ഷൗക്കത്തിന്‌ ഭൂരിപക്ഷം 11,000, യു.ഡി.എഫിന് 'ജീവന്‍ ടോണ്‍' ആയി നിലമ്പൂര്‍, 'സ്വരാജ്യ'ത്ത് സ്വരാജിന് തോല്‍വി; നനഞ്ഞ പടക്കമല്ല, കറുത്ത കുതിരയാണെന്ന് തെളിയിച്ച് അന്‍വര്‍; പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമോ?

2016ന് ശേഷം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിക്കുന്നത് ഇതാദ്യം
udf leaders
Facebook/ Shafi Parambil
Published on

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാകുമെന്ന് കരുതുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് മിന്നും വിജയം. 77,737 വോട്ടുകള്‍ നേടിയ ആര്യാടന്‍ ഷൗക്കത്ത് 11,077 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഇടതുസ്ഥാനാര്‍ത്ഥി എം.സ്വരാജിന് പലയിടങ്ങളിലും അടിപതറി.66,660 വോട്ടുകള്‍ നേടിയ സ്വരാജ് രണ്ടാം സ്ഥാനത്തെത്തി. ഇരുമുന്നണികളെയും ഞെട്ടിച്ച് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ 19,760 വോട്ടുനേടി. 2016, 2021 തിരഞ്ഞെടുപ്പുകളില്‍ ഇടതുപിന്തുണയോടെ അന്‍വര്‍ വിജയിച്ച മണ്ഡലമാണിത്. 2016ന് ശേഷം ഇതാദ്യമായാണ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍,ത്ഥി ജയിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് 8,648 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.

ഭരണവിരുദ്ധ വികാരം

ഒമ്പത് വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ഇടതു സര്‍ക്കാരിന്റെ തകര്‍ച്ചയുടെ കൗണ്ട്ഡൗണ്‍ നിലമ്പൂരില്‍ തുടങ്ങുമെന്നും യു.ഡി.എഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. സ്വരാജിന്റെ അപ്രതീക്ഷിത എന്‍ട്രിയും ജമാഅത്തെ ഇസ്‌ലാമി ബന്ധവും അന്‍വറിനെ ഒപ്പം ചേര്‍ക്കാത്തതും ക്ഷേമപെന്‍ഷന്‍ വിവാദവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായെങ്കിലും ജനങ്ങളുടെ ഉള്ളില്‍ സര്‍ക്കാരിനെതിരായ വികാരമുണ്ടായിരുന്നുവെന്ന് ഇടതുകേന്ദ്രങ്ങളും സമ്മതിക്കുന്നുണ്ട്. ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിലമ്പൂര്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പാര്‍ട്ടി പത്രത്തിന്റെ എഡിറ്ററുമായ സ്വരാജിന്റെ തോല്‍വിയില്‍ സര്‍ക്കാരും സി.പി.എമ്മും എന്തുമറുപടി പറയുമെന്ന് കാര്യത്തിലും രാഷ്ട്രീയ കേരളത്തിന് ആകാശയുണ്ട്.

അന്‍വര്‍ ഫാക്ടര്‍

നിലമ്പൂരിലെ എം.എല്‍.എയായിരുന്ന പി.വി അന്‍വര്‍ ഇടതുബന്ധം ഉപേക്ഷിച്ച് നിയമസഭാംഗത്വം രാജിവെച്ചതാണ് ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ഉപതിരഞ്ഞെടുപ്പില്‍ താന്‍ നിര്‍ദ്ദേശിച്ചയാളെ നിറുത്തണമെന്നായിരുന്നു അന്‍വറിന്റെ നിബന്ധന. എന്നാല്‍ അന്‍വര്‍ നിര്‍ദ്ദേശിച്ച മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയെ വെട്ടി കോണ്‍ഗ്രസ് നേതൃത്വം ചുമതല ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ ഏല്‍പ്പിച്ചു. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അന്‍വറും ഇറങ്ങി. അന്‍വര്‍ നനഞ്ഞ പടക്കമാണെന്നും 5,000 വോട്ടുകളില്‍ കൂടുതല്‍ പിടിക്കില്ലെന്നുമായിരുന്നു ഇരുമുന്നണികളുടെയും വിലയിരുത്തല്‍. പ്രതീക്ഷകളെല്ലാം തെറ്റിച്ച് അന്‍വര്‍ കറുത്ത കുതിരയായി മാറിയെന്ന് വേണം കരുതാന്‍. മുന്നണിയിലെടുക്കാതെ തടഞ്ഞ യു.ഡി.എഫിനും ഇനി അന്‍വര്‍ എന്ന ഫാക്ടര്‍ അവഗണിക്കാന്‍ കഴിയില്ല. അന്‍വര്‍ അടഞ്ഞ അധ്യായമല്ലെന്ന് മുസ്ലിം ലീഗ് കേന്ദ്രങ്ങള്‍ നടത്തിയ പ്രതികരണവും ചേര്‍ത്ത് വായിക്കേണ്ടതാണ്.

സ്വന്തം നാട്ടിലും നിലം തൊടാതെ സ്വരാജ്

അതേസമയം, തിരഞ്ഞെടുപ്പ് രംഗത്തേക്ക് അപ്രതീക്ഷിത എന്‍ട്രിയായി എത്തിയ എം.സ്വരാജിന് സ്വന്തം നാട്ടില്‍ പോലും നിലംതൊടാനായില്ല. അടുത്തിടെ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍, തൃക്കാക്കരയും പാലക്കാടും, പൊതുസമ്മതനായ സ്വതന്ത്രന്മാരെയാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇത്തവണ സ്വന്തം സ്ഥാനാര്‍ത്ഥി മതിയെന്ന തീരുമാനത്തിലാണ് ശക്തനായ സ്വരാജിനെത്തന്നെ രംഗത്തിറക്കിയത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ 2,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സ്വരാജ് ജയിക്കുമെന്നായിരുന്നു എല്‍.ഡി.എഫ് വിലയിരുത്തല്‍. എന്നാല്‍ സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 800 വോട്ടിന്റെ ലീഡ്. കഴിഞ്ഞ തവണ 506 വോട്ടിന് എല്‍.ഡി.എഫ് ലീഡ് ചെയ്ത മണ്ഡലമാണിത്.

UDF candidate Aryadan Shoukath wins the Nilambur by-election by over 10,000 votes, defeating LDF’s M. Swaraj, while independent P.V. Anvar finishes third.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com