ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 15, 2022

ബ്ലിങ്കിറ്റിനെ ഏറ്റെടുക്കാനുള്ള ചര്‍ച്ചകളില്‍ സൊമാറ്റോ

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഷെയര്‍ സ്വാപ്പ് ഡീലിലൂടെ ബ്ലിങ്കിറ്റ് (മുമ്പ് ഗ്രോഫേഴ്സ്) ഏറ്റെടുക്കാന്‍ ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. സൊമാറ്റോ കഴിഞ്ഞ വര്‍ഷം ഗുരുഗ്രാം ആസ്ഥാനമായുള്ള ക്വിക്ക് കൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ ബ്ലിങ്കിറ്റില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. അല്‍ബിന്ദര്‍ ദിന്‍ഡ്സയുടെ നേതൃത്വത്തിലുള്ള ബ്ലിങ്കിറ്റിന്റെ 10% ഓഹരികള്‍ ആണ് അന്ന് സൊമാറ്റോ സ്വന്തമാക്കിയിരുന്നത്.
ബാങ്കുകള്‍ 7.34 ലക്ഷം കോടി രൂപ തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളിലുമായി ബാങ്കുകള്‍ 7.34 ലക്ഷം കോടി രൂപ തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചു. 7,34,542 കോടി രൂപയില്‍ നിഷ്‌ക്രിയ ആസ്തികള്‍, എഴുതിത്തള്ളാത്ത വായ്പാ അക്കൗണ്ടുകള്‍, തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ എന്നിവയെല്ലാമുള്‍പ്പെടുന്നു. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് സ്റ്റേറ്റ് ഫോര്‍ ഫിനാന്‍സ് ഭഗവത് കരാഡ് ഇക്കാര്യം അറിയിച്ചത്.
ഇവി സെഗ്മെന്റില്‍ 15,000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവി സെഗ്മെന്റില്‍ 15,000 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നതായി ഔറംഗബാദ് ടാറ്റ മോട്ടോഴ്സ്. നെക്സോണ്‍ ഉള്‍പ്പെടുന്ന ഇവി സെഗ്മെന്റില്‍ പത്തോളം പുതിയ ഓഫറുകള്‍ കൂടി വികസിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര വ്യക്തമാക്കി.
ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പ് സൗദിയില്‍ ഫാക്റ്ററി നിര്‍മിക്കുന്നു
ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും വലിയ അസംബ്ലറായ ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പ്, സൗദിയില്‍ ഫാക്റ്ററി നിര്‍മിക്കാനുള്ള ചര്‍ച്ചകളില്‍. മൈക്രോചിപ്പുകള്‍, ഇലക്ട്രിക്-വാഹന ഘടകങ്ങള്‍, ഡിസ്പ്ലേ പോലുള്ള മറ്റ് ഇലക്ട്രോണിക്സ് എന്നിവ നിര്‍മ്മിക്കാന്‍ കഴിയുന്ന 9 ബില്യണ്‍ ഡോളറിന്റെ മള്‍ട്ടി പര്‍പ്പസ് ഫാക്റ്ററിയാകുമിതെന്നാണ് വിവരം.
പടിഞ്ഞാറന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വീസ് തുറന്ന് എംജി മോട്ടോര്‍
എംജി മോട്ടോര്‍ ഇന്ത്യ മുംബൈയിലെ മലാഡില്‍ പുതിയ സേവന സൗകര്യം തുറന്നു. പടിഞ്ഞാറന്‍ ഇന്ത്യയിലെ ഏറ്റവും വലിയ എംജി സര്‍വീസ് സെന്റര്‍ എന്ന് വിളിക്കപ്പെടുന്ന ഈ സൗകര്യം ഉള്‍പ്പെടെ മഹാരാഷ്ട്രയില്‍ 43 ടച്ച് പോയിന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു, 2022 അവസാനത്തോടെ സംസ്ഥാനത്ത് 45 ടച്ച് പോയിന്റുകളായി വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നു മാത്രം കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണം പവന് 38080 രൂപയും ഒരു ഗ്രാമിന് 4760 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയാണ് ഇന്ന് കുറഞ്ഞത്. 3930 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില.
അന്താരാഷ്ട്ര സ്വര്‍ണ വില 1957 ഡോളറില്‍ നിന്നും താഴോട്ടു പോയി. ഇന്നു രാവിലെ 1944-1946 ഡോളര്‍ മേഖലയിലായിരുന്നു. ഇത് 1940-1926-ലേക്ക് എത്തിയേക്കാം. യുക്രെയ്നുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ റഷ്യ തയ്യാറാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ വ്യാപാരത്തില്‍ സ്പോട്ട് ഗോള്‍ഡ് വില ഇടിഞ്ഞിരുന്നു.
അഞ്ചു ദിവസത്തെ തുടര്‍ച്ചയായ കുതിപ്പിനൊടുവില്‍ ഇടിഞ്ഞ് ഓഹരിവിപണി. സെന്‍സെക്സ് 709.17 പോയ്ന്റ് ഇടിഞ്ഞ് 55776.85 പോയ്ന്റിലും നിഫ്റ്റി 208.30 പോയ്ന്റ് ഇടിഞ്ഞ് 16663 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1296 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2014 ഓഹരികളുടെ വില ഇടിഞ്ഞു. 95 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ്, മഹീന്ദ്ര & മഹീന്ദ്ര, സിപ്ല, ശ്രീ സിമന്റ്സ്, മാരുതി സുസുകി തുടങ്ങിയവ നേട്ടമുണ്ടാക്കി.
ഓട്ടോ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഐറ്റി, മെറ്റല്‍, പവര്‍, ഓയ്ല്‍ & ഗ്യാസ് സൂചികകളില്‍ 1-4 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ 0.5 ശതമാനം വീതം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ആറ് കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.28 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.72 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (0.13 ശതമാനം), കെഎസ്ഇ (0.10 ശതമാനം), അപ്പോളോ ടയേഴ്സ് (0.05 ശതമാനം), നിറ്റ ജലാറ്റിന്‍ (0.02 ശതമാനം) തുടങ്ങിയവയാണ് നേരിയ തോതിലെങ്കിലും നേട്ടമുണ്ടാക്കിയ ഓഹരികള്‍.
എഫ്എസിടി, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കിറ്റെക്സ്, വണ്ടര്‍ലാ ഹോളിഡേയ്സ്, ആസ്റ്റര്‍ ഡി എം, ഹാരിസണ്‍സ് മലയാളം, എവിറ്റി തുടങ്ങി 22 ഓഹരികളുടെ വില ഇടിഞ്ഞു. ഈസ്റ്റേണ്‍ ട്രെഡ്സിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it