

യുവതാരം നിവിന്‍ പോളിയുമായി 100 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് ബോളിവുഡ് ഫിലിം പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസ്. ദൃശ്യം 3ന്റെ ആഗോള തീയറ്റര്‍, ഡിജിറ്റല്‍ അവകാശങ്ങള്‍ പനോരമ സ്റ്റുഡിയോസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് മലയാളത്തില്‍ ഒന്നിലേറെ സിനിമകളും സീരിയസുകളും നിര്‍മിക്കാന്‍ നിവിന്‍ പോളിയുമായി വലിയൊരു കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. കുമാര്‍ മങ്കത്ത് ആണ് ചെയര്‍മാന്‍. യുവതാരവുമായുള്ള കരാര്‍ വാര്‍ത്ത പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണലിന്റെ ഓഹരിവിലയിലും പ്രതിഫലിച്ചു. ഇന്നലെ മൂന്നു ശതമാനത്തോളം ഉയര്‍ന്ന ഓഹരിവില ഇന്നും മുന്നോട്ടാണ്.
മീഡിയ എന്റര്‍ടെയിന്‍മെന്റ് രംഗത്ത് സജീവമായ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. 1980ല്‍ സ്ഥാപിതമായ കമ്പനി മുമ്പ് ഹിന്ദി ചിത്രങ്ങളില്‍ മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രാദേശിക സിനിമകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെയാണ് മലയാളം അടക്കമുള്ള ഭാഷകളിലേക്ക് ചുവടുമാറ്റുന്നത്.
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 84 ലക്ഷം രൂപയായിരുന്നു ലാഭം. വരുമാനം മുന്‍ വര്‍ഷം സമാനപാദത്തെ 82.14 കോടി രൂപയില്‍ നിന്ന് 77.86 കോടി രൂപയായി ഉയര്‍ന്നു. വിപണി മൂല്യം 1,028 കോടി രൂപയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരിവിലയില്‍ 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബോളിവുഡില്‍ വലിയ ഹിറ്റുകളൊന്നും ഇല്ലാതിരുന്നത് കമ്പനിയുടെ വരുമാനത്തെയും ബാധിച്ചിരുന്നു. എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഹിറ്റായി മാറിയ ദൃശ്യത്തിലൂടെ വലിയ വരുമാനം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.
മലയാള സിനിമയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷമായി നല്ലൊരു ഹിറ്റ് ചിത്രമില്ലാത്ത അവസ്ഥയിലായിരുന്നു നിവിന്‍പോളി. അടുത്തിടെ പുറത്തിറങ്ങിയ 'സര്‍വംമായ' 100 കോടിക്ക് മുകളില്‍ കളക്ഷനുമായി മുന്നേറുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine