍ ഡി എം (0.44 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.24 ശതമാനം), എവിറ്റി (0.11 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.








കോവിഡ് അപ്‌ഡേറ്റ്‌സ് (11 12 2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍:4642

മരണം :29

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 9,796,769

മരണം : 142,186


ലോകത്ത് ഇതുവരെ:

രോഗികള്‍: 70,717,552

മരണം : 1,588,348

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it