

വിവിധ വകുപ്പുകളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ അനുമതി ലഭ്യമാക്കുന്നതടക്കം ഹോം സ്‌റ്റേകളെ പ്രോത്സാഹിപ്പിക്കാനുള്ള നയരൂപീകരണത്തിന് നീതി ആയോഗ്. ഈ മേഖലയില്‍ കേരളവും ഡല്‍ഹിയും നടപ്പിലാക്കിയ രീതികള്‍ മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.രാജ്യത്തെ ഹോം സ്‌റ്റേകള്‍, ബ്രെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് (ബിഎന്‍ബി) കേന്ദ്രങ്ങള്‍ എന്നിവയുടെ സാധ്യതകള്‍ മുഴുവനായി പ്രയോജനപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നീതി ആയോഗ് സര്‍ക്കാരിന് സമര്‍പ്പിച്ചു. എളുപ്പത്തിലുള്ള രജിസ്‌ട്രേഷന്‍, സുഗമമായ ലൈസന്‍സ് പുതുക്കല്‍, തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിലെ ഹോം സ്‌റ്റേകള്‍ക്ക് ഇന്‍സെന്റീവ് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്.
ടൂറിസം, തദ്ദേശം, റവന്യൂ തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള അനുമതി വേഗത്തില്‍ ലഭ്യമാക്കാന്‍ സംസ്ഥാനങ്ങള്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണം. ഇത്തരം അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് ഉറപ്പാക്കണം. ഹോംസ്‌റ്റേകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന രീതിയിലും നീതി ആയോഗ് നിര്‍ദ്ദേശം വെച്ചിട്ടുണ്ട്. പ്രോത്സാഹിപ്പിക്കേണ്ട ടൂറിസം കേന്ദ്രങ്ങളിലുള്ള ഹോം സ്‌റ്റേകള്‍ക്കാണ് ഇന്‍സെന്റീവ് ഏര്‍പ്പെടുത്തേണ്ടത്. ഇതിനായി ടൂറിസം കേന്ദ്രങ്ങളെ വിവിധ വിഭാഗങ്ങളായി തിരിക്കണം. മുന്‍ഗണനാ ക്രമത്തിലുള്ളതും സാധ്യതകള്‍ കൂടുതലുമായ കേന്ദ്രങ്ങളിലുള്ള ഹോം സ്‌റ്റേകള്‍ക്ക് കൂടുതല്‍ ഇന്‍സെന്റീവ് നല്‍കണം. അടിസ്ഥാന സൗകര്യ വികസനം, പ്രൊമോഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഈ പണം ഉപയോഗിക്കേണ്ടത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വളരുന്ന കേന്ദ്രങ്ങള്‍ക്ക് പല ഘട്ടങ്ങളായി സാമ്പത്തിക സഹായം നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് ടൂറിസം മേഖല നല്‍കുന്ന സംഭാവന കൊവിഡ് കാലത്തിന് ശേഷം വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. 2024ല്‍ മാത്രം 21.15 ലക്ഷം കോടി രൂപയാണ് ടൂറിസം മേഖലയുടെ സംഭാവന. 2019നേക്കാള്‍ 21 ശതമാനം വളര്‍ച്ച. അടുത്ത വര്‍ഷങ്ങളില്‍ ഇത് 43.25 ലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ രാജ്യത്തെ ഹോം സ്‌റ്റേ വിപണി 4,722 കോടി രൂപയാണെന്നാണ് കണക്ക്. 2024നും 2031നും ഇടയില്‍ 11 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കുണ്ടാകുമെന്നും കണക്കുകള്‍ പറയുന്നു.
ടൂറിസം കേന്ദ്രങ്ങളോട് അടുത്തു കിടക്കുന്ന സ്ഥലങ്ങളില്‍ പൂട്ടിക്കിടക്കുന്ന വീടുകളെ ഹോം സ്‌റ്റേകളായി മാറ്റുന്ന പദ്ധതിയാണിത്. പദ്ധതിയുടെ പരീക്ഷണത്തിന് കുമരകം, മൂന്നാര്‍, കൊച്ചി മുസരീസ് മേഖല എന്നിവയാണ് തിരഞ്ഞെടുത്തത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്കായി 5 കോടി രൂപയും മാറ്റിവെച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine