

താരിഫുകളിലൂടെയും മറ്റ് നടപടികളിലൂടെയും ആഗോള വ്യാപാരം വർധിച്ചുവരുന്ന രീതിയിൽ 'ആയുധമാക്കപ്പെടുകയാണെന്ന്' ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇന്ത്യ വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും രാജ്യത്തിൻ്റെ മൊത്തത്തിലുള്ള സാമ്പത്തിക ശക്തി ഈ സാഹചര്യത്തിൽ അധിക നേട്ടമായിരിക്കുമെന്നും അവർ പറഞ്ഞു. ആഗോളതലത്തിൽ വ്യാപാരം 'സ്വതന്ത്രവും നീതിയുക്തവും' അല്ല എന്നത് ഇപ്പോൾ വളരെ വ്യക്തമാണെന്നും അവർ കൂട്ടിച്ചേർത്തു.
താരിഫ് ഒരു ആയുധമായി മാറിയിരിക്കുകയാണ്. ഇന്ത്യയെ താരിഫ് രാജാവെന്ന് പറഞ്ഞ് പ്രകോപിപ്പിക്കാന്‍ സാധിക്കുമെങ്കിലും താരിഫിനെ ആയുധമാക്കുന്നത് ഇന്ത്യയുടെ ഉദ്ദേശമായിരുന്നില്ല എന്ന് ധനമന്ത്രി വ്യക്തമാക്കി. 'വേട്ടക്കാരനിൽ' (predator) നിന്ന് വരുന്ന ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഒഴുകുന്നത് തടയാൻ വേണ്ടി ആഭ്യന്തര വ്യവസായങ്ങൾക്ക് സംരക്ഷണം നൽകുക മാത്രമാണ് ഇന്ത്യ ചെയ്തത്.
എന്നാൽ വ്യാപാരത്തെ ആയുധമാക്കുന്നത് ഇപ്പോൾ വിമർശനങ്ങൾ ഇല്ലാതെയാണ് സംഭവിക്കുന്നതെന്നും, താരിഫ് നല്ലതല്ലെന്നും ആരും ഈ നടപടികൾ എടുക്കരുതെന്നും പറയുന്ന ചില രാജ്യങ്ങൾ തന്നെ പുതിയ താരിഫ് തടസങ്ങളുമായി രംഗത്ത് വരുന്നുണ്ടെന്നും ഇതിനെ ചോദ്യം ചെയ്യാൻ ആരുമില്ലെന്നതാണ് പുതിയ സാധാരണ നിലയെന്നും മന്ത്രി പറഞ്ഞു.
യു.എസ്. ഏർപ്പെടുത്തിയ ഉയർന്ന താരിഫുകൾ കാരണം ആഗോള വ്യാപാരം തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ധനമന്ത്രിയുടെ പരാമർശങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ, സ്വതന്ത്ര വ്യാപാര കരാറുകൾ ഇല്ലാത്ത രാജ്യങ്ങളിൽ ഉയർന്ന താരിഫുകൾ ചുമത്തുമെന്ന് മെക്സിക്കോ അടുത്തിടെ പ്രഖ്യാപിച്ചതും ഈ പ്രശ്‌നത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. താരിഫ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക മാത്രമല്ല, രാജ്യത്തിൻ്റെ മൊത്തത്തിലുള്ള സാമ്പത്തിക ശക്തി ഉപയോഗിച്ച് ശ്രദ്ധാപൂർവം ചർച്ചകൾ നടത്തേണ്ടതും ഇന്ത്യക്ക് അത്യാവശ്യമാണെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
Finance Minister Nirmala Sitharaman criticizes the weaponization of tariffs and the lack of fairness in global trade.
Read DhanamOnline in English
Subscribe to Dhanam Magazine