

കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ദേശീയപാത 66-ന്റെ ആറുവരിപ്പാത വികസനം 2026 പകുതിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തിന്റെ മൊബിലിറ്റി, ലോജിസ്റ്റിക്സ് തുടങ്ങിയവയിൽ സുപ്രധാന നാഴികക്കല്ലാകുമെന്ന വിലയിരുത്തുന്ന പദ്ധതിയാണ് ഇത്. 65,000 കോടി രൂപയാണ് പദ്ധതി തുക.
നിലവിൽ 16 റീച്ചുകളിലായി ഏകദേശം 422.8 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. വിവിധ കാരണങ്ങളാൽ നിർമ്മാണം വൈകിയ സാഹചര്യത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമയപരിധി പുതുക്കേണ്ടി വന്നത്.
നിർമ്മാണത്തിലിരിക്കുന്ന ചില ഭാഗങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലും പാലങ്ങളുടെ ഘടനയിലുണ്ടായ തകരാറുകളുമാണ് പദ്ധതി പ്രധാനമായും വൈകാനുളള കാരണങ്ങള്‍. കൊല്ലത്ത് മൈലാക്കാട് ഭാഗത്തുണ്ടായ റോഡ് തകർച്ച ഉൾപ്പെടെയുള്ള സംഭവങ്ങൾ സുരക്ഷാ പരിശോധനകൾ കർശനമാക്കേണ്ട സാഹചര്യത്തിലേക്ക് അധികൃതരെ നയിച്ചു. ഇതിനുപുറമെ കനത്ത മഴ, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, കരാറുകാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയും കാലതാമസത്തിന് കാരണമായി.
പല റീച്ചുകളിലും 60 മുതൽ 80 ശതമാനം വരെ പണികൾ പൂർത്തിയായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വട്ടപ്പാറയിലെ വിമാനത്താവള മാതൃകയിലുള്ള വളവ് ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾ ഏറെക്കുറെ പൂർത്തിയായി. എന്നാൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില ഭാഗങ്ങളിൽ നിർമ്മാണ വേഗത വർധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുളളത്.
2026 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. വടക്കൻ, മധ്യ കേരളത്തിലെ മിക്ക റീച്ചുകളും 2026 മാർച്ചിനും ജൂണിനും ഇടയിൽ സജ്ജമാകുമെന്ന് കരുതുന്നു. എന്നാൽ കോഴിക്കോട്ടെ ചില ഭാഗങ്ങളും തെക്കൻ കേരളത്തിലെ പ്രധാന റീച്ചുകളും പൂർത്തിയാകാൻ ഓഗസ്റ്റ് വരെ സമയമെടുത്തേക്കാം.
വിദഗ്ധ സമിതിയുടെ നേതൃത്തിലാണ് നിലവില്‍ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കരാറുകാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കര്‍ശന നടപടികളാണ് സ്വീകരിക്കുക. 2026 പകുതിയോടെ പാത പൂർണമായും തുറന്നു കൊടുക്കുന്നതോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള യാത്രാ സമയം ഗണ്യമായി കുറയും.
NH66 six-lane expansion across Kerala to be completed by mid-2026, halving travel time between Kasaragod and Thiruvananthapuram.
Read DhanamOnline in English
Subscribe to Dhanam Magazine