ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 13,2022

പേ ടിഎം ഐപിഒ നിക്ഷേപകരുടെ പാതി സമ്പത്ത് ഒലിച്ചുപോയി!
പേ ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യുണിക്കേഷന്‍സിന്റെ ഓഹരി വില ഇന്ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 1,051 രൂപയായതോടെ, കമ്പനിയുടെ ഐപിഒയില്‍ നിക്ഷേപം നടത്തിയവരുടെ പാതി സമ്പത്ത് ഒലിച്ചുപോയി! ഇഷ്യു പ്രൈസ് 2,150 രൂപയായിരുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏറ്റവും വലിയ ലിസ്റ്റിംഗ് നടത്തിയ കമ്പനിയുടെ ഓഹരി വില കഴിഞ്ഞ ഒന്‍പതു ദിവസമായി തുടര്‍ച്ചയായി ഇടിഞ്ഞ് വരികയാണ്.
ഇട്ടീര ഡേവിസിന്റെ നിയമനത്തിന് റിസര്‍വ് ബാങ്ക് അംഗീകാരം
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി മലയാളിയായ ഇട്ടീര ഡേവിസിനെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഒരു വര്‍ഷത്തേക്കാണ് നിയമനം. 2015 മാര്‍ച്ച് മുതല്‍ ഇട്ടീര ഡേവിസ് ഉജ്ജീവന്‍ ബാങ്കിലുണ്ട്.
2021ല്‍ പണം വാരി ഇന്ത്യയിലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍
ഐപിഒ പെരുമഴയ്ക്ക് സാക്ഷ്യം വഹിച്ച 2021ല്‍ ഇന്ത്യയിലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍ കൊയ്തത് റെക്കോര്‍ഡ് നേട്ടം. ഫീ ഇനത്തിലായി രാജ്യത്തെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍ 2021ല്‍ സമാഹരിച്ചത് 2,200 കോടി രൂപയാണ്. 2020ല്‍ ഇത് 776.7 കോടി രൂപയായിരുന്നു. വമ്പന്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ളവരുടെ 120 ഐപിഒകളാണ് 2021ല്‍ നടന്നത്. ഇക്വിറ്റി മാര്‍ക്കറ്റിലെ വമ്പന്‍ ഡീലുകളാണ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകള്‍ക്ക് നേട്ടമായത്.
ബിപിസിഎല്ലിനെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് വേദാന്ത ഗ്രൂപ്പ്
പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ബിപിസിഎല്ലിനെ - ഏറ്റെടുക്കാന്‍ 1200 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍. കമ്പനിയുടെ വിപണി മൂല്യം 11-12 ബില്യണ്‍ ഡോളറാണെന്നിരിക്കെ ആ തുക നിക്ഷേപം നടത്താനാണ് തങ്ങള്‍ നോക്കുന്നതെന്ന് അനില്‍ അഗര്‍വാള്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ റിഫൈനിംഗ് കമ്പനിയായ ബി പി സി എല്ലിന്റെ ഓഹരി വില്‍പ്പന സെപ്തംബറില്‍ പൂര്‍ത്തിയാക്കാനായിരുന്നു കേന്ദ്രത്തിന്റെ നീക്കമെങ്കിലും അത് നടന്നില്ല. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 11.4 ബില്യണ്‍ ഡോളറാണ്. (84,827 കോടി രൂപ)
എല്‍ ഐ സി ഐപിഒ മാര്‍ച്ച് മധ്യത്തില്‍?
എല്‍ ഐ സിയുടെ ലിസ്റ്റിംഗ് നടപടികളുമായി ബന്ധപ്പെട്ട് ഈ മാസവസാനത്തോടെ സെബിയില്‍ രേഖകള്‍ സമര്‍പ്പിക്കപ്പെട്ടേക്കും. മാര്‍ച്ച് മധ്യത്തോടെ ലിസ്റ്റിംഗ് നടന്നേക്കുമെന്നാണ് സൂചന. എല്‍ ഐ സി ഓഹരി വില്‍പ്പനയിലൂടെ 90,000 കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍
ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തോടെ മുഖ്യ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 85 പോയ്ന്റ് അഥവാ 0.14 ശതമാനം ഉയര്‍ന്ന് 61,235ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 44 പോയ്ന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 18,257ല്‍ ക്ലോസ് ചെയ്തു.





Related Articles
Next Story
Videos
Share it