നിര്‍മല 'കടമെടുത്തു' കോണ്‍ഗ്രസ് ആശയം; യുവരോഷം ശമിപ്പിക്കാന്‍ മറുമരുന്ന്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട തിരിച്ചടിക്കുള്ള മറുമരുന്ന് കൂടിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. യുവജനങ്ങളുടെ കോപം ശമിപ്പിക്കാന്‍ ധനമന്ത്രി കരുതല്‍ കാണിച്ചു. 2019ല്‍ രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാംവരവിന് സഹായിച്ച വനിതകളെ ലക്ഷ്യംവച്ചുള്ള പദ്ധതികളും നിര്‍മല സീതാരാമന്റെ ബജറ്റില്‍ ഇടംപിടിച്ചു.
കോണ്‍ഗ്രസ് ആശയം പകര്‍ത്തി
പൊതുതിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലെ മുഖ്യവാഗ്ദാനമായിരുന്നു യുവജനങ്ങള്‍ക്ക് സ്വകാര്യ മേഖലയിലടക്കം ഇന്റേണ്‍ഷിപ്പ് അവസരം. ഈ വാഗ്ദാനമാണ് നിര്‍മല ബജറ്റില്‍ യുവാക്കളെ കൈയിലെടുക്കാന്‍ പ്രയോഗിച്ചത്. ഒരു കോടിയിലധികം പേര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് പ്രയോജനം ലഭിക്കുന്നതാണ് പുതിയ പ്രഖ്യാപനം.
നിര്‍മാണ, സര്‍വീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രധാനപ്പെട്ട 500 കമ്പനികള്‍ പദ്ധതിയുടെ ഭാഗമാകും. 5,000 രൂപ വീതമാണ് പ്രതിമാസം ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ പരിചയം ലഭിക്കുന്നതിനും മികച്ച ജോലി നേടുന്നതിനും ഇത്തരം പെയ്ഡ് ഇന്റണ്‍ഷിപ്പുകള്‍ സഹായിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
മാര്‍ക്കറ്റിലേക്ക് കൂടുതല്‍ പണമെത്താനും ഇത് വഴിയൊരുക്കും. ഇത്തരം ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവര്‍ക്ക് സര്‍ക്കാരിന്റെ വകയായി 6,000 രൂപ ഒറ്റത്തവണയായി നല്‍കുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റേണ്‍ഷിപ്പിനായി വരുന്ന തുകയുടെ 10 ശതമാനം സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് എടുക്കാനാണ് ധനമന്ത്രിയുടെ നിര്‍ദേശം.
ബജറ്റ് അവതരണത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കോണ്‍ഗ്രസിന്റെ ന്യായ് പത്ര 2024ന്റെ കോപ്പി ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് മുന്നോട്ടുവച്ച നിര്‍ദ്ദേശം കടമെടുത്തതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
മുദ്ര ലോണിലും സന്തോഷം
മുദ്ര ലോണില്‍ നിന്ന് വായ്പയെടുക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തിയത് യുവ സംരംഭകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ്. നിരവധി സ്ത്രീകള്‍ മുദ്ര വായ്പയെടുത്ത് സംരംഭങ്ങള്‍ ആരംഭിച്ചിരുന്നു. നിലവില്‍ തരുണ്‍ കാറ്റഗറിയില്‍ 10 ലക്ഷം രൂപയായിരുന്നു ലഭ്യമായ തുക. ഇത് 20 ലക്ഷമായി ഉയര്‍ത്തി. നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിയായപ്പോള്‍ സ്വപ്‌ന പദ്ധതിയെന്ന നിലയിലാണ് പ്രധാന്‍ മന്ത്രി മുദ്ര യോജന തുടങ്ങിയത്.
Related Articles
Next Story
Videos
Share it