എല്‍.പി.ജി-ആധാര്‍ മസ്റ്ററിംഗില്‍ ആശ്വാസ പ്രഖ്യാപനവുമായി മന്ത്രി; ഇനി തിരക്ക് കൂട്ടേണ്ട

എല്‍.പി.ജി സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന്‍ മസ്റ്ററിംഗ് നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഉപയോക്താക്കള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഉത്തരവ് വന്നതിനു പിന്നാലെ ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ വലിയ ക്യൂ രൂപപ്പെട്ടിരുന്നു. ഗ്യാസ് ഏജന്‍സികളിലെ ജീവനക്കാരും ഉപയോക്താക്കളും തമ്മില്‍ പലയിടത്തും സംഘര്‍ഷം ഉണ്ടായെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.
ഇപ്പോഴിതാ ഗ്യാസ് മസ്റ്ററിംഗില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ്. ഗ്യാസും ആധാറും തമ്മില്‍ ലിങ്ക് ചെയ്യാന്‍ കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരി വ്യക്തമാക്കി. കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കത്തിന് മറുപടിയായി പുരി ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉപയോക്താക്കള്‍ക്ക് പ്രശ്‌നമുണ്ടാക്കരുത്
എല്‍.പി.ജി കമ്പനികളുടെ ഷോറൂമുകളില്‍ മസ്റ്ററിംഗ് നടപടികള്‍ ഇല്ലെന്നും ഉപയോക്താക്കള്‍ക്ക് ഗ്യാസ് നിരസിക്കുന്ന കാര്യങ്ങള്‍ ജീവനക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും എണ്ണ കമ്പനികളോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
എല്‍.പി.ജി ഗ്യാസ് സിലിണ്ടര്‍ യഥാര്‍ത്ഥ ഉപഭോക്താവിന്റെ കൈയ്യില്‍ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാനാണ് മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ എല്‍.പി.ജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെ.വൈ.സി അഥവാ മസ്റ്ററിംഗ്.
ഉപയോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഗ്യാസ് കണക്ഷന്‍ ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയും കയ്യില്‍ വേണം. ഒപ്പം ഗ്യാസ് കണക്ഷന്‍ രജിസ്റ്റര്‍ ചെയ്ത നമ്പറും. ഇത് വഴി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകള്‍ തടയാനുമാണ് ലക്ഷ്യമിടുന്നത്.
ഓണ്‍ലൈനായും വിതരണ കമ്പനികളുടെ ഓഫീസുകളില്‍ നേരിട്ടെത്തിയും നടപടി പൂര്‍ത്തിയാക്കാം. കണക്ഷന്‍ ഉടമക്ക് നേരിട്ട് ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതേ റേഷന്‍ കാര്‍ഡിലുള്‍പ്പെട്ട മറ്റൊരാള്‍ക്ക് മസ്റ്ററിംഗ് ചെയ്യാനുള്ള സൗകര്യം ലഭിക്കും.
Related Articles
Next Story
Videos
Share it