നിപ്പ ഭീതിയൊഴിയുന്നു; വ്യാപാര മേഖലയിലും ആശ്വാസം

മലപ്പുറത്തെ നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമായതോടെ വ്യാപാര മേഖലയിലും ആശ്വാസം. ഇന്നു മുതല്‍ കടുത്ത നിയന്ത്രണങ്ങളില്‍ ജില്ലാ കലക്ടര്‍ ഇളവു വരുത്തി. കൂടുതല്‍ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുഴവന്‍ സമയവും തുറന്ന് പ്രവര്‍ത്തിക്കാനാകും. നിപ്പ ബാധയേറ്റ് ഒരു കുട്ടി മരിച്ചതോടെയാണ് ഒരാഴ്ച മുമ്പ് മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ പൂര്‍ണ്ണ നിയന്ത്രണം കൊണ്ടു വന്നത്. കൂടുതല്‍ പേര്‍ക്ക് രോഗബാധയില്ലെന്ന് പരിശോധനകളിലൂടെ ബോധ്യപ്പെട്ടതോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുന്നത്.

നിയന്ത്രണം രണ്ട് വാര്‍ഡുകളില്‍

വൈറസ് ബാധ കണ്ടെത്തിയ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലാണ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നത്. ഇത് ഈ രണ്ട് പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളില്‍ മാത്രമായി ഇപ്പോള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. പാണ്ടിക്കാട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, ആനക്കയം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം തുടരുന്നത്. ഈ വാര്‍ഡുകളിലുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ല. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചുവരെ മാത്രമേ തുറക്കാനാണ് അനുമതി. രണ്ടു പഞ്ചായത്തുകളിലെയും മറ്റു വാര്‍ഡുകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ പൊതുവെ ജനങ്ങള്‍ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സമ്പര്‍ക്ക പട്ടികയില്‍ ഒരാള്‍ മാത്രം

നിപ്പ മൂലം മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സിയില്‍ ഉള്ളത്. 472 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ആകെയുണ്ടായിരുന്നത്. ഇവരെ കണ്ടെത്തി പ്രാഥമിക പരിശോധന നടത്തി ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവര്‍ 21 ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കണം. ഇതുവരെ മലപ്പുറം ജില്ലയിലും പുറത്തുമായി 856 പേര്‍ക്ക് നിപ്പയുമായി ബന്ധപ്പെട്ട ആരോഗ്യ, മാനസിക സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.

Related Articles

Next Story

Videos

Share it