

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാനും ഹോണ്ടയും തമ്മിലുള്ള ലയനനീക്കങ്ങള്‍ക്ക് സഡന്‍ ബ്രേക്ക്. ലയനവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും അവസാനിപ്പിക്കാനും ഇലക്ട്രിക് വാഹന രംഗത്ത് സഹകരണം തുടരാനും ഇരുകമ്പനികളുടെയും ബോര്‍ഡ് യോഗം തീരുമാനിച്ചെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുകമ്പനികളും സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
60 ബില്യന്‍ ഡോളര്‍ (ഏകദേശം 5.2 ലക്ഷം കോടിരൂപ) മൂല്യമുള്ള കമ്പനിയാകാനുള്ള പദ്ധതിയാണ് ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പൊളിഞ്ഞത്. വില്‍പ്പനയില്‍ ടൊയോട്ട, ഫോക്‌സ്‌വാഗണ്‍, ഹ്യൂണ്ടായ് എന്നിവര്‍ക്ക് പിന്നില്‍ നാലാമത് എത്താനും സംയുക്ത കമ്പനിക്കാകുമായിരുന്നു. വാഹന വിപണിയില്‍ ചൈനീസ് കമ്പനികള്‍ ഉയര്‍ത്തുന്ന മത്സരത്തിന് ബദലാകാനും ജാപ്പനീസ് ഭീമന്മാര്‍ക്ക് കഴിയുമായിരുന്നു. ഇത്രയും പ്ലാന്‍ ചെയ്തിട്ടും ഹോണ്ട-നിസാന്‍ ലയനം പൊളിഞ്ഞതെങ്ങനെയെന്ന് പരിശോധിക്കാം.
ഹൈബ്രിഡ് അടക്കമുള്ള പുത്തന്‍ സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ മനസിലാക്കാന്‍ കഴിയാതെ പോയതാണ് നിസാന് വിനയായത്. വില്‍പ്പന കുറഞ്ഞതും മാനേജ്‌മെന്റിലെ ചില പ്രശ്‌നങ്ങളും ഒരുകാലത്ത് ജപ്പാനിലെ രണ്ടാമത്തെ വലിയ കമ്പനിയായിരുന്ന നിസാനെ നാശത്തിന്റെ വക്കിലെത്തിച്ചു. ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കാനുള്ള ചുമതല ഏറ്റെടുത്താണ് ഹോണ്ട രംഗത്തുവരുന്നത്. എന്നാല്‍ ലയനക്കരാറില്‍ ഹോണ്ട മുന്നോട്ട് വച്ച ചില നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ നിസാന് കഴിയാത്തത് മൂലമാണ് ലയനനീക്കം തടസപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. നിസാനെയും മിത്‌സുബുഷിയെയും ഹോണ്ടയുടെ ഉപകമ്പനി (Subsidiary) ആക്കാനുള്ള നിര്‍ദ്ദേശമാണ് ഇതിലൊന്ന്. ലയനമുണ്ടായാല്‍ തുല്യ പരിഗണന നല്‍കണമെന്നായിരുന്നു നിസാന്റെ വാദം. ഉത്പാദനം വെട്ടിക്കുറച്ചും ജീവനക്കാരെ പിരിച്ചുവിട്ടും പ്രതിസന്ധി അതിജീവിക്കാനുള്ള ശ്രമങ്ങള്‍ നിസാന്‍ നടത്തുന്നുണ്ട്. ഇതിന് പുറമെ ചില ഫാക്ടറികള്‍ കൂടി അടച്ചുപൂട്ടാനായിരുന്നു ഹോണ്ടയുടെ നിര്‍ദ്ദേശം. രാഷ്ട്രീയ വിവാദം ഭയന്ന് നിസാന്‍ ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.
നിലവിലെ പ്രതിസന്ധി ഒറ്റക്ക് മറികടക്കാമെന്നാണ് നിസാന്‍ കരുതുന്നത്. എന്നാല്‍ തീരുമാനമെടുക്കുന്നതില്‍ നിസാന്‍ വരുത്തുന്ന കാലതാമസമാണ് ഹോണ്ടയെ കരാറില്‍ നിന്നും പിന്നോട്ടടിച്ചത്. ലയന നീക്കങ്ങള്‍ തുടങ്ങിയതിന് ശേഷം നിസാന്‍ മറ്റ് കമ്പനികളുമായി സഹകരിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയതും തിരിച്ചടിയായി. തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോണ്‍ നിസാനില്‍ നിക്ഷേപം നടത്തുമെന്നാണ് സൂചനകള്‍. ഇക്കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ഫോക്‌സ്‌കോണ്‍ ചെയര്‍മാന്‍ യൂംഗ് ലിയോ പറഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഇരുകമ്പനികളും ലയിക്കുമെന്ന പ്രഖ്യാപനമുണ്ടാകുന്നത്. ഇരുകമ്പനികള്‍ക്കും തുല്യ പങ്കാളിത്തമുള്ള ഹോള്‍ഡിംഗ് കമ്പനിയായി മാറും എന്നായിരുന്നു ആദ്യ ധാരണ. എന്നാല്‍ ആദ്യമുണ്ടാക്കിയ കരാറില്‍ മാറ്റം വരുത്തണമെന്ന അഭിപ്രായം ഉയര്‍ന്നതോടെ കരാറില്‍ നിന്നും പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നതിന് പിന്നാലെ ടോകിയോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഹോണ്ടയുടെ ഓഹരികള്‍ മുന്നേറുകയും നിസാന്റെ ഓഹരി വില ഇടിയുകയും ചെയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine