Top

ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 15, 2021

വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ നാലാം സ്ഥാനത്ത് ഇന്ത്യ

ലോകത്ത് വിദേശനാണ്യ കരുതല്‍ ശേഖരമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ. റഷ്യയെ അഞ്ചാം സ്ഥാനത്തേക്ക് തള്ളിയാണ് ഇന്ത്യ നില മെച്ചപ്പെടുത്തിയത്. ഡോളറിന്റെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവാണ് ഇരു രാജ്യങ്ങളുടെയും കരുതല്‍ ശേഖരത്തില്‍ മാറ്റമുണ്ടാക്കിയത്. സ്ഥാനം ഉയര്‍ന്നെങ്കിലും ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം മാര്‍ച്ച് അഞ്ചിന് അവസാനിച്ച ആഴ്ചയില്‍ 430 കോടി ഡോളര്‍ ഇടിഞ്ഞു.
ക്രിപ്‌റ്റോകറന്‍സികള്‍ പൂര്‍ണമായും നിരോധിക്കില്ലെന്ന് നിര്‍മല സീതാരാമന്‍
രാജ്യത്ത് ക്രിപ്റ്റോകറന്‍സികള്‍ക്കും അവ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യയ്ക്കും പൂര്‍ണ്ണമായ നിരോധനം ഉണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ''സര്‍ക്കാര്‍ എല്ലാ ഓപ്ഷനുകളും അടയ്ക്കുന്നില്ലെന്ന് വ്യക്തമാണ്. ബ്ലോക്ക്‌ചെയിന്‍, ബിറ്റ്‌കോയിനുകള്‍ അല്ലെങ്കില്‍ ക്രിപ്‌റ്റോകറന്‍സി എന്നിവയില്‍ ഇടപെടലുകള്‍ നടത്താന്‍ ആളുകള്‍ക്ക് ചില വിന്‍ഡോകള്‍ ഞങ്ങള്‍ അനുവദിക്കും, ''ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെ നിര്‍മല സീതാരാമന്‍ പറഞ്ഞു. ഫിന്‍ടെക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത്തരം സാങ്കേതിക വിദ്യകളെ ആശ്രയിച്ചിരിക്കുന്നുവെന്നും അതിന് വിന്‍ഡോ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യ 3.15 കോടി കോവിഡ് -19 വാക്‌സിനേഷനുകളുടെ നാഴികക്കല്ല് പിന്നിട്ടു
മാര്‍ച്ച് 15 ന്റെ കണക്കുകളില്‍ ഇന്ത്യയില്‍ വാക്‌സിനേഷന്‍ എടുത്തവരുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തില്‍. 3.15 കോടി കോവിഡ് -19 വാക്‌സിനേഷനുകളുടെ നാഴികക്കല്ലാണ് ഇന്ത്യ കടന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണം കൂടിയെന്ന് സര്‍വേ
കോവിഡ് 19 മഹാമാരി വന്നതിനുശേഷം സംസ്ഥാനത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കോവിഡ് കാലത്ത് ഉചിതമായ ചികിത്സ ലഭിക്കുന്നതിന് അമിതമായ ചെലവുകള്‍ വരുന്ന സാഹചര്യത്തിലാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം ജനങ്ങള്‍ മനസ്സിലാക്കിയതെന്നും പോളിസിയെടുക്കാന്‍ തുടങ്ങിയതെന്നും മാക്‌സ് ബൂപ്പ (Max Bupa) സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ചുള്ള വേണ്ടത്ര വ്യക്തത ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ ഇല്ലെന്നും കേരളത്തിലുടനീളമുള്ള ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ ഫലം വ്യക്തമാകുന്നു.
ആഭ്യന്തര യാത്രക്കാര്‍ കൂടി, 66 പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്
ആഭ്യന്തര യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ കുടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്. രാജ്യത്തെ ചെറിയ നഗരങ്ങളില്‍ നിന്നുള്ള വിമാനയാത്രയ്ക്കുള്ള ആവശ്യം നിറവേറ്റുന്നതിനായി മാര്‍ച്ച് 28 മുതല്‍ പൂനെയില്‍ നിന്ന് ദര്‍ബംഗ, ദുര്‍ഗാപൂര്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍, വാരണാസി എന്നിവിടങ്ങളിലേക്കുള്ള അഞ്ച് അണ്‍ലിമിറ്റഡ് വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ 66 പുതിയ ആഭ്യന്തര വിമാന സര്‍വീസുകളാണ് സ്പൈസ് ജെറ്റ് ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്‍ക്കത്ത- ദര്‍ഭംഗ, ചെന്നൈ- ഹാര്‍സുഗുഡ, നാസിക്-കൊല്‍ക്കത്ത വിമാനങ്ങള്‍ എന്നിവയാണ് പുതിയ വിമാന സര്‍വീസുകള്‍. മുംബൈ-ലേ, ലേ-ശ്രീനഗര്‍, ശ്രീനഗര്‍-മുംബൈ, ഹൈദരാബാദ്-മുംബൈ, മുംബൈ-ഹൈദരാബാദ്, മുംബൈ-സൂററ്റ്, സൂറത്ത്-മുംബൈ, കൊച്ചി-പൂനെ, പൂനെ-കൊച്ചി റൂട്ടുകളില്‍ ആണ് പുതിയ പ്രതിദിന വിമാന സര്‍വീസുകള്‍.
അണിനിരക്കുന്നത് 10 ലക്ഷത്തോളം ജീവനക്കാര്‍; ബാങ്ക് സമരം നാളെയും
രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ സമരത്തില്‍ ആദ്യ ദിനം പൂര്‍ണം. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഇന്നും നാളെയുമാണ് ദേശീയതലത്തില്‍ പണിമുടക്കുന്നത്. അതേസമയം മാര്‍ച്ച് 17 ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും മാര്‍ച്ച് 18 ന് എല്‍ഐസി ജീവനക്കാരുടെ ഒരുവിഭാഗവും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

71.01 ലക്ഷം ഇപിഎഫ് അക്കൗണ്ടുകള്‍ പൂട്ടിയതായി ഇപിഎഫ്ഒ
റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 71.01 ലക്ഷം ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 66.66 ലക്ഷത്തില്‍ കൂടുതലായിരുന്നു. ''2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ക്ലോസ് ചെയ്ത എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുകളുടെ എണ്ണം 71,01,929 ആണെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വാര്‍ ലോക്‌സഭയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
കല്യാണ്‍ ജ്വല്ലേഴ്സ് ഐപിഒ നാളെ ആരംഭിക്കും
കല്യാണ്‍ ജ്വല്ലേഴ്സ് ഐപിഒ നാളെ ആരംഭിക്കും. മാര്‍ച്ച് 18 വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. 9.19 കോടി ഓഹരികളിലൂടെ പുതിയ ഓഹരി വില്‍പ്പന വഴി 800 കോടി രൂപ സമാഹരിക്കാനാണ് ജ്വല്ലറി ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതോടൊപ്പം ഓഫര്‍ ഫോര്‍ സെയില്‍ വഴി 4.31 കോടി ഓഹരികള്‍ വിറ്റഴിച്ച് 375 കോടിയും സമാഹരിക്കും. കേരളത്തില്‍ നിന്നുള്ള ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐപിഒകളിലൊന്നായിരിക്കും കല്യാണ്‍ ജ്വല്ലേഴ്‌സിന്റേത്.

ഇടിഞ്ഞും പൊങ്ങിയും ദിവസാവസാനം താഴ്ചയില്‍ അവസാനിച്ച് ഓഹരി സൂചികകള്‍. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് സൂചികകള്‍ താഴുന്നത്. സെന്‍സെക്സ് 397 പോയ്ന്റ് ഇടിഞ്ഞ് 50395.08 പോയ്ന്റിലും നിഫ്റ്റി 101.5 പോയ്ന്റ് ഇടിഞ്ഞ് 14929.50 പോയ്ന്റിലും ഇന്ന് ക്ലോസ് ചെയ്തു. 1210 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1788 ഓഹരികളാണ് വിലയിടിവ് നേരിട്ടത്. 207 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഡിവിസ് ലാബ്, ഹീറോ മോട്ടോകോര്‍പ്, കോള്‍ ഇന്ത്യ, ബജാജ് ഫിന്‍സെര്‍വ്, ഗെയ്ല്‍ തുടങ്ങിയ ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. എന്നാല്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ് കോര്‍പ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി.
Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it