ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 27

ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 27
Published on
കേരളത്തില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ്. ഇന്നലെ 67 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ് (യു.എ.ഇ 5, സൗദി അറേബ്യ 2, ഖത്തര്‍ 1, യു.കെ 1). 28 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് മാത്രം വന്നവരാണ്. തമിഴ്നാട് (അഞ്ച്), ഡല്‍ഹി (മൂന്ന്), ആന്ധ്രാ, ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങില്‍നിന്ന് വന്ന ഓരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10 പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്.

ഇന്ത്യയില്‍

രോഗികള്‍ : 151,767 (ഇന്നലെ 145,380)

മരണം : 4,337 (ഇന്നലെ 4,167)

ലോകത്ത്

രോഗികള്‍: 5,589,626 (ഇന്നലെ 5,495,061 )

മരണം: 350,453 (ഇന്നലെ 3,46,232)

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ വില

ഒരു ഗ്രാം സ്വര്‍ണം: 4,275 രൂപ (ഇന്നലെ 4,350 )

ഒരു ഡോളര്‍ : 75.78 രൂപ (ഇന്നലെ 75.44)

ക്രൂഡ് ഓയ്ല്‍

WTI Crude 33.88 -0.47

Brent Crude 35.56 -0.61

Natural Gas 1.754 -0.039

വന്‍കിട നിക്ഷേപ സ്ഥാപനങ്ങള്‍ ബാങ്കിംഗ് ഓഹരികള്‍ സ്വന്തമാക്കാന്‍ മുന്നോട്ട് വന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്. സെന്‍സെക്സിലും നിഫ്റ്റിയിലും മൂന്നു ശതമാനം മുന്നേറ്റം ഇന്നുണ്ടായി. സെന്‍സെക്സ് 995.92 പോയ്ന്റ് വര്‍ധിച്ച് 31,605.22 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 3.25 ശതമാനത്തിന്റെ വര്‍ധന. നിഫ്റ്റി 285.90 പോയ്ന്റ് വര്‍ധിച്ച് 9314.95 പോയന്റിലെത്തിയ 3.17 ശതമാനത്തിന്റെ വര്‍ധനയാണിത്. ഏകദേശം 1363 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 939 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 163 എണ്ണത്തിന്റെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

കേരള കമ്പനികളുടെ പ്രകടനം

സെന്‍സെക്സിനെ പിന്‍പറ്റി മിക്ക കേരള കമ്പനികളും ഇന്ന് നേട്ടത്തില്‍ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നേട്ടമുണ്ടാക്കിയ ആദ്യ പത്ത് കേരള കമ്പനികളില്‍ ആറും ധനകാര്യ സേവന സ്ഥാപനങ്ങളാണ്. ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ മുത്തൂറ്റ് കാപിറ്റലിനും സൗത്ത് ഇന്ത്യന്‍ ബാങ്കിനും മാത്രമാണ് ഇന്ന് കാലിടറിയത്. ഏറെക്കാലമായി ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കാനാകാതെ പോയ ധനലക്ഷ്മി ബാങ്കാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ ശതമാനക്കണക്കില്‍ മുന്നില്‍. 10.38 ശതമാനം വര്‍ധനയാണ് ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയില്‍ ഉണ്ടായത്്. 95 പൈസ വര്‍ധിട്ട് 10.10 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

മറ്റു പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍
ഇന്ത്യ, ചൈന തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്കു തയ്യാറെന്ന് ട്രംപ്

ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ അമേരിക്ക മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളുടെയും സൈനികര്‍ക്കിടയില്‍ അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായതോടെയാണ് ട്രംപിന്റെ ഇടപെടല്‍ വാഗ്ദാന ട്വീറ്റ്. ഇന്ത്യയും പാകിസ്ഥാനുമായുള്ള തര്‍ക്കത്തിലും മധ്യസ്ഥത വഹിക്കാന്‍ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല:മുഖ്യമന്ത്രി

വിദേശത്തുള്ള സംഘടനകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന് മുന്‍കൂട്ടി വിവരം ലഭിച്ചാന്‍ അതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാത്തതുകൊണ്ട് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ പ്രവാസികളെ എത്തിക്കാനാവുന്നില്ല എന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച സംസ്ഥാനത്താകെ ശുചീകരണ ദിനം

സമ്പൂര്‍ണ ലോക്ഡൗണ്‍ ആയ ഞായറാഴ്ചകളില്‍ സംസ്ഥാനത്താകെ ശുചീകരണദിനമായി ആചരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നത് സ്ഥിതിഗതികള്‍ മെച്ചപ്പട്ടതിന് ശേഷം മാത്രമെന്ന് അദ്ദേഹം അറിയിച്ചു.രാജ്യവ്യാപകമായ ലോക്ഡൗണിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ഇതു തന്നെയാണ്.

തമിഴ്‌നാട്ടില്‍ 15,128 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് 17 കമ്പനികള്‍; 47,150 പേര്‍ക്ക് തൊഴില്‍

47,150 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന 15,128 കോടി രൂപയുടെ പുതിയ നിക്ഷേപം നടത്തുന്നതിന് 17 കമ്പനികളുമായി കരാര്‍ ഒപ്പിട്ട് തമിഴ്‌നാട് സര്‍ക്കാര്‍. വാണിജ്യ വാഹനങ്ങള്‍, ഊര്‍ജ്ജം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലായിരിക്കും നിക്ഷേപം. മുഖ്യമന്ത്രി കെ പളനിസ്വാമിയുടെയും മറ്റ് എട്ട് കമ്പനികളുടെയും സാന്നിധ്യത്തില്‍ വെര്‍ച്വല്‍ ലിങ്ക് വഴി സെക്രട്ടേറിയറ്റില്‍ ഇന്ന് ഒമ്പത് കരാറുകളില്‍ ഒപ്പുവെച്ചു. പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വിപുലീകരണ പദ്ധതിക്കായി ഫിന്‍ലാന്‍ഡ് ആസ്ഥാനമായുള്ള സാല്‍കോമ്പ് 1,300 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള കരാറും ഇതില്‍ ഉള്‍പ്പെടുന്നു.

യുകെയില്‍ രാഷ്ട്രീയ അഭയം തേടി വിജയ് മല്യ

പണത്തട്ടിപ്പു കേസില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ബിസിനസുകാരന്‍ വിജയ് മല്യ യുകെയില്‍ രാഷ്ട്രീയ അഭയം തേടി അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. അപേക്ഷ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്റെ ഓഫീസിലേക്കാണയച്ചത്. മല്യയെ ഇന്ത്യയിലേക്ക് കൈമാറാമെന്ന് യുകെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് ഈ നീക്കം.

ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകളില്‍ വന്‍ വര്‍ദ്ധന

കോവിഡും ലോക്ഡൗണും വന്നതോടെ ഡിജിറ്റല്‍ ബാങ്കിങ് സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ഇടപാടുകാരുടെ എണ്ണത്തിലും ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകളിലും രേഖപ്പെടുത്തിയത് ശരാശരി 20-40 ശതമാനം വരെ വര്‍ധന. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയിട്ടും ബാങ്കുകളില്‍ നേരിട്ടെത്തുന്ന ഇടപാടുകാരുടെ എണ്ണം കുറഞ്ഞു. ചെക്ക് ക്ലിയറന്‍സിനും പണം നിക്ഷേപിക്കുന്നതിനും മാത്രമാണ് ഇടപാടുകാര്‍ ബ്രാഞ്ചുകളിലെത്തുന്നത്. 2021-ഓടെ രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളില്‍ നാല് മടങ്ങ് വര്‍ധനയുണ്ടാകുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.

ലോകത്തിലെ ചൂടേറിയ 15 നഗരങ്ങളില്‍ 10 എണ്ണം ഇന്ത്യയില്‍

ഇന്നലെ രേഖപ്പെടുത്തിയ താപനില പ്രകാരം ലോകത്തിലെ ചൂടേറിയ 15 നഗരങ്ങളില്‍ 10 എണ്ണവും ഇന്ത്യയില്‍. ബാക്കി അഞ്ചെണ്ണം അയല്‍ രാജ്യമായ പാകിസ്താനിലാണെന്നും കാലാവസ്ഥാ നിരീക്ഷണ വെബ്സൈറ്റ് എല്‍ ഡൊറാഡോ റിപ്പോര്‍ട്ട് ചെയ്യുന്നു.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ചുരുവിലാണ്.50 ഡിഗ്രി സെല്‍ഷ്യസ്.

ഗൂഗിളിന്റെ ഓഫീസുകള്‍ ജൂലൈ ആറിനു തുറക്കും

ജൂലൈ ആറു മുതല്‍ ഗൂഗിളിന്റെ വിവിധ രാജ്യങ്ങളിലുള്ള ഓഫീസുകള്‍ വീണ്ടും തുറന്ന് പരിമിതമായ ജീവനക്കാരുമായി പ്രവര്‍ത്തിക്കും.അതേസമയം, വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന് ജീവനക്കാര്‍ക്കെല്ലാം 1000 ഡോളര്‍)നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.സെപ്റ്റംബറോടെ ഓഫീസുകളുടെ പ്രവര്‍ത്തനം 30ശതമാനമെങ്കിലും പുനഃരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.

പ്രധാനമന്ത്രി വയവന്ദന യോജന എല്‍ ഐ സിയിലൂടെ

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പെന്‍ഷന്‍ കിട്ടുന്ന പദ്ധതിയായ 'പ്രധാനമന്ത്രി വയവന്ദന യോജന'യുടെ പുതുക്കിയ സ്‌കീം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ വഴി നടപ്പാക്കും. 10 വര്‍ഷത്തെ കാലാവധിയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പോളിസിയില്‍ നിക്ഷേപിക്കാവുന്നതാണ്. പെന്‍ഷന്‍ പ്രതിമാസമായോ, ത്രൈമാസമായോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷികമായോ ലഭ്യമാണ്. 15 ലക്ഷം രൂപയാണ് പരമാവധി തുക. 2021 മാര്‍ച്ച് 31 വരെ മാസം 7.4 നാല് ശതമാനമാകും നേട്ടം ലഭിക്കുക.

കേരളത്തില്‍ ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ആര്‍ ശ്രീലേഖ

സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിതയാകും ആര്‍. ശ്രീലേഖ. ഫയര്‍ ഫോഴ്‌സ് മേധാവിയായിട്ടായിരിക്കും പുതിയ നിയമനം. നിലവില്‍ ഗതാഗത കമ്മീഷണറാണ്. ഈ വര്‍ഷം ഡിസംബറില്‍ വിരമിക്കും. എഡിജിപി എം ആര്‍ അജിത് കുമാര്‍ പുതിയ ഗതാഗത കമ്മീഷണറാകും. ഡിജിപി ശങ്കര്‍റെഡ്ഡി റോഡ് സേഫ്റ്റി കമ്മീഷണറായി തുടരും.

Today's Podcast :

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com