ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 18, 2022

ബജറ്റ് സമ്മേളനത്തിലും ക്രിപ്റ്റോബില്‍ അവതരിപ്പിച്ചേക്കില്ല. ആഡ്വെര്‍ബിന്റെ 54% ഓഹരി സ്വന്തമാക്കി റിലയന്‍സ് റീറ്റെയ്ല്‍. ഡെല്‍ഹിവെറിക്ക് ഐപിഒ അനുമതി. ലാന്‍ഡ്മാര്‍ക്ക് കാര്‍സ് ഐപിഓയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓഹരി സൂചികകളില്‍ ഇടിവ്. നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 18, 2022
Published on
ബജറ്റ് സമ്മേളനത്തിലും ക്രിപ്റ്റോബില്‍ അവതരിപ്പിച്ചേക്കില്ല

അടുത്ത മാസം നടക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലും ക്രിപ്റ്റോ കറന്‍സി ബില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചേക്കില്ല. ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ കേന്ദ്രത്തിനായിട്ടില്ല എന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രം വളരെ ഉറ്റുനോക്കുന്ന നിയമ നിര്‍മാണം ആണങ്കിലും വിഷയത്തിലെ സങ്കീര്‍ണത പരിഗണിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് വിവരം. ക്രിപ്റ്റോ ബില്‍ അവതരിപ്പിക്കുന്നതിനൊപ്പം നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ നിയമ ഭേദഗതികള്‍ ആവശ്യമാണെന്നാണ് വിലയിരുത്തല്‍.

ആഡ്വെര്‍ബില്‍ 54% ഓഹരി സ്വന്തമാക്കി റിലയന്‍സ് റീറ്റെയ്ല്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയില്‍ യൂണിറ്റായ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡ്, ആഡ്വെര്‍ബ് ടെക്നോളജീസിന്റെ 54% ഓഹരി 132 മില്യണ്‍ ഡോളറിന് (ഏകദേശം 983 കോടി രൂപ ഏറ്റെടുത്തു. ഇന്ത്യ ആസ്ഥാനമായുള്ള ആഡ്വെര്‍ബ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് തുടരും, കൂടാതെ റിലയന്‍സില്‍ നിന്ന് ലഭിക്കുന്ന പുതിയ ഫണ്ടുകള്‍ വിദേശത്ത് ബിസിനസ് വിപുലീകരിക്കുന്നതിനും നോയ്ഡയിലെ ഏറ്റവും വലിയ റോബോട്ടിക് നിര്‍മാണ കേന്ദ്രങ്ങളിലൊന്ന് സ്ഥാപിക്കുന്നതിനും ഉപയോഗിക്കും. ആഡ്വെര്‍ബ് ടെക്നോളജീസ് സഹ- സ്ഥാപകനും സിഇഒയുമായ സംഗീത് കുമാര്‍ അറിയിച്ചു.

ജിയോയും എയര്‍ടെല്ലും വയര്‍ലെസ് ഉപഭോക്താക്കളില്‍ വര്‍ധന രേഖപ്പെടുത്തി

റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വയര്‍ലെസ് - സ്ഥിര ഉപഭോക്തൃനിരയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചൊവ്വാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ വരിക്കാരുടെ കണക്കുകള്‍ പ്രകാരം നവംബറില്‍ റിലയന്‍സ് ജിയോ 2.01 ദശലക്ഷം വയര്‍ലെസ് ഉപഭോക്താക്കളെ ചേര്‍ത്തു, അതിന്റെ മൊത്തം മൊബൈല്‍ ഉപയോക്തൃ അടിത്തറ 428.61 ദശലക്ഷമായി ഈ കണക്ക് ഉയര്‍ത്തിയിട്ടുണ്ട്. പുതിയ വരിക്കാരെ ചേര്‍ത്തതോടെ ഭാരതി എയര്‍ടെല്ലിന്റെ എണ്ണം 1.31 ദശലക്ഷം ഉയര്‍ന്ന് 355.29 ദശലക്ഷമായി.

ഡെല്‍ഹിവെറിക്ക് ഐപിഒ അനുമതി

ഐപിഓയിലൂടെ 7,460 കോടി രൂപ സമാഹരിക്കാന്‍ സപ്ലൈ ചെയിന്‍ കമ്പനിയായ ഡല്‍ഹിവെറിക്ക് സെബിയുടെ അനുമതി. ജനുവരി 13 സമര്‍പ്പിച്ച പേപ്പര്‍ പ്രകാരം, 5,000 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെ 2,460 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഐപിഒയില്‍ ഉള്‍പ്പെടുന്നു.

ലാന്‍ഡ്മാര്‍ക്ക് കാര്‍സ് ഐപിഓയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

രാജ്യത്തെ പ്രമുഖ കാര്‍ ഡീലര്‍ഷിപ്പ് ശൃംഖലയായ ലാന്‍ഡ്മാര്‍ക്ക് കാര്‍സ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്‌തേക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമ റിപ്പോര്‍ട്ട്. എന്നാല്‍ തീയതിയില്‍ വ്യക്തതയില്ല. 750 കോടി ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ ഐപിഒ നടന്നാല്‍, പ്രാഥമിക പബ്ലിക് ഓഫറിംഗിലൂടെ (ഐപിഒ) ഡി-സ്ട്രീറ്റില്‍ ലിസ്റ്റുചെയ്യുന്ന ഏറ്റവും വലിയ കാര്‍ റീറ്റെയ്‌ലര്‍ ആയിരിക്കാം ഇവര്‍ എന്നതാണ് റിപ്പോര്‍ട്ട് പറയുന്നത്.

നിറം മങ്ങി ഓട്ടോ, ഐറ്റി, മെറ്റല്‍, ഫാര്‍മ ഓഹരികള്‍; സൂചികകളില്‍ ഇടിവ്

അവസാന മണിക്കൂറുകളിലെ വ്യാപക ഓഹരി വിറ്റഴിക്കലിനെ തുടര്‍ന്ന് ഓഹരി സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്സ് 554.05 പോയ്ന്റ് ഇടിഞ്ഞ് 60754.86 പോയ്ന്റിലും നിഫ്റ്റി 195.10 പോയ്ന്റ് ഇടിഞ്ഞ് 18113 പോയ്ന്റിലും ക്ലോസ് ചെയ്തു. 1007 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2218 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 59 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ്,് മാരുതി സുസുകി, അള്‍ട്രാടെക് സിമന്റ്, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര തുടങ്ങിയവയുടെ വിലിയിടിഞ്ഞു. ആക്സിസ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഡോ റെഡ്ഡീസ് ലാബ്സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ നേട്ടമുണ്ടാക്കി. എല്ലാ സെക്ടറര്‍ സൂചികകളും നഷ്ടം രേഖപ്പെടുത്തി. ഓട്ടോ, ഐറ്റി,കാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍, റിയല്‍റ്റി, ഫാര്‍മ, എഫ്എംസിജി എന്നിവ 1-2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകളില്‍ 1-2 ശതമാനം ഇടിവുണ്ടായി.

കേരള കമ്പനികളുടെ പ്രകടനം

ആറ് കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 20 ശതമാനം നേട്ടവുമായി കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് നേട്ടത്തില്‍ മുന്നിലുണ്ട്. പാറ്റ്സ്പിന്‍ ഇന്ത്യ (4 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (1.57 ശതമാനം), എഫ്എസിടി (0.75 ശതമാനം), ആസ്റ്റര്‍ ഡിഎം (0.56 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (0.05 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍. ഇന്‍ഡിട്രേഡ് (ജെആര്‍ജി), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, കിറ്റെക്സ്, റബ്ഫില ഇന്റര്‍നാഷണല്‍, അപ്പോളോ ടയേഴ്സ് തുടങ്ങി 23 കേരള ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല.

ജനുവരി 18, 2022

ഡോളര്‍ 74.60

പൗണ്ട് 101.32

യുറോ 84.91

സ്വിസ് ഫ്രാങ്ക് 81.51

കാനഡ ഡോളര്‍ 59.64

ഓസിസ് ഡോളര്‍ 53.60

സിംഗപ്പൂര്‍ ഡോളര്‍ 55.29

ബഹ്റൈന്‍ ദിനാര്‍ 197.89

കുവൈറ്റ് ദിനാര്‍ 246.77

ഒമാന്‍ റിയാല്‍ 193.78

സൗദി റിയാല്‍ 19.88

യുഎഇ ദിര്‍ഹം 20.31

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com