ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 26, 2021

പാന്‍-ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മൂന്നുമാസത്തേക്ക് കൂടി നീട്ടി. കോവിഡ് പ്രതിസന്ധിയിലും രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 1,47,247 പുതിയ കമ്പനികള്‍. ഏപ്രിലില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് ചേര്‍ന്നത് 1.27 ദശലക്ഷം പേര്‍. ഗൂഗ്ള്‍ ഇന്ത്യയുടെ സഞ്ജയ് ഗുപ്ത ഐഎഎംഎഐ ചെയര്‍മാന്‍. കേന്ദ്രസര്‍ക്കാര്‍ മൂന്നാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് ദേശീയ റിപ്പോര്‍ട്ടുകള്‍. ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 26, 2021
Published on

പാന്‍-ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മൂന്നുമാസത്തേക്ക് കൂടി നീട്ടി

പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രം മൂന്നുമാസത്തേക്ക് കൂടി നീട്ടി. സമയപരിധി ജൂണ്‍ 30 ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതുവരെ പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 30 നുള്ളില്‍ ഇവ തമ്മില്‍ ബന്ധിപ്പിച്ചാല്‍ മതിയാകും. സെക്ഷന്‍ 139 എഎ പ്രകാരം, ഓരോ വ്യക്തിക്കും അവരുടെ ആദായനികുതി റിട്ടേണില്‍ ആധാര്‍ നമ്പര്‍ ഉല്‍പ്പെടുത്തേണ്ടതുണ്ട്.

കോവിഡ് പ്രതിസന്ധിയിലും രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 147,247 പുതിയ കമ്പനികള്‍

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും 147,247 പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. പ്രൈം ഡാറ്റാബേസില്‍ നിന്ന് ലഭിച്ച കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരമാണ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 43 ശതമാനം വര്‍ധന.

ഏപ്രിലില്‍ മാത്രം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് ചേര്‍ന്നത് 1.27 ദശലക്ഷം പേര്‍

വെള്ളിയാഴ്ച പുറത്തുവിട്ട സ്ഥിതിവിവരക്കണക്ക് പ്രകാരം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലേക്ക് പുതുതായി വന്ന വരിക്കാരുടെ എണ്ണത്തില്‍ വര്‍ധന. ഏപ്രിലില്‍ 13.7 ശതമാനം വര്‍ധിച്ച് 1.27 ദശലക്ഷമാണ്. മാര്‍ച്ചില്‍ ഇത് 1.12 ദശലക്ഷമായിരുന്നു. എന്നാല്‍ ഇഎസ്‌ഐസി, എന്‍പിഎസ് എന്നിവയ്ക്ക് കുറവുണ്ടായി.

ഗൂഗ്ള്‍ ഇന്ത്യയുടെ സഞ്ജയ് ഗുപ്ത ഐഎഎംഎഐ ചെയര്‍മാന്‍

ഗൂഗ്ള്‍ ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് ഗുപ്ത ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വര്‍ഷത്തേക്കാകും അദ്ദേഹം ചെയര്‍മാനായി പ്രവര്‍ത്തിക്കുക. ഫെയ്‌സ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹനാണ് വൈസ് ചെയര്‍മാന്‍. റേസര്‍പേയ് സിഇഒയും സഹ സ്ഥാപകനുമായ ഹര്‍ഷില്‍ മാഥൂര്‍ ആണ് ട്രഷറര്‍.

ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍ ഇതാദ്യമായി ഒരേ മേഖലയില്‍ നേര്‍ക്കുനേര്‍

റിലയന്‍സ് ഗ്രൂപ്പ് സാരഥി മുകേഷ് അംബാനി പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഹരിതോര്‍ജ്ജമേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങുന്നുവെന്ന തീരുമാനം ഇക്കഴിഞ്ഞ എജിഎമ്മിലാണ് പ്രഖ്യാപിക്കപ്പെട്ടത്. പെട്രോകെമിക്കല്‍, മൊബീല്‍ ടെലിഫോണി, മീഡിയ- എന്റര്‍ടെയ്ന്‍മെന്റ്, റീറ്റെയ്ല്‍ എന്നീ മേഖലകളില്‍ വെന്നിക്കൊടി പാറിക്കുന്ന റിലയന്‍സ് പാരമ്പര്യേതര ഊര്‍ജ്ജ വിപണിയിലേക്ക് പ്രവേശിക്കുമ്പോള്‍ രാജ്യത്തെ അതിശക്തരായ രണ്ട് ശതകോടീശ്വരന്മാരുടെ നേര്‍ക്കുനേര്‍ യുദ്ധത്തിനാണ് കളമൊരുങ്ങുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ വലിയപദ്ധതികളുമായി മുന്നോട്ടുപോകുന്ന ഗൗതം അദാനിയുള്ള മേഖലയിലേക്കാണ് മുകേഷ് അംബാനിയും കടന്നുചെല്ലുന്നത്.

ഒരേയൊരു യാത്രക്കാരനുമായി എയര്‍ ഇന്ത്യ പറന്നു

ഒരേയൊരുയാത്രക്കാരനുമായി എയര്‍ ഇന്ത്യ പറന്നത് വീണ്ടും ബിസിനസ് ലോകത്ത് ചര്‍ച്ചയായി. ഇന്ത്യക്കാരനായ ബിസിനസുകാരന്‍ എസ് പി സിംഗ് ഒബ്‌റോയ് ആയിരുന്നു അമൃത്സറില്‍ നിന്ന് ദുബായിലേക്ക് പറന്നത്. ബുധനാഴ്ച പുലര്‍ച്ചെ 3.45 ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ ആണ് ഇദ്ദേഹം സഞ്ചരിച്ചത്. കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പറന്ന വിമാനത്തില്‍ ഒരു യാത്രക്കാരന്‍ മാത്രമാകുന്നത്. യുഎഇയില്‍ പത്ത് വര്‍ഷം താമസിക്കാനുള്ള ഗോള്‍ഡന്‍ വിസയാണ് ഒബ്‌റോയിയുടെ പക്കലുള്ളത്.

ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍

ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്തിനും ഇടുക്കിക്കും പിന്നാലെ കാസര്‍കോട്ടും പെട്രോള്‍ വില ലിറ്ററിന് നൂറു രൂപ കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലും കേന്ദ്രമാണ് നികുതി ഇളവ് നല്‍കേണ്ടത് എന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. പെട്രോള്‍ ഡീസല്‍ സംസ്ഥാന നികുതി കുറയ്ക്കില്ല. ജി എസ് ടി യില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നും അത് വന്‍ വരുമാന നഷ്ടമുണ്ടാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ മൂന്നാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചേക്കും

മൂന്നാം കൊവിഡ് തരംഗത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സാധ്യമായ മറ്റൊരു തരംഗത്തിന് മുന്‍കൂട്ടി തയ്യാറെടുക്കുകയും അതിന്റെ വ്യാപനം തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ആരോഗ്യ-ധനകാര്യ മന്ത്രാലയങ്ങള്‍ വിശദാംശങ്ങള്‍ തയ്യാറാക്കുകയാണെന്നാണ് അറിയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com