അനാവശ്യ കോളുകളും സന്ദേശങ്ങളും ഇനിയില്ല; നിരീക്ഷണത്തിന് എ.ഐ

ഫോണിലേക്ക് അനാവശ്യ കോളുകളും പണം തട്ടിപ്പ് മെസേജുകളുമൊക്കെ നിരന്തരം വരുന്നത് ശല്യമാകുന്നുണ്ടോ? എന്നാല്‍ ഇനി അതൊരു പ്രശ്നമാകില്ല, കോളുകളും സന്ദേശങ്ങളും വേര്‍തിരിക്കാന്‍ നിര്‍മിതബുദ്ധിയെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കൂട്ടുപിടിച്ചിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി).

മെയ് ഒന്നു മുതല്‍ എല്ലാ ടെലികോം സേവനകമ്പനികളും എ.ഐ സ്പാം ഫില്‍റ്ററുകള്‍ ഉപയോഗിക്കണമെന്ന് ട്രായി നിര്‍ദേശിച്ചിട്ടുണ്ട്. ടെലിഫോണ്‍ ഉടമകളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം. നിരവധി ആളുകള്‍ക്ക് കോളുകളിലൂടെയും എസ്.എം.എസുകളിലൂടെയും പണം നഷ്ടപ്പെട്ടതായും പരാതികളുണ്ട്. നിരന്തരം സ്പാം സന്ദേശങ്ങളും കോളുകളും ലഭിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് വലിയ ആശ്വാസമാകും.

കോളുകള്‍ ബ്ലോക്ക് ചെയ്യും

ഫോണുകളിലേക്ക് വരുന്ന അനാവശ്യ കോളുകളും സന്ദേശങ്ങളും കണ്ടെത്തി ബ്ലോക്ക് ചെയ്യാന്‍ ഐ.ഐ ഫില്‍റ്ററുകള്‍ക്ക് സാധിക്കും. നിലവില്‍ DND(ഡു നോട്ട് ഡിസ്റ്റര്‍ബ്)സൗകര്യം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇത്തരം കോളുകളും മെസേജുകളും ഒഴിവാക്കാവുന്നതാണെങ്കിലും എല്ലാ സമയത്തും ഇത് ഫലപ്രദമാകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

പത്ത് അക്ക നമ്പറുകള്‍ പാടില്ല

ഇതുകൂടാതെ 10 അക്ക നമ്പറുകളില്‍ നിന്നുള്ള പരസ്യ കോളുകള്‍ നിര്‍ത്തലാക്കാനും ട്രായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമുള്ളവ എന്നു തോന്നിപ്പിക്കുന്ന ഇത്തരം കോളുകളില്‍ ഭൂരിഭാഗവും അനാവശ്യ-തട്ടിപ്പു കോളുകളാകാറുണ്ട്. വിവിധ ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് അനാവശ്യ കോളുകള്‍ കണ്ടെത്താനും തടയാനും എ.ഐ ഫില്‍റ്ററുകള്‍ക്ക് സാധിക്കും.

വിളിക്കുന്നവരുടെ പേരും ഫോട്ടോയും കാണിക്കുന്ന കോളര്‍ ഐ.ഡി സംവിധാനം നടപ്പിലാക്കാന്‍ ട്രായി ആലോചിച്ചിരുന്നെങ്കിലും സ്വകാര്യത പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ടെലികോം കമ്പനികള്‍ ഇതിന് സമ്മതിച്ചിട്ടില്ല.

Related Articles
Next Story
Videos
Share it