പുതിയ ബസുകള്‍ വാങ്ങാന്‍ പണമില്ല; പ്രായമായ ബസുകള്‍ക്ക് ആയുസ് നീട്ടി സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തുന്ന ''പ്രായമായ'' കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് ''ആയുസ്'' നീട്ടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദീര്‍ഘദൂര സര്‍വിസുകളുടെ ആയുസ് ഒന്‍പത് വര്‍ഷത്തില്‍ നിന്ന് 12 വര്‍ഷമാക്കാനാണ് തീരുമാനം.

ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനമനുസരിച്ച് 1989ലെ കേരള മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സിലെ റൂള്‍ 260എയിലെ സബ് റൂള്‍ (1)ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ തീയതി മുതല്‍ 12 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സ്റ്റേജ് ക്യാരേജ് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് സര്‍വിസ്, ലക്ഷ്വറി സര്‍വിസ്, സൂപ്പര്‍ ഡീലക്‌സ് സര്‍വിസ് അല്ലെങ്കില്‍ സൂപ്പര്‍ എക്‌സ്പ്രസ് സര്‍വിസ് എന്നിവയായി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

യാത്രക്കാരെ വലച്ചു

വോള്‍വോ മള്‍ട്ടി ആക്‌സില്‍, സ്‌കാനിയ ബസുകള്‍ ഉള്‍പ്പെടെ 1,695 സൂപ്പര്‍ക്ലാസ് ബസുകള്‍ ദീര്‍ഘദൂര സര്‍വിസ് നടത്തുന്നുണ്ട്. പുതിയ വിജ്ഞാപനത്തിലൂടെ 694 ബസുകള്‍ അധികമായി രണ്ട് വര്‍ഷത്തേക്ക് ഉപയോഗിക്കാം. പുതിയ ബസുകള്‍ വാങ്ങുന്നതിന് പണമില്ലാത്തതിനാല്‍ ദീര്‍ഘദൂര സര്‍വിസ് നടത്തുന്നവയുടെ കാലാവധി നേരത്തെ രണ്ടുതവണ കൂട്ടിയിരുന്നു. 2020ല്‍ അഞ്ചില്‍ നിന്ന് ഏഴ് വര്‍ഷമായും 2022ല്‍ ഏഴില്‍ നിന്ന് ഒമ്പത് വര്‍ഷവുമായി നീട്ടിയിരുന്നു.

കഴിഞ്ഞ ഓണത്തിന് ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന 17സ്‌കാനിയ ബസുകളില്‍ എട്ടും പെരുവഴിയിലായി. 170 ലോ ഫ്‌ളോര്‍ എ.സി ബസുകളില്‍ 40 എണ്ണവും വഴിയില്‍ കിതച്ചു. റിസര്‍വേഷന്‍ ചെയ്ത് യാത്ര ചെയ്യുന്ന യാത്രക്കാരാണ് ഇതോടെ പ്രതിസന്ധിയിലായത്.

കിഫ്ബി വായ്പയില്‍ തീരുമാനമായില്ല

ദീര്‍ഘദൂര സര്‍വിസുകള്‍ക്കായി പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വഴി 814 കോടി അനുവദിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ധനവകുപ്പില്‍ നിന്ന് നടപടിയായിട്ടില്ല. കിഫ്ബി വായ്പയില്‍ തീരുമാനമായാല്‍ തന്നെ നടപടിക്രമവും ടെന്‍ഡറുമൊക്കെ കഴിഞ്ഞ് ബസ് വരുമ്പോള്‍ ഇനിയും രണ്ട് വര്‍ഷമെടുക്കും. അതുവരെ ആയുസ് കൂട്ടിയ ബസ് ഓടിക്കാമെന്നാണ് തീരുമാനം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it