Begin typing your search above and press return to search.
രാത്രി നിയന്ത്രണം; പുതുവർഷ വിപണിക്ക് തിരിച്ചടി
ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെയാണ് നിയന്ത്രണങ്ങള്‍. ഇക്കാലയളവില്‍ രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നൈറ്റ് കര്‍ഫ്യു. കടകള്‍ ഉള്‍പ്പടെയുള്ളവ ഈ സമയം തുറക്കാനാവില്ല. സഞ്ചാരത്തിന് ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ വരും.
ഡിസംബര്‍ 31ന് രാത്രി 10 മണിക്ക് ശേഷം പുതുവത്സരാഘോഷങ്ങള്‍ അനുവദിക്കില്ല. ബാറുകള്‍,ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം ആളുകള്‍ക്കാണ് പ്രവേശനം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വലിയ ആള്‍ക്കൂട്ടം ഉണ്ടാകിനിടയുള്ള ബിച്ചുകള്‍, ഷോപ്പിങ് മാളുകള്‍, പാര്‍ക്കുകള്‍ ജില്ല കളക്ടറിന്റെ നേതൃത്വത്തില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തും.
രാത്രി കാല നിയന്ത്രണം ന്യൂയര്‍ വിപണി മുന്നില്‍ കണ്ട് തയ്യാറെടുത്ത വ്യാപാരികളെയാകും ഏറ്റവും അധികം ബാധിക്കുക. നൈറ്റ് കര്‍ഫ്യു 10 മണിക്ക് ആരംഭിക്കുമെന്നതിനാല്‍ ഒമ്പത് മണിയോടെ തന്നെ കടകളില്‍ ആളുകയറാതാകുമെന്നാണ് വ്യാപാരികള്‍ ഭയപ്പെടുന്നത്. ന്യൂയര്‍ രാത്രി ഡിജെ പാര്‍ട്ടി ഉള്‍പ്പടെ നടത്താന്‍ പദ്ധതിയിട്ട ഹോട്ടലുകളും പ്രതിസന്ധിയിലായി.
ചെറു റസ്റ്റോറന്റുകള്‍ക്കുളില്‍ ഉള്‍പ്പടെ വലിയതോതില്‍ ജനങ്ങളെത്തുന്ന സമയമാണ് ന്യൂയര്‍ രാത്രി. ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വരുന്നതോടെ ബീച്ചില്‍ കപ്പലണ്ടി വില്‍ക്കുന്നവരെ മുതല്‍ ഓട്ടോ, ടാക്‌സി മേഖലയെ വരെ അത് ബാധിക്കും. ക്രിസ്മസ് കഴിഞ്ഞ് ആറു ദിവസത്തിന് ശേഷം ഇങ്ങനെ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ സമൂഹമാധ്യങ്ങളിലടക്കം പ്രതിഷേധം ഉയരുന്നുണ്ട്.
നിയന്ത്രണങ്ങള്‍ വന്നാല്‍ പോലും രാത്രി 10 മണിവരെ അടച്ചിട്ട എസി സിനിമാ തീയേറ്ററുകള്‍ക്ക് വരെ പ്രവര്‍ത്തിക്കാം. ആകെ ജനസംഖ്യയുടെ 76 ശതമാനവും വാക്‌സിന്‍ സ്വീകരിച്ച സംസ്ഥാനത്ത്, രാത്രി നിയന്ത്രണങ്ങള്‍ ന്യൂയര്‍ വിപണിയെ ബാധിക്കും എന്നല്ലാതെ എന്തു ഫലമാണ് ചെയ്യുകയെന്ന സംശയമാണ് പലരും പ്രകടിപ്പിക്കുന്നത്.
Next Story
Videos