ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 23, 2022

ഇന്ത്യ ഹരിത ഊര്‍ജത്തില്‍ ഏറെ മുന്നിലെത്തുമെന്ന് അംബാനി

രണ്ട് പതിറ്റാണ്ടിനുള്ളില്‍ 500 ബില്യണ്‍ ഡോളറിന്റെ വിദേശ വില്‍പ്പനയിലൂടെ ഇന്ത്യ പുനരുപയോഗ ഊര്‍ജത്തിന്റെ മുന്‍നിരക്കാരായി ഉയര്‍ന്നുവരുമെന്ന് ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി. 'ഹരിത ഊര്‍ജത്തില്‍ മുന്നിലെത്താന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നതില്‍ എനിക്ക് സംശയമില്ല, ആഗോളതലത്തില്‍ ഒരു പുതിയ ഊര്‍ജ കേന്ദ്രമായി ഉയരും. അദ്ദേഹം പറഞ്ഞു. ഹരിത പദ്ധതികള്‍ക്കായി 76 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ റീറ്റെയില്‍-ടു-റിഫൈനിംഗ് കമ്പനിയായ റിലയന്‍സ് പദ്ധതിയിടുന്നതായും അംബാനി പറഞ്ഞു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ ശക്തമായ വളര്‍ച്ചയും അദ്ദേഹം പ്രവചിച്ചു, ജപ്പാനെയും യൂറോപ്യന്‍ യൂണിയനെയും മറികടന്ന് 2032-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍നിന്നുള്ള കംപ്യൂട്ടര്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധന

2021 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയില്‍നിന്നുള്ള കംപ്യൂട്ടറുകളുടെ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധന. 2020 മായി താരതമ്യം ചെയ്യുമ്പോള്‍ ലാപ്ടോപ്പ്, ഡെസ്‌ക്ക്ടോപ് എന്നിവയുടെ കയറ്റുമതി 44.5 ശതമാനത്തോളമാണ് ഉയര്‍ന്നത്. ചെറുകിട - ഇടത്തരം ബിസിനസ്, ഉപഭോക്തൃ വിഭാഗം തുടങ്ങിയ രംഗത്തുനിന്നുണ്ടായ ഉയര്‍ന്ന ഡിമാന്റാണ് കയറ്റുമതി കുത്തനെ ഉയരാന്‍ കാരണമായതെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍ഡസ് ടവേഴ്സ് ലിമിറ്റഡിന്റെ 5% ഓഹരികള്‍ എയര്‍ടെല്ലിന് വിറ്റേക്കുമെന്ന് വോഡഫോണ്‍

ഇന്‍ഡസ് ടവേഴ്സ് ലിമിറ്റഡിന്റെ 5% ഓഹരികള്‍ ഭാരതി എയര്‍ടെല്ലിലേക്ക് ഓഫ്ലോഡ് ചെയ്യാന്‍ വോഡഫോണ്‍ ശ്രമിക്കുന്നതായി ടെലികോം ഗ്രൂപ്പ് ബുധനാഴ്ച അറിയിച്ചു. 3,300 കോടിയിലധികം മൂല്യമുള്ള ഇന്‍ഡസ് ടവേഴ്സിലെ ഏകദേശം 5% ഓഹരികളാണ് ഭാരതി എയര്‍ടെല്ലിന് വില്‍ക്കാന്‍ കമ്പനി ആലോചിക്കുന്നത്.

സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഡി-മാര്‍ട്ട് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലേക്ക്

ഡി-മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള അവന്യൂ സൂപ്പര്‍മാര്‍ട്ട് ലിമിറ്റഡ്, ഇന്ത്യയിലെ ആദ്യത്തെ പ്രവര്‍ത്തന സ്മാര്‍ട്ട് സിറ്റിയും ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററുമായ (IFSC) GIFT സിറ്റിയില്‍ അതിന്റെ സ്റ്റോര്‍ തുറക്കാന്‍ ഒരുങ്ങുന്നു. ഗിഫ്റ്റ് സിറ്റിയിലെ സ്റ്റോറിന്റെ വികസനത്തിനായി കമ്പനിക്ക് അടുത്തിടെ അവകാശ പത്രം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

വിജയ് മല്യ ഉള്‍പ്പെടെയുള്ളവരുടെ കള്ളപ്പണക്കേസ്; 18000 കോടി രൂപ തിരികെ ബാങ്കുകളിലെത്തി

വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ കേസില്‍ 18,000 കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ബുധനാഴ്ച സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്.

നേട്ടം വില്‍പ്പനസമ്മര്‍ദ്ദത്തില്‍ ഒലിച്ചുപോയി, ആറാംദിവസവും വിപണിയില്‍ ഇടിവ്!

ഇന്നലത്തെ ഇടിവിന് ശേഷം ഇന്നൊരു ആശ്വാസറാലി പ്രതീക്ഷിച്ചവര്‍ക്ക് സന്തോഷം പകര്‍ന്നുകൊണ്ടായിരുന്നു ഓഹരി വിപണിയുടെ തുടക്കം. പക്ഷേ നേട്ടം വിപണിക്ക് പിടിച്ചുനിര്‍ത്താനായില്ല. വ്യാപാരത്തിന്റെ അവസാനമണിക്കൂറുകളില്‍ ഐറ്റി, ഫിനാന്‍ഷ്യല്‍, ഓട്ടോ ഓഹരികളിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദം സൂചികകളെ വലിച്ചുതാഴ്ത്തി.

ഒരു ഘട്ടത്തില്‍ 501 പോയ്ന്റ് വരെ ഉയര്‍ന്ന സെന്‍സെക്സ് വ്യാപാരാന്ത്യത്തില്‍ 69 പോയ്ന്റ് താഴ്ന്ന് 57,232ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 29 പോയ്ന്റ് ഇടിഞ്ഞ് 17,063ലും ക്ലോസ് ചെയ്തു. അതേ സമയം വിശാല വിപണി മുഖ്യ സൂചികകളെ വെല്ലുന്ന പ്രകടനമാണ് നടത്തിയത്. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍ കാപ് സൂചികകള്‍ ഒരു ശതമാനം നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

റഷ്യ-യുക്രൈന്‍ പ്രശ്നവും ക്രൂഡ് വില വര്‍ധനയും ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വെല്ലുവിളി സൃഷ്ടിക്കുമെന്ന ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവന ഇന്ന് ട്രേഡേഴ്സിനെ ജാഗരൂകരാക്കിയിട്ടുണ്ട്.

കേരള കമ്പനികളുടെ പ്രകടനം

ഏഴ് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. വണ്ടര്‍ല ഓഹരി വില 6.28 ശതമാനത്തോളം ഉയര്‍ന്നു. എവിറ്റി നാച്വറല്‍ ഓഹരി വില 6.41 ശതമാനവും വര്‍ധിച്ചു. കിംഗ്സ് ഇന്‍ഫ്ര, റബ്ഫില എന്നിവയുടെ ഓഹരി വിലകള്‍ നാല് ശതമാനത്തിലേറെ കൂടി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it