
സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന തരത്തില്‍ രാജ്യത്തെ ദേശീയപാതകളില്‍ പുതിയ ടോള്‍ സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ ഒരു ദേശീയ വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച വേദിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. 2026ല്‍ ഇന്ത്യയിലെ റോഡുകള്‍ ടോള്‍ ഫ്രീയാകുമെന്ന പ്രഖ്യാപനത്തെക്കുറിച്ചായിരുന്നു അവതാരകന്റെ ചോദ്യം. റോഡുകള്‍ ടോള്‍ രഹിതമാകുമെന്ന് പറഞ്ഞിട്ടില്ലെന്നും ടോള്‍ അടക്കുന്നവര്‍ക്ക് സന്തോഷം ഉണ്ടാകുമെന്നാണ് പറഞ്ഞതെന്നുമായിരുന്നു ഗഡ്കരിയുടെ മറുപടി. സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന ഒരു നയം സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോവുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ടോള്‍ പിരിവ് സമ്പ്രദായത്തില്‍ മാറ്റം വരും. ഇക്കാര്യത്തില്‍ കൂടുതല്‍ പറയാന്‍ നിലവില്‍ സാധിക്കില്ല. പക്ഷേ 8-10 ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപനമുണ്ടാകും. ടോള്‍ നിരക്കില്‍ കുറവുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈയിലെ ബാന്ദ്ര-കുര്‍ള കടല്‍പ്പാലത്തില്‍ വെച്ച് ട്രാഫിക്ക് പിഴ ലഭിച്ച സംഭവവും മന്ത്രി വിശദീകരിച്ചു. ആ പാലം നിര്‍മിച്ചത് തന്റെ നേതൃത്വത്തിലാണ്. എന്നാല്‍ മുംബൈയിലെ തന്റെ കാറിന് രണ്ട് തവണയാണ് ഈ പാലത്തില്‍ വെച്ച് പിഴ ലഭിച്ചത്. നിയമലംഘനം നടത്തി ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല. ക്യാമറ എല്ലാം കാണുന്നുണ്ട്. ട്രാഫിക്ക് ചെല്ലാനുകള്‍ ലഭിച്ചതിനെക്കുറിച്ച് ആളുകള്‍ പരാതിപ്പെടാറുണ്ട്. എന്നാല്‍ വരുമാനത്തിന് വേണ്ടിയല്ല ഇത്തരം പിഴശിക്ഷ വിധിക്കുന്നതെന്ന് ആളുകള്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
2008ലെ നാഷണല്‍ ഹൈവേയ്‌സ് ഫീ ചട്ടങ്ങള്‍ അനുസരിച്ചാണ് നിലവില്‍ രാജ്യത്തെ ടോള്‍ പിരിവ് നടക്കുന്നത്. ഇതനുസരിച്ച് ഒരേ ദിശയിലുള്ള റോഡില്‍ 60 കിലോമീറ്റര്‍ പരിധിയില്‍ ടോള്‍ പ്ലാസകള്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ ടോള്‍ പ്ലാസകള്‍ക്ക് പകരമായി ഉപഗ്രഹാധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം നടപ്പിലാക്കാനുള്ള പ്ലാനിലാണ് സര്‍ക്കാര്‍. ഇന്ത്യയുടെ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ (ജി.എന്‍.എസ്.എസ്) സഹായത്തോടെ വാഹനം സഞ്ചരിച്ച ദൂരം കണ്ടെത്തി അതിന് മാത്രം ടോള്‍ പിരിക്കുന്ന സംവിധാനമാണിത്. നിലവിലെ ഫാസ്ടാഗ് സംവിധാനത്തില്‍ നിന്നുള്ള വലിയൊരു അപ്‌ഗ്രേഡാകും ഇത്. എന്നാല്‍ ഉപഗ്രാധിഷ്ടിത ടോള്‍ പിരിവ് സംവിധാനം തന്നെയാണോ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന കാര്യം സ്ഥിരീകരിക്കാന്‍ ഗഡ്കരി തയ്യാറായില്ല.
നിലവില്‍ എത്ര കിലോമീറ്റര്‍ സഞ്ചരിച്ചാലും ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ ഒരേ നിരക്കാണ് നല്‍കേണ്ടത്. എന്നാല്‍ പുതിയ സംവിധാനത്തില്‍ 20 കിലോമീറ്റര്‍ വരെയുള്ള ചെറിയ യാത്രകള്‍ക്ക് ഇളവുണ്ടാകും. സ്ഥിരം യാത്രക്കാര്‍ക്ക് വാര്‍ഷിക, പ്രതിമാസ ടോള്‍ ടിക്കറ്റുകളും ഏര്‍പ്പെടുത്തും. തീരുമാനം ചരക്കുനീക്കത്തിനും വലിയ കുതിപ്പാകുമെന്നാണ് കരുതുന്നത്. ദേശീയ പാതകളിലൂടെയുള്ള ചരക്കുഗതാഗതത്തിന് ആകെ ചെലവാകുന്നതില്‍ 18-20 ശതമാനം വരെ ടോളുകള്‍ക്ക് നല്‍കേണ്ടി വരുന്നുവെന്നാണ് കണക്ക്. അതുകൊണ്ട് തന്നെ ടോളില്‍ 25 ശതമാനം കുറവുണ്ടായാലും വലിയ മാറ്റമാണുള്ളതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
നിലവില്‍ 55,000 കോടി രൂപയാണ് ടോള്‍ പിരിവിലൂടെ മാത്രം ദേശീയ പാത അതോറിറ്റിക്ക് ലഭിക്കുന്ന വരുമാനം. ഇത് രണ്ട് വര്‍ഷത്തിനുള്ളില്‍ 1.40 ലക്ഷം കോടി രൂപയാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
Nitin Gadkari to announce new satellite-based toll collection system within 8-10 days, aiming to reduce commuter costs
Read DhanamOnline in English
Subscribe to Dhanam Magazine