ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മാര്‍ച്ച് 21, 2022

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ക്ക് ഹോങ്കോംഗിലേക്ക് പറക്കാം, വിലക്ക് നീക്കി

ഇന്ത്യയും യുഎസും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏപ്രിലില്‍ ഹോങ്കോംഗ് പുനരാരംഭിക്കുമെന്ന് സിറ്റി നേതാവ് കാരി ലാം തിങ്കളാഴ്ച അറിയിച്ചു. ഒമിക്രോണ്‍ വേരിയന്റ് ഉയര്‍ന്നതോടെ ജനുവരിയില്‍ ആണ് ഉയര്‍ന്ന അപകടസാധ്യതയുള്ള എട്ട് രാജ്യങ്ങളില്‍ നിന്നും അധികൃതര്‍ ഫ്‌ളൈറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. ഫെബ്രുവരിയില്‍ ആണ് ഈ ലിസ്റ്റിലേക്ക് ഒമ്പതാമത്തെ രാജ്യമായ നേപ്പാള്‍ ചേര്‍ത്തത്.

രുചി സോയ എഫ് പി ഓ മാര്‍ച്ച് 24 ന്

പതഞ്ജലി ഗ്രൂപ്പിന്റെ ഭാഗമായ എഫ്എംസിജി കമ്പനി രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിക്ഷേപകര്‍ക്കായി നടത്തുന്ന ഓഹരി വില്‍പ്പന (എഫ് പി ഓ) മാര്‍ച്ച് 24ന് ആരംഭിക്കും. രണ്ടു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 615 രൂപ മുതല്‍ 650 രൂപ വരെയാണ്. മാര്‍ച്ച് 28ന് അവസാനിക്കുന്ന എഫ്പിഒയിലൂടെ 4300 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും ചുരുങ്ങിയത് 21 ഓഹരികളും പിന്നീട് അതിന്റെ ഗുണിതങ്ങളുമായാണ് ബിഡ് നിശ്ചയിച്ചിരിക്കുന്നത്. 10,000 ഓഹരികള്‍ യോഗ്യരായ കമ്പനി ജീവനക്കാര്‍ക്കായി മാറ്റിവച്ചിട്ടുണ്ട്.

ഫോണ്‍പേ ഗിഗ് ഇന്ത്യയെ ഏറ്റെടുത്തു

ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ PhonePe, ഫ്രീലാന്‍സ് മൈക്രോ-സംരംഭക പ്ലാറ്റ്ഫോമായ GigIndia യെ ഏറ്റെടുത്തതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഏറ്റെടുക്കലിന്റെ ഭാഗമായി, 1.5 ദശലക്ഷം സംരംഭകരും 100-ലധികം സംരംഭങ്ങളും ഉപഭോക്താക്കളുള്ള GigIndia, PhonePeയുമായി സംയോജിപ്പിക്കും. അതേസമയം ഏറ്റെടുക്കലിന്റെ തുക വെളിപ്പെടുത്തിയിട്ടില്ല.

യുഎസും ബ്രിട്ടനും ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏപ്രിലില്‍ ഹോങ്കോങ്ങ് പുനരാരംഭിക്കുമെന്ന് സിറ്റി നേതാവ് കാരി ലാം തിങ്കളാഴ്ച പറഞ്ഞു. ജനുവരിയില്‍ ഉയര്‍ന്ന തോതില്‍ പ്രക്ഷേപണം ചെയ്യാവുന്ന ഒമൈക്രോണ്‍ വേരിയന്റ് ഉയര്‍ന്നുവന്നതിനുശേഷം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇന്ത്യ എന്നിവയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്ന് ഉയര്‍ന്ന അപകടസാധ്യതയുള്ള എട്ട് രാജ്യങ്ങളില്‍ നിന്ന് അധികൃതര്‍ ഫ്‌ലൈറ്റ് നിരോധനം ഏര്‍പ്പെടുത്തുകയും ഫെബ്രുവരിയില്‍ ഒമ്പതാമത്തേത് നേപ്പാള്‍ ചേര്‍ക്കുകയും ചെയ്തു.

ജി എസ് ടി അടയ്ക്കാനാകില്ല, ടാങ്കര്‍ ലോറി ഉടമകള്‍ സമരം തുടരും

ടാങ്കര്‍ ലോറി ഉടമകള്‍ സമരം തുടരും. എറണാകുളം ജില്ലാ കളക്ടറുമായി സംസ്ഥാനത്തെ ടാങ്കര്‍ ലോറി ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ജി.എസ്ടി. അടയ്ക്കാനാകില്ല എന്ന നിലപാടിലാണ് ഉടമകള്‍. ഇതോടെ സംസ്ഥാനത്തെ ഇന്ധനവിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ജില്ലാ കളക്ടറുമായി നടത്തിയ പ്രാരംഭ ചര്‍ച്ചയില്‍ പ്രശ്നപരിഹാരം സാധ്യമായിട്ടില്ല. ബിപിസിഎല്‍, എച്ച്പിസിഎല്‍ എണ്ണക്കമ്പനികള്‍ക്കുവേണ്ടി സര്‍വീസ് നടത്തുന്ന 650-ഓളം ടാങ്കര്‍ ലോറികളുടെ ഉടമകളുടെ പ്രതിനിധികളാണ് കളക്ടറുമായി ചര്‍ച്ച നടത്തിയത്. സര്‍വീസ് നികുതി അടയ്ക്കാനാകില്ലെന്ന നിലപാടില്‍ ഉടമകളെത്തുകയായിരുന്നു. സമരവുമായി മുന്നോട്ട് പോകുമെന്നും അവര്‍ അറിയിച്ചു.

കെ-റെയില്‍; സാമൂഹിക ആഘാത പഠനം നടത്തുന്നതിനാണ് കല്ലിടലെന്ന് എംഡി

കെ റിയില്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടല്‍ സാമൂഹിക ആഘാത പഠനം നടത്തുന്നതിനാണെന്നും ഭൂമി ഏറ്റെടുക്കാനല്ലെന്നും വിശദമാക്കി കെ റെയില്‍ എംഡി വി.അജിത് കുമാര്‍. കല്ലിടലുമായി മുന്നോട്ടു പോകുമെന്നും ആവശ്യമെങ്കില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം വിശദമാക്കി. റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ചാലേ ഭൂമി ഏറ്റെടുക്കൂ. നഷ്ടപരിഹാരം ഉള്‍പ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ചു മാത്രമേ പദ്ധതി നടപ്പിലാക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ കുരുമുളക് വിപണി താഴേക്ക്

വിളവെടുപ്പിനെ തുടര്‍ന്നു വിപണിയില്‍ ലഭ്യത വര്‍ധിച്ചതോടെ കുരുമുളകു വിപണിയില്‍ കനത്ത വിലയിടിവ്. കടന്നുപോയ വാരം ഗാര്‍ബ്ള്‍ഡ്, അണ്‍ഗാര്‍ബ്ള്‍ഡ് ഇനങ്ങളുടെ വിലയിലുണ്ടായ ഇടിവ് ക്വിന്റലിന് 600 രൂപയാണ് (കൊച്ചി). കഴിഞ്ഞ ആഴ്ചയുടെ തുടക്കം തന്നെ വിലയിടിവോടെയായിരുന്നു. മുന്‍വാരത്തിലെ അവസാന ദിവസം അണ്‍ഗാര്‍ബ്ള്‍ഡ് ഇനം കുരുമുളകിന്റെ വില 51,600 രൂപയും ഗാര്‍ബ്ള്‍ഡിന്റെ വില 53,600 രൂപയുമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ആഴ്ച അണ്‍ഗാര്‍ബ്ള്‍ഡിന് 51,500 രൂപ നിരക്കിലും ഗാര്‍ബ്ള്‍ഡിന് 53,500 രൂപ നിരക്കിലുമാണു വ്യാപാരം ആരംഭിച്ചത്.

കേരളത്തില്‍ സ്വര്‍ണവില നേരിയ തോതില്‍ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ (Gold Rate in Kerala) ഇന്നും വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലെ ഇടിഞ്ഞിരുന്നുവെങ്കിലും ഇന്ന് രാവിലെ ആയപ്പോഴേക്കും വില വര്‍ദ്ധിക്കുകയായിരുന്നു. ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4740 രൂപയാണ്. 37920 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. 18 സ്വര്‍ണ്ണവിലയില്‍ ഇന്ന് ഗ്രാമിന് അഞ്ചു രൂപയുടെ വര്‍ധന രേഖപ്പെടുത്തി.

നേട്ടം നിലനിര്‍ത്താനാവാതെ ഓഹരി വിപണി; കേരള കമ്പനികളില്‍ 20 എണ്ണത്തിന് ഇന്ന് നഷ്ടം

കഴിഞ്ഞ രണ്ട് വ്യാപാര ദിവസങ്ങളിലെ നേട്ടം നിലനിര്‍ത്താനാവാതെ ഓഹരി വിപണി. റഷ്യ-യുക്രെയ്ന്‍ യുദ്ധം ചര്‍ച്ചകളിലും പരിഹാരമാവാതെ തുടരുന്നതിനാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികള്‍ക്ക് രണ്ട് ദിവസത്തെ വിജയ പരമ്പര നഷ്ടമായി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 571 പോയ്ന്റ് ഇടിവോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാര ആരംഭത്തില്‍ സെന്‍സെക്‌സ് സൂചിക 160 പോയിന്റ് ഉയര്‍ന്നെങ്കിലും പെട്ടെന്ന് തന്നെ വിപണി താഴ്ചയിലേക്ക് വീണു. ഓട്ടോ, എഫ്എംസിജി, ബാങ്ക് എന്നീ മേഖലകളാണ് കനത്ത നഷ്ടം നേരിട്ടത്. മെറ്റല്‍ 1.5 ശതമാനം ഉയര്‍ന്നു.

സെന്‍സെക്സ് സൂചിക 571 പോയിന്റ് താഴ്ന്ന് 57,292 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 169.45 പോയിന്റ് ഇടിഞ്ഞ് 17,118 പോയ്ന്റിലാണ് ക്ലോസ് ചെയ്തത്. കമ്പനികളില്‍ പവര്‍ഗ്രിഡ്, അള്‍ട്രാടെക് സിമന്റ്, ഏഷ്യന്‍ പെയ്ന്റ്‌സ്, എച്ച്യുഎല്‍, എച്ച്‌സിഎല്‍ ടെക്, കൊട്ടക് ബാങ്ക്, എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, നെസ്ലെ, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി, എം ആന്‍ഡ് എം എന്നീ കമ്പനികളാണ് ഇടിവ് നേരിട്ടത്. ഈ ഓഹരികളെല്ലാം 1.5 - 3 ശതമാനം ഇടിഞ്ഞു. കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, യുപിഎല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി എന്നിവയുള്‍പ്പെടെ എനര്‍ജി-ലിങ്ക്ഡ്എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കമ്പനികള്‍. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനം ഇടിഞ്ഞപ്പോള്‍ സ്മോള്‍ക്യാപ് സൂചിക 0.4 ശതമാനം ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

സെന്‍സെക്സ് സൂചിക ഒരു ശതമാനം ഇടിഞ്ഞപ്പോള്‍ കേരള കമ്പനികളില്‍ 20 എണ്ണത്തിന്റെ ഓഹരി വിലയില്‍ നഷ്ടമുണ്ടായി. അപ്പോളോ ടയേഴ്സ് (2.89 ശതമാനം), കേരള ആയുര്‍വേദ (2.45 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (2.19 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.96 ശതമാനം) തുടങ്ങിയവയാണ് തിരിച്ചടി നേരിട്ട കമ്പനികള്‍. അതേസമയം, കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (.68 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.59 ശതമാനം), പാറ്റ്സ്പിന്‍ ഇന്ത്യ (5 ശതമാനം) എന്നിവ മികച്ച നേട്ടമുണ്ടാക്കി. റബ്ഫില ഇന്റര്‍നാഷണല്‍, മുത്തൂറ്റ് ഫിനാന്‍സ്, കെഎസ്ഇ, ഈസ്റ്റേണ്‍ ട്രെഡ്സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it