Begin typing your search above and press return to search.
മത്സ്യബന്ധന സബ്‌സിഡി ഉപേക്ഷിക്കാന്‍ ഇന്ത്യ ആലോചിക്കുന്നില്ലെന്ന് കേന്ദ്രം
ലോക വ്യാപാര സംഘടനയുടെ (WTO) തീരുമാനം മുന്‍നിര്‍ത്തി ഇന്ത്യ മത്സ്യബന്ധന സബ്‌സിഡി കുറയ്ക്കില്ലെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലെ. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മത്സ്യബന്ധന മേഖലയില്‍ സബ്സിഡികള്‍ നല്‍കുന്നത് രണ്ട് വര്‍ഷം കഴിഞ്ഞാല്‍ അവസാനിപ്പിക്കണം എന്ന ഡബ്ല്യുടിഒയുടെ കരാറില്‍ ഇന്ത്യ ഒപ്പിട്ടിരുന്നു.
ജൂണിൽ ജനീവയില്‍ വെച്ച് നടന്ന യോഗത്തിലാണ് മത്സ്യ ബന്ധന സബ്‌സിഡികള്‍ നിര്‍ത്തലാക്കാം എന്ന നിര്‍ണായക തീരുമാനം ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനം കൈക്കൊണ്ടത്. ഡബ്ല്യൂടിഒയുടെ കരാര്‍ പ്രകാരം 200 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ മത്സ്യബന്ധനത്തിന് പോവുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് കൂടി മാത്രമേ സബ്സിഡി ലഭിക്കു. സബ്സിഡി 25 വര്‍ഷത്തേക്ക് കൂടി തുടരണമെന്ന് ഇന്ത്യ നിലപാട് എടുത്തിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല.
ഇന്ത്യയില്‍ വ്യാവസായികമായി വലിയ തോതിലുള്ള മത്സ്യ ബന്ധനം നടക്കുന്നില്ലെന്നും വന്‍കിട കമ്പനികള്‍ ഈ രംഗത്ത് ഇല്ലെന്നും മന്ത്രി പറഞ്ഞു. നിലവില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ (വള്ളം, വല, എഞ്ചിന്‍), മണ്ണണ്ണ തുടങ്ങിയവയ്ക്കാണ് ഇന്ത്യയില്‍ സബ്സിഡി നല്‍കുന്നത്. സബ്‌സിഡി നിര്‍ത്തലാക്കണമെന്ന ഡബ്ല്യൂടിഒ തീരുമാനത്തിനെതിരെ രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രം ഇത്തരം ഒരു നിലപാട് സ്വീകരിച്ചത്.
ചൈന, നോര്‍വെ, വിയറ്റ്നാം, യുഎസ്, ഇന്ത്യ എന്നിവയാണ് മത്സ്യ കയറ്റുമതിയില്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. മത്സ്യ സബ്സിഡി ഇനത്തില്‍ ഏറ്റവും അധികം തുക ചെലവഴിക്കുന്നതും കയറ്റുമതിയില്‍ മുന്നിലുള്ള ചൈനയാണ്. (7.3 ബില്യണ്‍ ഡോളര്‍). യുറോപ്യന്‍ യൂണിയന്‍ (3.8 ബില്യണ്‍), യുഎസ് 93.4 ബില്യണ്‍) എന്നിവരാണ് ചൈനയ്ക്ക് പിന്നില്‍. അതേ സമയം 2018ലെ കണക്ക് അനുസരിച്ച് വെറും 277 മില്യണ്‍ ഡോളര്‍ മാത്രമാണ് ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ത്യ അനുവദിച്ച സബ്സിഡി. നിയമ വിരുദ്ധവും അനിയന്ത്രിതവുമായ മീന്‍പിടുത്തം തടഞ്ഞ് മത്സ്യ സമ്പത്ത് സംരക്ഷിക്കുകയാണ് സബ്സിഡികള്‍ അവസാനിപ്പിക്കുന്നതിലൂടെ ഡബ്ല്യൂടിഒ ലക്ഷ്യമിടുന്നത്.
Next Story
Videos