ദേശീയപാതയിലെ യാത്ര ഇനി വേറെ ലെവല്‍! യൂറോപ്യന്‍ മാതൃകയില്‍ ക്യു.ആര്‍ കോഡുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ വരുന്നു, എല്ലാം മൊബൈലില്‍ അറിയാം

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ അത്യാവശ്യം വേണ്ട ഇരുപതിലധികം വിവരങ്ങള്‍ ലഭിക്കും
NHAI QR code information sign on a multi-lane highway at sunset, with cars and trucks visible
AI Generated ImageGemini
Published on

രാജ്യത്തെ ദേശീയപാതകളിലൂടെയുള്ള യാത്ര ഇനി കൂടുതല്‍ എളുപ്പമാകും. ദേശീയപാതകളിലുടനീളം യൂറോപ്യന്‍ മാതൃകയില്‍ ക്യു.ആര്‍ കോഡുള്ള പ്രോജക്ട് ഇന്‍ഫര്‍മേഷന്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ദേശീയപാത അതോറിറ്റി. ദേശീയപാതകളിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിനും പദ്ധതികളിലെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമാണ് നീക്കം. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട എമര്‍ജന്‍സി നമ്പരും ഇതിനൊപ്പമുണ്ടാകും. യാത്രക്കാര്‍ക്ക് ബോര്‍ഡിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും.

അത്യാവശ്യം വേണ്ട 20ലധികം വിവരങ്ങളാണ് ഈ ബോര്‍ഡുകളിലുണ്ടാവുക. ദേശീയപാതയുടെ നമ്പര്‍, ഏതൊക്കെ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും, റോഡിന്റെ നീളം, നിര്‍മാണ/അറ്റകുറ്റപ്പണി കാലാവധി, ഹൈവേ പട്രോള്‍ കോണ്‍ടാക്ട് നമ്പര്‍, ടോള്‍ മാനേജര്‍, പ്രൊജക്ട് മാനേജര്‍, എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ 1033 തുടങ്ങിയ വിവരങ്ങള്‍ ഈ ബോര്‍ഡിലുണ്ടാകും. കൂടാതെ പാതക്ക് സമീപത്തുള്ള ആശുപത്രികള്‍, പെട്രോള്‍ പമ്പ്, ശൗചാലയങ്ങള്‍, പൊലീസ് സ്റ്റേഷന്‍, റെസ്റ്റോറന്റുകള്‍, ടോള്‍ പ്ലാസയിലേക്കുള്ള ദൂരം, ട്രക്കുകള്‍ക്കുള്ള വിശ്രമസ്ഥലം, പഞ്ചര്‍ റിപ്പയര്‍ കട, വാഹന സര്‍വീസ് സ്‌റ്റേഷന്‍, ഇ.വി ചാര്‍ജിംഗ് സ്റ്റേഷന്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ അറിയാന്‍ കഴിയും.

യാത്രക്കാരുടെ സൗകര്യത്തിനായി വിശ്രമ സ്ഥലങ്ങള്‍, ടോള്‍ പ്ലാസ, ട്രക്കുകള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം, ഹൈവേ തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കും. യാത്രക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നത്. ദേശീയപാതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. 10 വര്‍ഷത്തേക്കാണ് ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത്. എന്തെങ്കിലും കാരണവശാല്‍ ബോര്‍ഡിന് കേടുപാടുണ്ടായാല്‍ 30 ദിവസത്തിനകം മാറ്റിസ്ഥാപിക്കണം.

മാറ്റം എന്തിന്

രാജ്യത്തെ ദേശീയപാതകളില്‍ കൃത്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ പാര്‍ലമെന്ററി സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ നിര്‍ദേശങ്ങളെക്കൂടി അടിസ്ഥാനത്തിലാണ് മാറ്റം. വിദേശരാജ്യങ്ങളിലെ റോഡുകളില്‍ നടപ്പിലാക്കുന്ന നല്ല മാതൃകകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അന്താരാഷ്ട്ര റോഡ് ഫെഡറേഷനോട് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

Discover how NHAI is installing QR code sign boards across National Highways to provide commuters with instant access to project information, emergency contacts, and nearby facilities, enhancing transparency and road safety.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com