ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 27, 2021

ഇന്ത്യയുടെ വളര്‍ച്ചാപ്രവചനം 9.5 ശതമാനമായി കുറച്ച് ഐഎംഎഫ്
ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം മുന്‍വര്‍ഷത്തെ 12.5 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി കുറച്ച് ഇന്ത്യന്‍ മോണിറ്ററി ഫണ്ട്(ഐഎംഎഫ്). അതേ സമയം ആഗോള വളര്‍ച്ചാ പ്രവചനം ആറ് ശതമാനത്തില്‍ നിന്നും കുറയ്ക്കാതെ നിലനിര്‍ത്തിയിട്ടുമുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 78 വിദേശ കമ്പനികള്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 78 വിദേശ കമ്പനികള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. 2019-20 ല്‍ മൊത്തം 124 വിദേശ കമ്പനികള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു. 2018-19 ല്‍ 118 ആയിരുന്നു ഇത്. ചൊവ്വാഴ്ച രാജ്യസഭയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് വിവരങ്ങള്‍ നല്‍കിയത്.
ഏറ്റവും ഉയര്‍ന്ന ത്രൈമാസ നഷ്ടം റിപ്പോര്‍ട്ട് ചെയ്ത് ഇന്‍ഡിഗോ
പ്രമുഖ എയര്‍ലൈന്‍സ് ആയ ഇന്‍ഡിഗോ ഏറ്റവും വലിയ ത്രൈമാസ നഷ്ടം രേഖപ്പെടുത്തി. 3174.20 കോടി രൂപയുടെ നഷ്ടമാണ് ഇന്‍ഡിഗോ ജൂണില്‍ അവസാനിച്ച പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ മാസം വരുമാനം 177 ശതമാനം ഉയര്‍ന്ന് 3170.25 കോടി രൂപയായിട്ടുണ്ട്. ആറാമത്തെ തുടര്‍ച്ചയായ മാസമാണ് കമ്പനി നഷ്ടം രേഖപ്പെടുത്തുന്നത്.
പിഎന്‍ബിയുടെ തലപ്പത്തേക്കുള്ള ഉദ്യോഗ അപേക്ഷ ക്ഷണിച്ച് ബാങ്ക് ബോര്‍ഡ് ബ്യൂറോ
ബാങ്ക് ബോര്‍ഡ് ബ്യൂറോ, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) മാനേജിംഗ് ഡയറക്ടര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികകളിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു. ജൂണിലാണ് ബ്യൂറോ അവസാനമായി ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സമര്‍പ്പിക്കാനുള്ള നിലവിലെ സമയപരിധി ഓഗസ്റ്റ് 10 ആണ്.
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനായി പൊതുഇടം ഒരുക്കാന്‍ സെബി നിര്‍ദേശം
മ്യൂച്വല്‍ ഫണ്ടുകളുടെ സുഗമമായ ഇടപാടുകള്‍ക്ക് പൊതുവായ പ്ലാറ്റ്ഫോം തയ്യാറാക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) രജിസ്ട്രാര്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഏജന്റു(ആര്‍ടിഎ)മാരായ കാംസ്, കെഫിന്‍ടെക് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ നിക്ഷേപകര്‍ക്ക് പ്രയോജനം ലഭിക്കുന്നതോടൊപ്പം നിലവിലുള്ള നിക്ഷേപകര്‍ക്കും എളുപ്പത്തില്‍ ഇടപാടുകള്‍ സാധ്യമാക്കാന്‍ പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സഹായകമാകും. 17 ഇനങ്ങളിലുള്ള സാമ്പത്തികേതര ഇടപാടുകള്‍ ഒരുക്കിക്കഴിഞ്ഞശേഷമാകും ഈ പുതിയ ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കുക.
വാക്‌സിന്‍ എടുത്തവര്‍ക്ക് വായ്പയില്‍ പലിശ ഇളവ് പ്രഖ്യാപിച്ച് ഇന്‍ഡല്‍ മണി
കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് സ്വര്‍ണപ്പണയ വായ്പയില്‍ പലിശയിളവ് പ്രഖ്യാപിച്ച് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ ഇന്‍ഡല്‍ മണി. ഇതിനായി ഇന്‍ഡല്‍ ഐ എഫ് സി (ഇന്ത്യ ഫൈറ്റ്‌സ് എഗെയ്ന്‍സ്റ്റ് കോവിഡ്) എന്ന പുതിയ സ്‌കീം അവതരിപ്പിച്ചു.
തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞ് ഓഹരി സൂചികകള്‍
ഏഷ്യന്‍ വിപണി ദുര്‍ബലമായത് ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് തിരിച്ചടിയായി. തുടര്‍ച്ചയായ രണ്ടാം ദിവസവും സൂചികകള്‍ താഴേക്ക്. സെന്‍സെക്സ് 273.51 പോയ്ന്റ് ഇടിഞ്ഞ് 52578.76 പോയ്ന്റിലും നിഫ്റ്റി 78 പോയ്ന്റ് ഇടിഞ്ഞ് 15746.50 പോയ്ന്റിലും ക്ലോസ് ചെയ്തു. 1563 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1630 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 107 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഡോ റെഡ്ഡീസ് ലാബ്സ്, സിപ്ല, ആക്സിസ് ബാങ്ക്, അദാനി പോര്‍ട്ട്സ്, ഡിവിസ് ലാബ്സ് തുടങ്ങിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, എസ്ബിഐ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 13 എണ്ണത്തിന് ഇന്ന് നേട്ടമുണ്ടാക്കാനായി. കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 13.49 ശതമാനം നേട്ടവുമായി മുന്നിലെത്തി. മണപ്പുറം ഫിനാന്‍സ് (8.07 ശതമാനം), ഹാരിസണ്‍സ് മലയാളം (6.81 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (3.80 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (2.42 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.33 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.







Related Articles
Next Story
Videos
Share it