ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 08, 2022
രണ്ട് വര്‍ഷത്തിന് ശേഷം രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് ഇന്ത്യ
രണ്ട് വര്‍ഷത്തിന് ശേഷം രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ ഗതിയിലേക്ക് ആക്കാനൊരുങ്ങുന്നതായി വ്യോമയാന മന്ത്രാലയം. മാര്‍ച്ച് 27 മുതല്‍ ആയിരിക്കും എല്ലാ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകളും ഇന്ത്യ പുനരാരംഭിക്കുക എന്നാണ് അറിയിപ്പ്.
പുതിയ സെഡാന്‍ വിപണിയിലവതരിപ്പിച്ച് ഫോക്സ്വാഗണ്‍
പുതിയ സെഡാന്‍ വിര്‍ട്ടസ് പ്രഖ്യാപിച്ച് ഫോക്സ്വാഗണ്‍. ഫോക്സ്വാഗണ്‍ അതിന്റെ പുതിയ സെഡാനായ വിര്‍റ്റസ് ഇന്ത്യയുള്‍പ്പെടെ ആഗോള വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം മിഡ്-സൈസ് സെഡാന്‍ സെഗ്മെന്റിലെ ഏറ്റവും പുതിയ ലോഞ്ചാണ് ഫോക്സ്വാഗണ്‍ വിര്‍ട്ടസ്. MQB A0 IN പ്ലാറ്റ്ഫോമില്‍ വികസിപ്പിച്ച ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള രണ്ടാമത്തെ ഉല്‍പ്പന്നമാണ് ഫോക്സ്വാഗണ്‍ വിര്‍ട്ടസ്.
ഇന്ത്യയില്‍ നാലാമത്തെ ഡാറ്റ സെന്റര്‍ തുറക്കാന്‍ മൈക്രോസോഫ്റ്റ്
ടെക്നോളജി മേഖലയിലെ വമ്പന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് ഇന്ത്യയിലെ നാലാമത്തെ ഡാറ്റ സെന്റര്‍ ഇന്ത്യയില്‍ തുറക്കുന്നു. ഹൈദരാബാദിലാകും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ തുറക്കുകയെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. എന്നാല്‍ എത്ര തുക ഇതിനായി നിക്ഷേപിക്കുമെന്നോ കാംപസിന്റെ വലിപ്പമോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
2025 ഓടെ പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതി. തെലങ്കാനയില്‍ ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നതിനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി മൈക്രോസോഫ്റ്റ് 15 വര്‍ഷത്തിനുള്ളില്‍ 15000 കോടി രൂപയാകും ചെലവഴിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. തെലങ്കാനയില്‍ എത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഉക)മാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
ഡെറ്റ് സെക്യൂരിറ്റീസില്‍ യുപിഐ വഴി നിക്ഷേപിക്കാവുന്ന തുക ഉയര്‍ത്തി സെബി
ഡെറ്റ് സെക്യൂരിറ്റികളുടെ പൊതു ഇഷ്യൂകളില്‍ അപേക്ഷിക്കുന്ന നിക്ഷേപകര്‍ക്ക് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനം വഴിയുള്ള നിക്ഷേപത്തിന്റെ പരിധി 5 ലക്ഷമായി ഉയര്‍ത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).
ആശങ്കയ്ക്ക് മീതെ ആശ്വാസറാലി, ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി ഉണര്‍ന്നു
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ദിവസങ്ങളായി തുടരുന്ന രക്തച്ചൊരിച്ചിലിനൊടുവില്‍ ഓഹരി വിപണിയില്‍ ആശ്വാസറാലി. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചാഞ്ചാട്ടത്തിനൊടുവില്‍ പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നേരിയ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച്, രാവിലെ പച്ചയില്‍ തൊട്ട സൂചികകള്‍ പിന്നീട് നഷ്ടത്തിലേക്ക് പോയെങ്കിലും ഉച്ചയ്ക്ക് ശേഷം മുന്നേറി. 581 പോയ്ന്റ്, അതായത് 1.10 ശതമാനം ഉയര്‍ന്ന് 53,424 പോയ്ന്റിലാണ് സെന്‍സെക്സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 0.95 ശതമാനം, 150 പോയ്ന്റ് ഉയര്‍ന്ന് 16,013 പോയ്ന്റിലുമെത്തി. അഞ്ചു ദിവസത്തിനൊടുവിലാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ടിസിഎസ്, സിപ്ല, ശ്രീ സിമന്റ്, എന്‍ടിപിസി, ടെക് എം, ഡോ. റെഡ്ഡീസ് ലാബ്‌സ്, വിപ്രോ, അള്‍ട്രാടെക് സിമന്റ്, ഇന്‍ഫോസിസ് തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി. ഇവയുടെ ഓഹരികള്‍ 2-4.4 ശതമാനം വരെ ഉയര്‍ന്നു.
ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബ്രിട്ടാനിയ, ടൈറ്റന്‍, യുപിഎല്‍ എന്നിവയാണ് തിരിച്ചടി നേരിട്ട ഓഹരികള്‍. ഇവയുടെ ഓഹരി വിലയില്‍ 4.5 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, വിശാല വിപണിയില്‍ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1.45 ശതമാനവും 1.33 ശതമാനവും ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഒരിടവേളയ്ക്ക് ശേഷം ഓഹരി വിപണി പോസിറ്റീവോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ കേരള കമ്പനികള്‍ 16 എണ്ണവും നേട്ടമുണ്ടാക്കി. എവിറ്റി (5.14 ശതമാനം), ഹാരിസണ്‍സ് മലയാളം (5.18 ശതമാനം), മണപ്പുറം ഫിനാന്‍സ് (5.15 ശതമാനം), എഫ്എസിടി (3.30 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (2.58 ശതമാനം) തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയത്.
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (4.96 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (4.89 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.52 ശതമാനം) എന്നിവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. അതേസമയം ഈസ്റ്റേണ്‍ ട്രെഡ്സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.