30,000 ഇ.വി നിര്‍മിക്കാന്‍ 3 ജീവനക്കാര്‍, കറന്റ് ബില്‍ വെറും 13,000 രൂപ! ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ തട്ടിപ്പ് കണ്ട് സെബിക്ക് ഞെട്ടല്‍

ഈ വര്‍ഷം ജനുവരി 28ന് ജെന്‍സോള്‍ ഒരു വാര്‍ത്തക്കുറിപ്പ് ഇറക്കിയിരുന്നു. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ല്‍ വച്ച് 30,000 വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കാന്‍ തങ്ങള്‍ക്കു കരാര്‍ ലഭിച്ചുവെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം
ev plant
canva
Published on

കമ്പനിക്കായി സ്വരൂപിച്ച നിക്ഷേപം സ്വകാര്യ ആവശ്യങ്ങള്‍ക്കും മറ്റു കാര്യങ്ങള്‍ക്കുമായി ചെലവഴിച്ച ജെന്‍സോള്‍ എന്‍ജിനിയറിംഗിന്റെ (gensol engineering) പ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സെബി (Securities and Exchange Board of India) നടത്തിയ അന്വേഷണത്തില്‍ ജെന്‍സോള്‍ തട്ടിപ്പ് കരുതിയിരുന്നതിലും കൂടുതല്‍ ആഴത്തിലുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്.

ജെന്‍സോളിന്റെ വൈദ്യുത വാഹന നിര്‍മാണ പ്ലാന്റില്‍ സെബി നിയോഗിച്ചിരുന്ന അന്വേഷണസംഘം സന്ദര്‍ശനം നടത്തിയിരുന്നു. 30,000 വൈദ്യുത വാഹനങ്ങള്‍ക്ക് ഓര്‍ഡര്‍ കിട്ടിയിട്ടുണ്ടെന്ന അവകാശവുമായി പത്രസമ്മേളനം അടക്കം നടത്തിയ കമ്പനിയുടെ പ്ലാന്റില്‍ ആകെയുണ്ടായിരുന്നത് വെറും മൂന്ന് തൊഴിലാളികളായിരുന്നു.

പൂനെ ചക്കനിലെ ഈ പ്ലാന്റില്‍ ഇതുവരെ ഉത്പാദനം നടന്നിരുന്നതിന്റെ തെളിവുകളൊന്നും സംഘത്തിന് കണ്ടെത്താനായില്ല. 2024 ഡിസംബര്‍ വരെയുള്ള 12 മാസ കാലയളവില്‍ ആകെ അടച്ചിരിക്കുന്ന വൈദ്യുത ബില്‍ വെറും 1,57,037 രൂപയുടേത് മാത്രമായിരുന്നു.

ജെന്‍സോളിന്റെ തട്ടിപ്പ് ഇങ്ങനെ

ഈ വര്‍ഷം ജനുവരി 28ന് ജെന്‍സോള്‍ ഒരു വാര്‍ത്തക്കുറിപ്പ് ഇറക്കിയിരുന്നു. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ല്‍ വച്ച് 30,000 വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കാന്‍ തങ്ങള്‍ക്കു കരാര്‍ ലഭിച്ചുവെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. കമ്പനിയുടെ ഈ അവകാശവാദം കളവായിരുന്നുവെന്ന കണ്ടെത്തലും സെബി സംഘം കണ്ടെത്തിയിട്ടുണ്ട്.

2025 ജനുവരി 16ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമര്‍പ്പിച്ച മറ്റൊരു അറിയിപ്പില്‍ റെഫെക്‌സ് ഗ്രീന്‍ മൊബൈലിറ്റി ലിമിറ്റഡ് (Refex Green Mobility Ltd) എന്ന കമ്പനിയുമായി ഒരു കരാറില്‍ എത്തിയെന്ന് വിശദീകരിച്ചിരുന്നു. ഇതുപ്രകാരം 2,997 കാറുകള്‍ കൈമാറും. പകരം ജെന്‍സോളിന്റെ 315 കോടി രൂപയുടെ വായ്പബാധ്യത റെഫെക്‌സ് ഏറ്റെടുക്കും.

ഈ പ്രഖ്യാപനവും ജെന്‍സോള്‍ ഓഹരികള്‍ക്ക് ഉണര്‍വ് പകര്‍ന്നിരുന്നു. എന്നാല്‍ മാര്‍ച്ച് 28ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ കുറിപ്പില്‍ ഈ കരാര്‍ റദ്ദാക്കിയെന്നും അറിയിച്ചിട്ടുണ്ട്. ഓഹരി വില പെരുപ്പിച്ച് തങ്ങളുടെ കൈവശമിരുന്ന ഓഹരികള്‍ വിറ്റഴിക്കാന്‍ പ്രമോട്ടര്‍മാര്‍ ശ്രമിച്ചുവെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

ജഗ്ഗി സഹോദരന്മാര്‍ കുരുക്കില്‍

ജെന്‍സോള്‍ എന്‍ജിനിയറിംഗിന്റെയും അനുബന്ധ സ്ഥാപനമായ ബ്ലൂസ്മാര്‍ട്ടിന്റെയും പ്രമോട്ടര്‍മാര്‍ അന്‍മോള്‍ സിംഗ് ജഗ്ഗി (Anmol Singh Jaggi) പുനിത് സിംഗ് ജഗ്ഗി (Puneet Singh Jaggi) എന്നിവരാണ്. 2015ലാണ് കമ്പനി സ്ഥാപിതമാകുന്നത്. 2019 ഫെബ്രുവരി എട്ടിന് പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറി. സോളാര്‍ പ്ലാന്റുകളുടെ രൂപകല്പന, നിര്‍മാണം, ഇന്‍സ്റ്റാലേഷന്‍ എന്നിവയ്ക്കൊപ്പം ഇ.വി വാഹനങ്ങളുമായി ബന്ധപ്പെട്ട മേഖലയിലും ജെന്‍സോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരിമറികളുടെ പശ്ചാത്തലത്തില്‍ കമ്പനിക്കെതിരേ സമഗ്ര അന്വേഷണമാണ് നടക്കുന്നത്.

SEBI probe reveals Gensol Engineering's massive EV production scam with fake claims and financial misappropriation

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com